എട്ടു വർഷം കൊണ്ട് മനുഷ്യൻ അമരത്വം നേടുമെന്ന് പ്രവചിച്ച് മുൻ ഗൂഗിൾ എൻജിനീയർ. ദിവസങ്ങൾക്ക് മുൻപ് നടത്തിയ ഈ പ്രവചനം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.
ഈ പ്രവചനം നടത്തിയ റേ കർസ്‌വെയിൽ അത്ര നിസാരക്കാരനുമല്ല. നേരത്തേ നടത്തിയ അദ്ദേഹത്തിന്റെ 147 പ്രവചനങ്ങളിൽ 86 ശതമാനവും കൃത്യമായി സംഭവിച്ചിരുന്നു. ജനറ്റിക്‌സ്, നാനോ സാങ്കേതികവിദ്യ, റോബോട്ടിക്‌സ് എന്നീ ശാസ്ത്രമേഖലയുടെ വളർച്ചയുടെ ഫലമായി പ്രായമാകുന്നത് തടയാനും പ്രായം കുറയ്ക്കാനും വേണ്ട നാനോബോട്ടുകളെ കണ്ടെത്തുമെന്നാണ് യൂട്യൂബ് ചാനലായ അഡാഗിയോവിനോട് റേ പറഞ്ഞത്.
2030 ആകുമ്പോഴേക്കും ഈ നേട്ടത്തിലേക്ക് നമ്മളെത്തുമെന്നും അർബുദം പോലുള്ള രോഗങ്ങളെ ഫലപ്രദമായി തടയാൻ ഈ സാങ്കേതികവിദ്യകൾ കൊണ്ട് സാധിക്കുമെന്നും അദ്ദേഹം പ്രവചിക്കുന്നു. 2012ലാണ് റേ കർസ്‌വെയിൽ ഗൂഗിളിൽ എൻജിനീയറായി ചേരുന്നത്. അതിനും ഏറെ മുൻപ് തന്നെ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ പ്രവചനങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.
2000 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച ചെസ് താരം ഒരു കംപ്യൂട്ടറാവുമെന്ന് റേ 1997ൽ തന്നെ പ്രവചിച്ചിരുന്നു. ഇത് 1997ൽ ഡീപ്പ് ബ്ലൂ എന്ന സൂപ്പർ കംപ്യൂട്ടർ ഗാരി കാസ്പറോവിനെ തോൽപിച്ചതോടെ സത്യമായി. 2023 ആകുമ്പോഴേക്കും ആയിരം ഡോളർ വില വരുന്ന കംപ്യൂട്ടറിന് മനുഷ്യ മസ്തിഷ്‌കത്തേക്കാളും ശേഷിയും വിവരങ്ങൾ ശേഖരിക്കാനുള്ള കഴിവുമുണ്ടാവുമെന്നും റേ 1999ൽ പ്രവചിച്ചിരുന്നു. ഇപ്പോഴിതാ 2030 ആകുമ്പോഴേക്കും മനുഷ്യൻ മരണത്തെ തോൽപിക്കുമെന്ന് അദ്ദേഹം പ്രവചിച്ചിരിക്കുന്നു.
എട്ടു വർഷത്തിനുള്ളിൽ മനുഷ്യന്റെ ബുദ്ധി ശക്തിയേയും മറികടന്ന് നിർമിത ബുദ്ധിയും കംപ്യൂട്ടറുകളും മുന്നോട്ടു പോവുമെന്നാണ് റേ പറയുന്നത്. 2029ൽ തന്നെ മനുഷ്യനോളം ബുദ്ധിശക്തി പ്രകടിപ്പിക്കാൻ കംപ്യൂട്ടറുകൾക്ക് സാധിക്കുമെന്നു പറയുന്ന അദ്ദേഹം ഇപ്പോൾ തന്നെ നമ്മളെ കൂടുതൽ ബുദ്ധി ശക്തിയുള്ളവരും സമർഥരുമാക്കാൻ കംപ്യൂട്ടറുകൾ സഹായിക്കുന്നുണ്ടെന്നും ഓർമിപ്പിക്കുന്നുണ്ട്. മനുഷ്യരിൽ ചിപ്പുകൾ ഘടിപ്പിക്കുന്നതിനെ പലരും പേടിയോടെ കാണുമ്പോഴും ഇത്തരം സാങ്കേതികവിദ്യകൾ നല്ലതിനാണെന്നാണ് റേയുടെ അഭിപ്രായം.
