ചൈനയിൽ പക്ഷിപ്പനി മൂലമുള്ള ആദ്യ മരണം; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Advertisement

ചൈനയിൽ എച്ച്3എൻ8 പക്ഷിപ്പനി മനുഷ്യരിലേക്ക് പടർന്നതിനെ തുടർന്ന് മനുഷ്യരിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലെ 56കാരിയാണ് വൈറസ് ബാധയെ തുടർന്ന് മരണപ്പെട്ടത്. എച്ച്3എൻ8 ബാധിക്കപ്പെട്ട ചൈനയിലെ മൂന്നുപേരിൽ ഒരാളാണ് മരണപ്പെട്ട സ്ത്രീ.

മാർച്ച് മൂന്നിന് കടുത്ത ന്യുമോണിയയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി മാർച്ച് 16നാണ് മരണമടഞ്ഞത്. രോഗിയുടെ വീട്ടിൽ നിന്നും ഇവർ സന്ദർശിച്ച ചന്തയിൽ നിന്നും പരിസ്ഥിതി സാംപിളുകൾ എടുത്തെന്നും ഇവയെല്ലാം പോസിറ്റീവ് ആണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. മരണപ്പെട്ട രോഗിക്ക് മറ്റ് രോഗാവസ്ഥകൾ കൂടിയുണ്ടായിരുന്നതായി ഡബ്യുഎച്ച്ഒ വൃത്തങ്ങൾ പറയുന്നു. കോഴി ഉൾപ്പെടെ വളർത്ത് പക്ഷികളുമായും ഇവർക്ക് നിരന്തര സമ്പർക്കം ഉണ്ടായിരുന്നു. എന്നാൽ രോഗിയുമായി അടുത്ത് ഇടപഴകിയ ആർക്കും ഇതു വരെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.

വനത്തിലെ പക്ഷികളിൽ 1960കളിലാണ് ആദ്യമായി എച്ച് 3 എൻ8 വൈറസ് കണ്ടെത്തുന്നത്. മറ്റ് മൃഗങ്ങളിലും ഇതിൻറെ സാന്നിധ്യമുണ്ടായിരുന്നു. ജീവിച്ചിരിക്കുന്നതോ ചത്തതോ ആയ കോഴികളുമായുള്ള ഇടപെടൽ വഴിയോ വൈറസ് പരന്ന പരിസ്ഥിതികളുമായുള്ള നിരന്തര സമ്പർക്കം മൂലമോ ആണ് വൈറസ് പകരുന്നത്. ന്യുമോണിയ ഉൾപ്പെടെയുള്ള കടുത്ത ശ്വാസകോശ പ്രശ്നങ്ങൾക്ക് ഈ വൈറസ് കാരണമാകാം. ഇതുവരെ ഒരു മനുഷ്യനിൽ നിന്ന് അടുത്ത മനുഷ്യനിലേക്ക് വൈറസ് പകർന്നതായി റിപ്പോർട്ടുകളില്ല.

കോഴികൾ ഉൾപ്പെടെയുള്ള പക്ഷികൾ, കോഴി ഫാം തുടങ്ങിയവയുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്നു. കൈകളുടെ ശുചിത്വം, നിരന്തരമായുള്ള സാനിറ്റൈസേഷൻ, അപകടസാധ്യതയുള്ള പരിസ്ഥികളിൽ ശ്വസന സംരക്ഷണ ഉപാധികളുടെ ഉപയോഗം എന്നിവയും ഡബ്യുഎച്ച്ഒ മാർഗരേഖയിൽ നിർദ്ദേശിക്കുന്നു. രോഗസാധ്യതയുള്ള രാജ്യങ്ങളിലേക്കുള്ള സഞ്ചാരവും ലോകാരോഗ്യ സംഘടന വിലക്കുന്നുണ്ട്.

Advertisement