‘ബേട്ടാ’ എന്ന ഇന്ത്യൻ പദത്തെ പരിഹസിച്ച് അമേരിക്കൻ വനിത; ഈ നാടകത്തിന്റെ ആവശ്യമില്ലെന്നു സോഷ്യൽ മീഡിയ

Advertisement

‘ബേട്ടാ’ എന്ന ഇന്ത്യ വാക്കിനെ പരിഹസിച്ചു കൊണ്ടുള്ള അമേരിക്കൻ യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളി‍ൽ ചർച്ചയാകുന്നു. ഒരു ഇന്ത്യൻ കുടുംബത്തിൽ ജോലിക്കാരിയായി നിന്നപ്പോഴുള്ള അനുഭവമാണ് സ്ത്രീ പങ്കുവയ്ക്കുന്നത്. ഈ പദം ഇന്ത്യക്കാർ സ്നേഹത്തോടെ ആളുകളെ വിളിക്കുന്നതാണെന്ന് തനിക്ക് മനസ്സിലായില്ലെന്നും ഗ്രീക്ക് അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരമാണെന്നാണ് ആദ്യം കരുതിയതെന്നും സ്ത്രീ പറയുന്നുണ്ട്.

ഷിക്കാഗോയില്‍ സ്ഥിരതാമസമാക്കിയ അനിപ് പട്ടേല്‍ എന്ന വ്യക്തിയാണ് വിഡിയോ പങ്കുവച്ചത്. ഒരു വർഷത്തോളം അമേരിക്കയിലെ ഇന്ത്യൻ കുടുംബത്തിൽ ജോലിക്കാരിയായിരുന്ന സ്ത്രീയാണ് ബേട്ടാ എന്ന പദത്തെ കുറിച്ചു പറയുന്നത്. ഓരോതവണ ആ പദം കേൾക്കുമ്പോഴും അവരെന്താണ് പറയുന്നതെന്ന് തനിക്കു മനസ്സിലായിരുന്നില്ലെന്നും യുവതി വിഡിയോയിൽ പറയുന്നുണ്ട്. ‘കുട്ടികളെ വഴക്കു പറയുകയാണെന്നാണ് ആദ്യം വിചാരിച്ചത്. പിന്നീട് ബീറ്റ ഇതാണെങ്കില്‍ ആൽഫ എവിടെയാണെന്നു ഞാൻ ചിന്തിച്ചു. ഒടുവിൽ കുട്ടിയുടെ അമ്മയോട് തന്നെ എന്താണ് അർഥം എന്നു ചോദിച്ചു മനസ്സിലാക്കി. അപ്പോഴാണ് ബീറ്റ അല്ല. ബേട്ടാ എന്നാണ് വിളിക്കുന്നതെന്ന് അവർ പറഞ്ഞത്. ’– സ്ത്രീ വിഡിയോയിൽ പറയുന്നു.

ഇൻസ്റ്റഗ്രാമിൽ എത്തിയതോടെ നിരവധിപേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ‘ഒരു പ്രാദേശിക ഭാഷയെയും ഇങ്ങനെ പരിഹസിക്കരുത്. നിങ്ങൾക്ക് അറിയാത്ത ഭാഷകൾ എല്ലാം മോശമാണെന്നു കരുതരുത്. പരിഹാസം ആദ്യം നിർത്തണം.’– എന്നാണ് വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘ഇത്രയും നാടകീയമായി ആ പദത്തെ മനസ്സിലാക്കുന്നതിനു പകരം നിങ്ങൾ ഗൂഗിൾ ചെയ്താൽ കാര്യം മനസ്സിലാകുമായിരുന്നു.’– എന്നരീതിയിലും കമന്റുകൾ എത്തി.

Advertisement