നാനോ ബോട്ടുകൾ മനുഷ്യ ശരീരത്തിൽ പല കാര്യങ്ങൾക്കും ഉപയോഗിക്കുന്നതിന്റെ ആവിഷ്‌കാരം ദശാബ്ദങ്ങളായി സയൻസ് ഫിക്ഷനുകളിൽ പറയുന്നുണ്ട്. യന്ത്രസഹായത്തോടെ നമ്മുടെ പരിമിതികൾ മറികടക്കുന്ന രീതി നൂറ്റാണ്ടുകളായി നിലവിലുണ്ട്. കാഴ്ചയുടേയും കേൾവിയുടേയും പരിമിതികൾ നമ്മൾ പലതരം ചെറു ഉപകരണങ്ങൾ വഴിയാണ് മറികടന്നത്. പേസ്‌മേക്കറും ഡയാലിസിസ് മെഷീനുകളുമെല്ലാം മനുഷ്യ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്കാണ് കാരണമായത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയാവുമ്പോഴേക്കും മനുഷ്യ അവയവങ്ങൾ പരീക്ഷണശാലകളിൽ നിർമിക്കാനും ജനിതക മാറ്റങ്ങൾ വരുത്തുന്ന ശസ്ത്രക്രിയകൾ നടത്താനും നമുക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏകദേശം 50-100എംഎം വലുപ്പമുള്ള വളരെ വലുപ്പം കുറഞ്ഞ റോബോട്ടുകളാണ് നാനോബോട്ടുകൾ. ഇപ്പോൾ ഇവയെ ഡിഎൻഎ പഠനത്തിനും സെൽ ഇമേജിങ് വസ്തുക്കളുടെ കാര്യത്തിലും സെൽ-സ്‌പെസിഫിക് ഡെലിവറി സംവിധാനമായും ഉപയോഗിക്കുന്നുണ്ട്. റേ നൽകിയ ഏറ്റവും പുതിയ അഭിമുഖ പ്രകാരം ജെനറ്റിക്‌സ്, റോബോട്ടിക്‌സ്, നാനോടെക്‌നോളജി എന്നിവയിൽ ഇപ്പോൾ കൈവരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പുരോഗതി കാണുമ്പോൾ തനിക്കു തോന്നുന്നത് ‘നാനോബോട്ടുകൾ നമ്മുടെ ഞരമ്പുകളിലൂടെ ഓടുമെന്നാണെന്ന് റേ പറയുന്നു.
പ്രായമാകലിനെ തടയാനും രോഗങ്ങളെ പ്രതിരോധിക്കാനും കോശങ്ങളുടെ തലത്തിൽ നിന്ന് മനുഷ്യശരീരത്തിന് അറ്റകുറ്റപ്പണി നടത്താനും സാധിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനുഷ്യർക്ക് എന്തും തിന്നാനും എന്നാൽ മെലിഞ്ഞും ഊർജ്ജസ്വലതയോടെയും ഇരിക്കാനും സഹായിക്കാൻ നാനോടെക്‌നോളജിക്കു സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദഹനവ്യൂഹത്തിലും രക്തവാഹിനികളിലും പ്രവർത്തിപ്പിക്കുന്ന നാനോബോട്ടുകൾക്ക് നമുക്ക് ആവശ്യമുള്ള പോഷകാംശം കൃത്യതയോടെ വലിച്ചെടുക്കാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു.
