ബംഗ്ലാദേശിലെ ധാക്കയിൽ സ്ഫോടനം; ഏഴു മരണം; 70 പേർക്ക് പരിക്ക്

Advertisement

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ ഏഴുപേർ മരിച്ചു. 70ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് 4.30ന് ധാക്കയിലെ തിരക്കേറിയ മാർക്കറ്റിലെ ഒരു കെട്ടിടത്തിലാണ് സ്ഫോടനം നടന്നതെന്ന് വാർത്ത ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

രക്ഷാപ്രവർത്തനം തുടരുകയാണ്. പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഇനിയും ഉയരാമെന്നും സ്ഫോടനത്തിനു പിന്നിലെ കാരണം വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു. അഗ്നിശമന സേനയുടെ അഞ്ചു യൂണിറ്റുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.

പരിക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഒന്നിലധികം നിലകളുള്ള കെട്ടിടത്തിൽ നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സ്ഫോടനത്തിനു പിന്നാലെ കെട്ടിടത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു. റോഡിനരികിൽ നിർത്തിയിട്ടിരുന്ന ഒരു ബസും സ്ഫോടനത്തിൽ തകർന്നു.

Advertisement