ലണ്ടൻ: അടുത്ത 10 വർഷത്തിനുള്ളിൽ കോവിഡുപോലെ മാരകമായ മറ്റൊരു മഹാമാരികൂടി സംഭവിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ. 27.5 ശതമാനമാണ് മറ്റൊരു മഹാമാരികൂടി സംഭവിക്കാനുള്ള സാധ്യതയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. തുടർച്ചയായി വൈറസുകൾ ഉത്ഭവിക്കുന്നത് മൂലം പുതിയ തരം രോഗകാരികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം.
കാലാവസ്ഥാ വ്യതിയാനം, രാജ്യാന്തര യാത്രകളുടെ വർധനവ്, ജനസംഖ്യാ വർധനവ്, ജന്തുക്കളിൽ നിന്ന് പകരുന്ന അസുഖങ്ങളുടെ ഭീഷണി എന്നിവയെല്ലാം മഹാമാരിയുടെ സാധ്യത വർധിപ്പിക്കുന്നതാണെന്ന് ലണ്ടൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ആരോഗ്യ ഗവേഷണ സ്ഥാപനം എയർഫിനിറ്റി ലിമിറ്റഡ് വ്യക്തമാക്കി.
എന്നാൽ പുതിയ രോഗകാരിയെ കണ്ടെത്തി 100 ദിവസത്തിനുള്ളിൽ ഫലപ്രദമായ പ്രതിരോധ മരുന്ന് കണ്ടെത്താനായാൽ മഹാമാരി വ്യാപിക്കാനുള്ള സാധ്യത 8.1 ശതമാനമായി കുറയുമെന്ന് സ്ഥാപനം നടത്തിയ അവലോകനത്തിൽ പറയുന്നു.
പക്ഷിപ്പനിയുടെതുപോലുള്ള വൈറസുകൾക്ക് വകഭേദം സംഭവിച്ച് അത് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുകയാണെങ്കിൽ അതുമൂലം യു.കെയിൽ മാത്രം ഒരു ദിവസം 15,000 പേരുടെയെങ്കിലും മരണത്തിനിടയാക്കുമെന്നാണ് സ്ഥാപനം ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ രണ്ട് ദശകങ്ങളായി മൂന്ന് പ്രധാന കൊറോണ വൈറസുകളെയാണ് നാം കണ്ടത്. സാർസ്, മെർസ്, കോവിഡ് 19 എന്നിവ. കൂടാതെ, 2019ൽ പന്നിപ്പനിയും ഉണ്ടായിരുന്നു.
നിലവിൽ പക്ഷിപ്പനി വ്യാപകമാകുന്നത് ആശങ്കയുണർത്തുന്നതാണ്. ഇതുവരെ വളരെ കുറച്ച് പേർക്ക് മാത്രമാണ് പക്ഷിപ്പനി ബാധിച്ചിട്ടുള്ളത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതിന്റെ ലക്ഷണങ്ങളൊന്നും ഇതുവരെ കാണിച്ചിട്ടുമില്ല. എങ്കിലും പക്ഷികളിൽ കുതിച്ചുയരുന്ന രോഗ നിരക്കും രോഗം സസ്തനികളിലേക്ക് കൂടെ പകരുന്നതും ശാസ്ത്രജ്ഞരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന തരത്തിൽ ഈവൈറസിന് വകഭേദം സംഭവിച്ചേക്കാമെന്നതാണ് ആശങ്കയുളവാക്കുന്നത്.
മെർസ്, സിക്ക പോലുള്ള അത്യധികം അപകടകരമായ രോഗകാരികൾക്ക് ഇതുവരെ വാക്സിനുകളോ ചികിത്സയോ കണ്ടെത്തിയിട്ടില്ല. നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് മഹാമാരിയെ സമയത്തു തന്നെ കണ്ടെത്താൻ സാധിക്കുകയില്ല. അതിനാൽ എപ്പോഴും മഹാമാരിയുടെ സാധ്യത കണ്ട് തയാറെടുപ്പുകൾ നടത്തേണ്ടതുണ്ടെന്ന് എയർഫിനിറ്റി അറിയിച്ചു.