ചന്ദ്രനിലേക്ക് ഏറ്റവും വലിയ റോവർ ഒരുങ്ങുന്നു! 2026ൽ വിക്ഷേപിക്കും

Advertisement

ചന്ദ്രനിലേക്ക് ഇതുവരെ പോയിട്ടുള്ളതിൽവച്ച് ഏറ്റവും വലുപ്പമുള്ള റോവർ അണിയറയിൽ ഒരുങ്ങുന്നു. വെഞ്ചുറി ആസ്ട്രോലാബ് എന്ന ബഹിരാകാശ കമ്പനി ഒരുക്കുന്ന ഫ്ലെക്സിബിൾ ലോജിസ്റ്റിക്സ് ആൻഡ് എക്സ്പ്ലൊറേഷൻ (ഫ്ലെക്സ്) റോവറാണ് സംഭവം. 2026ൽ ഇതു വിക്ഷേപിക്കും. സ്പേസ് എക്സ് കമ്പനിയുടെ നിർമാണത്തിലിരിക്കുന്ന വമ്പൻ റോക്കറ്റായ സ്റ്റാർഷിപ്പിലേറ്റിയാകും റോവറിനെ ചന്ദ്രനിലെത്തിക്കുക. നിർമാണം പൂർത്തീകരിച്ചാൽ ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റായിരിക്കും സ്റ്റാർഷിപ്.

രണ്ട് ടണ്ണിലധികമാണ് ഫ്ലെക്സ് റോവറിന്റെ ഭാരം. ഇത്രയും വലുപ്പവും ഭാരവുമുള്ളതിനാൽ ഒട്ടേറെ ശാസ്ത്രീയമായ പരീക്ഷണങ്ങൾ ഈ റോവറിന് ചന്ദ്രനിൽ ചെയ്യാൻ സാധിക്കും. ഇതുവരെ ചന്ദ്രനിലേക്ക് അയച്ച റോവറുകളെല്ലാം തന്നെ ഏതെങ്കിലും തരത്തിൽ ഒരു ദൗത്യവുമായാണ് അവിടെ പോയത്. എന്നാൽ ഫ്ലെക്സ് ഇങ്ങനെ ഒറ്റകാര്യത്തിൽ ഫോക്കസ് ചെയ്തു പോകുന്ന റോവർ അല്ല. വ്യത്യസ്തങ്ങളായ ഒട്ടേറെ ദൗത്യങ്ങളും ലക്ഷ്യങ്ങളും ഈ റോവറിൽ നിക്ഷിപ്തമാണ്. വലിയ മൂല്യമുള്ള പരീക്ഷണങ്ങൾ ചന്ദ്രനിൽ നടത്തുന്നതു മുതൽ സാങ്കേതികവിദ്യാപ്രദർശനം വരെ ഇതിന്റെ അജൻഡയിലുണ്ട്. ഭാവിയിൽ ചന്ദ്രനിലേക്ക് ചെല്ലുന്ന എല്ലാ മനുഷ്യദൗത്യങ്ങൾക്കും ഫ്ലെക്സ് റോവർ സഹായിയായി പ്രവർത്തിക്കും.

1500 കിലോ വരെ ഭാരം വഹിക്കാനും ഈ റോവറിനു ശേഷിയുണ്ട്. ലഗേജുകൾ വഹിക്കുന്നതു കൂടാതെ വൈദ്യുതി, ഡേറ്റ തുടങ്ങിയ ഒട്ടേറെ സേവനങ്ങളും യാത്രികർക്കായി നൽകാൻ റോവറിനു കഴിയും. ഇതുവരെ മൂന്ന് രാജ്യങ്ങളാണ് ചന്ദ്രോപരിതലത്തിൽ റോവറുകൾ എത്തിച്ചത്. യുഎസും റഷ്യയും ചൈനയുമാണ് ഇവർ. 1969ൽ ലൂണ 17 എന്ന ബഹിരാകാശപേടകത്തിലേറ്റി ചന്ദ്രനിലെത്തിച്ച ലൂണോഖോഡ് 1 എന്ന റോവറാണ് ചന്ദ്രനിലെത്തിയ ആദ്യ റോവർ. ചന്ദ്രനിലെ സീ ഓഫ് റെയിൻസ് എന്ന മേഖലയിലാണ് ഈ റോവർ ഇറങ്ങിയത്.

അപ്പോളോ 15,16,17 ദൗത്യങ്ങൾക്കായി 1971–1972 കാലയളവിൽ ലൂണാർ റോവിങ് വെഹിക്കിൾ എന്ന 4 വീലുള്ള റോവർ അമേരിക്ക ചന്ദ്രനിലിറക്കി. 2 യാത്രികരെ വഹിക്കാൻ കഴിവുള്ളതായിരുന്നു ഇത്. ചൈനയുടെ യുട്ടു റോവർ അവരുടെ ചാങ്ങി 3 ദൗത്യത്തിന്റെ ഭാഗമായാണ് ചന്ദ്രനിലിറങ്ങിയത്. ചൈനയുടെ ആദ്യ ചാന്ദ്ര റോവറാണ് ഇത് 2016ൽ ഈ റോവർ പ്രവർത്തനം നിർത്തി.