പ്രേതബാധയെന്ന് സംശയം; ആറ് വയസുള്ള മകനെ മറ്റൊരു സ്ത്രീക്ക് വിറ്റ് അമ്മ

Advertisement

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ ആറ് വയസുള്ള കുട്ടിയെ കാണില്ല എന്ന വാര്‍ത്ത പുറത്തുവന്നത് കഴിഞ്ഞ മാസമാണ്. എന്നാല്‍ പിന്നീട്, അവന്റെ അമ്മയായ സിൻഡി റോഡ്രിഗസ്-സിങ് അവനെ സൂപ്പർ മാർക്കറ്റിൽ വച്ച് മറ്റൊരു സ്ത്രീക്ക് വിൽക്കുകയായിരുന്നുവെന്ന് കണ്ടെത്തി.

കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന് ആരോപിച്ചാണ് അമ്മ മകനെ മറ്റൊരു സ്ത്രീക്ക് വിറ്റത്. സ്ത്രീക്ക് അടുത്തിടെ രണ്ട് ഇരട്ടക്കുട്ടികൾ പിറന്നിരുന്നു. ആറ് വയസുകാരനെ പ്രേതബാധ പിടികൂടിയിരിക്കുകയാണ് എന്നും അവൻ ഈ ഇരട്ടക്കുട്ടികളെ ഉപദ്രവിക്കും എന്നുമായിരുന്നു അമ്മ വിശ്വസിച്ചിരുന്നത്.

കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുമ്പോഴെല്ലാം കുട്ടി അവന്റെ അച്ഛന്റെ കൂടെയാണ് എന്നാണ് താൻ വിശ്വസിച്ചിരുന്നത് എന്നാണ് സ്ത്രീ പൊലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം സിൻഡിയുടെ ബന്ധു തന്നെയാണ് കുട്ടിയെ വിറ്റു എന്ന വിവരം അറിയിച്ചത്.

വില്‍ക്കുക മാത്രമല്ല, അതിന് മുന്‍പ് കുട്ടിയെ നിരന്തരമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും പല ദിവസങ്ങളിലും വെള്ളവും ഭക്ഷണവും നിഷേധിക്കുകയും ചെയ്തിരുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റാൻ പോലും സിൻഡി താല്പര്യപ്പെട്ടിരുന്നില്ല. ഭക്ഷണം വസ്ത്രത്തിൽ ആവുന്നതിനാലാണ് കുട്ടിക്ക് ഭക്ഷണം തന്നെ നിഷേധിച്ചിരുന്നത്.

കുട്ടി അമ്മയുടേയും രണ്ടാനച്ഛന്റേയും കൂടെയാണ് കഴിഞ്ഞിരുന്നത്. 2022 ഒക്ടോബറിലാണ് അവസാനമായി കുഞ്ഞിനെ ഇവർക്കൊപ്പം കണ്ടത്. എന്നാൽ, കുട്ടിയെ കാണാതായതായി കുടുംബം പരാതി നൽകുന്നത് ഈ വർഷം മാർച്ചിൽ മാത്രമാണ്. പരാതി നൽകിയതിന് പിന്നാലെ സിൻഡിയും രണ്ടാം ഭർത്താവും കുട്ടികൾക്കൊപ്പം ഇന്ത്യയിലേക്ക് കടന്നു. അവർ ഇപ്പോഴും ഇന്ത്യയിൽ തന്നെയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുവരെയും കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്.