കാമുകിയുടെ നിലപാടുമായി യോജിച്ച് പോകാൻ കഴിയില്ല; വിവാഹത്തിൽ നിന്ന് പിന്മാറി റൂപർട്ട് മർഡോക്

Advertisement

ഇക്കഴിഞ്ഞ മാസമാണ് മാധ്യമവ്യവസായി റൂപർട്ട് മർഡോക് തൊണ്ണൂറ്റി രാണ്ടാമത്തെ വയസ്സിൽ അഞ്ചാം വിവാഹത്തിനൊരുങ്ങുന്നു എന്ന വാർത്ത പുറത്തു വന്നത്. പിന്നാലെ അറുപത്തിയാറുകാരിയായ ആൻ ലെസ്ലി സ്മിത്തുമായി വിവാഹ നിശ്ചയവും നടന്നു. എന്നാൽ മർഡോക് വിവാഹത്തിൽ നിന്ന് പിന്മാറിയിരിക്കുകയാണിപ്പോൾ. കാമുകിയുടെ തീവ്ര മതനിലപാടുകളാണ് വിവാഹത്തിൽ നിന്ന് പിന്മാറാൻ കാരണമെന്നാണ് റിപ്പോ‌ർട്ടുകൾ.

‘ഞാൻ വളരെയധികം പരിഭ്രാന്തനായിരുന്നു. പ്രണയത്തിലാകാൻ ഞാൻ ഭയപ്പെട്ടിരുന്നു, പക്ഷേ ഇത് എന്റെ അവസാനത്തേതായിരിക്കും. അതായിരിക്കും നല്ലത്. ഞാൻ സന്തോഷവാനാണ് ‘ – ലെസ്ലിയുമായുള്ള വിവാഹ നിശ്ചയത്തിന് പിന്നാലെ മർഡോക് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് നാലാം ഭാര്യ ജെറി ഹാളുമായി മര്‍ഡോക്ക് വേര്‍പിരിഞ്ഞത്. എയര്‍ ഹോസ്റ്റസായിരുന്ന പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്റെ ആദ്യ ഭാര്യ. 1966-ല്‍ ഇരുവരും പിരിഞ്ഞു. ഇതില്‍ ഒരു മകളുണ്ട്. പിന്നീട് സ്‌കോട്ടിഷ് പത്രപ്രവര്‍ത്തക അന്ന മാനെ വിവാഹം ചെയ്തു. 1999-ല്‍ ഈ ബന്ധവും പിരിഞ്ഞു. ഇതില്‍ മൂന്നു മക്കളുണ്ട്. ബിസിനസ് രംഗത്ത് നിന്നുള്ള വെന്‍ഡി ഡാങ്ങാണ് മൂന്നാം ഭാര്യ. ഈ ബന്ധം 2014ൽ അവസാനിപ്പിച്ചു.

ഗായികയും റേഡിയോ ആങ്കറുമായുള്ള ലെസ്ലി സ്മിത്ത് നേരത്തെ ചെസ്റ്റർ സ്മിത്തിനെ വിവാഹം ചെയ്തിരുന്നു. 2008ൽ ഇദ്ദേഹം മരിച്ചു.