അമ്മയാകുന്നത് മാറ്റി വെക്കരുത്; ഭാരിച്ച ചുമതലകൾക്കിടയിലും ഞാനൊരു നല്ല അമ്മയായിരുന്നു -മാതൃത്വത്തെ കുറിച്ച് ജസീന്ത ആർഡേൻ

Advertisement

വെല്ലിങ്ടൺ: പ്രധാനമന്ത്രിയെന്ന ഭാരിച്ച ചുമതലകൾക്കിടയിലും എല്ലാ പരിമിതികൾക്കിടയിലും താൻ നല്ലൊരു അമ്മയായിരുന്നുവെന്ന് ന്യൂസിലൻഡ് ​മുൻ പ്രധാനമന്ത്രി ജസീന്ത ആർഡേൻ. നിങ്ങൾക്കും അങ്ങനെയാകാൻ സാധിക്കുമെന്നും വലിയ പദവികൾ ഉണ്ടെന്നു കരുതി അമ്മയാകുന്നത് മാറ്റിവെക്കേണ്ടതില്ലെന്നും 42കാരിയായ ജസീന്ത പാർലമെന്റിൽ സംസാരിക്കവെ പറഞ്ഞു.

ഏറെ അപ്രതീക്ഷിതമായി ഇക്കഴിഞ്ഞ ജനുവരിയിൽ ജസീന്ത ആർഡേൻ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് രാജി​ പ്രഖ്യാപിച്ചത് എല്ലാവരും ഞെട്ടലോടെയാണ് കേട്ടത്. അഞ്ചുവർഷം പ്രധാനമന്ത്രിപദത്തിലിരുന്നപ്പോൾ, ഒരു ക്രൈസിസ് മാനേജരെ പോലെയാണ് രാജ്യം നേരിട്ട വെല്ലുവിളികൾ അതിജീവിച്ചതെന്നും അവർ ഓർമിച്ചു. 2019ലെ ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണമായിരുന്നു ജസീന്ത അധികാലത്തിലിരിക്കെ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി. രാജ്യം ശിഥിലമായിപ്പോകുമായിരുന്ന അവസ്ഥയിൽ നിന്ന് ജനങ്ങളെ ചേർത്തുപിടിച്ച് ജസീന്ത ആ പ്രതിസന്ധി അതിജീവിച്ചു. അതിനു പിന്നാലെ കോവിഡും വരിഞ്ഞുമുറുക്കി. പ്രതിസന്ധികൾ സമചിത്തതയോടെ നേരിട്ട ജസീന്തയെ ലോകം ആരാധനയോടെയാണ് കണ്ടത്.

2018ലാണ് ജസീന്ത മകൾക്ക് ജൻമം നൽകിയത്. 37ാം വയസിൽ ഗർഭിണിയാകാൻ സ്ട്രെസ് അടക്കം ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് അറിഞ്ഞത്.

ലേബർ പാർട്ടി നേതാവായപ്പോഴാണ് ഐ.വി.എഫ് ചികിത്സ പരാജയപ്പെട്ടത്. ഒരിക്കലും അമ്മയാകാൻ കഴിയില്ലെന്നാണ് കരുതിയത്. കുറച്ചു മാസങ്ങൾക്കു ശേഷം ഗർഭിണിയാണെന്നറിഞ്ഞപ്പോൾ വലിയ അദ്ഭുതമായിരുന്നെന്നും അവർ പറഞ്ഞു.

Advertisement