മനുഷ്യ ശരീരത്തിന് പ്രായമാകുമ്പോൾ കോശങ്ങൾക്കും സംയുക്തകോശം (tissue) ക്ഷയം സംഭവിക്കാം. അതുമൂലം ക്യാൻസർ തുടങ്ങിയ രോഗങ്ങൾ ശരീരത്തിൽ കടന്നുകൂടും. എന്നാൽ, ഇങ്ങനെ വരുന്ന പ്രശ്‌നങ്ങൾ റിപ്പെയർ ചെയ്യാൻ നാനോബോട്ടുകൾക്ക് സാധിക്കുമെന്നും റേ അവകാശപ്പെടുന്നു. അങ്ങനെ ക്യാൻസർ അടക്കമുള്ള രോഗങ്ങൾക്ക് പ്രതിരോധം തീർക്കാനും നാനോബോട്ടുകൾക്കു സാധിക്കും.
റേയുടെ ഏറ്റവും വലിയ സങ്കൽപങ്ങളിലൊന്ന് സിങ്ഗ്യുലാരിറ്റി എന്ന പേരിലാണ് അറിയപ്പെടുന്നത്. മനുഷ്യരുടെ ബുദ്ധിക്കപ്പുറത്തേക്ക് എഐ കടക്കുന്ന കാലത്തെയാണ് സിങ്ഗ്യുലാരിറ്റി എന്ന വാക്കുകൊണ്ട് റേ ഉദ്ദേശിക്കുന്നത്. അതുവഴി പരിണാമപ്രക്രിയയുടെ പാതയിൽ വരെ മാറ്റംവരുത്താനാകുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. സിങ്ഗ്യുലാരിറ്റി 2045ൽ കൈവരിക്കാനാകുമെന്നാണ് റേ പറയുന്നത്. എന്നാൽ 2029ൽ തന്നെ എഐക്ക് ട്യൂറിങ് ടെസ്റ്റ് പാസാകാൻ സാധിക്കുമെന്നും അദ്ദേഹം വിശ്വസിക്കുന്നു. ട്യൂറിങ് ടെസ്റ്റ് പാസാകുക എന്നു പറഞ്ഞാൽ യന്ത്രങ്ങൾക്ക് മനുഷ്യന്റേതിനു സമാനമായ ബുദ്ധി കൈവരിക്കാൻ സാധിക്കുന്ന സന്ദർഭത്തെയാണ്. മനുഷ്യന്റെയും യന്ത്രത്തിന്റെയും ബുദ്ധി തമ്മിൽ തിരിച്ചറിയാൻ പാടില്ലാത്ത വിധത്തിൽ എത്തിയാലും അത് ട്യൂറിങ് ടെസ്റ്റ് പാസായി എന്നു പറയാം.
ഇപ്പോൾ തന്നെ യന്ത്രങ്ങൾ മനുഷ്യരെ കൂടുതൽ ബുദ്ധിയുള്ളവരാക്കി കഴിഞ്ഞു. എന്നാൽ, യന്ത്രങ്ങളെ നമ്മുടെ മസ്തിഷ്‌കത്തിലുള്ള നിയോകോർടെക്‌സുമായി (neocortex) ബന്ധിപ്പിച്ചാൽ ആളുകൾക്ക് കൂടുതൽ സ്മാർട് ആകാൻ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. (മസ്‌കിന്റെ ന്യൂറാലിങ്ക് പോലത്തെ സംവിധാനങ്ങൾ ഇത്തരം സാധ്യതകളാണ് ആരായാൻ ശ്രമിക്കുന്നത്.) തലച്ചോറിനുള്ളിൽ കംപ്യൂട്ടറുകൾ ഘടിപ്പിക്കുന്നത് മനുഷ്യർക്ക് ഗുണകരമാകുമെന്നും അദ്ദേഹം പറയുന്നു. നമുക്ക് കൂടുതൽ മെച്ചപ്പെട്ട നിയോകോർടെക്‌സ് ലഭിക്കും. നമ്മൾ കൂടുതൽ തമാശക്കാരാകും. സംഗീതത്തിൽ കൂടുതൽ മികവുപുലർത്തും. നാം കൂടുതൽ സെക്‌സി ആകുമെന്നും അദ്ദേഹം പറയുന്നു. ഒരു മനുഷ്യനിൽ ഗുണകരമെന്നു നാം കരുതുന്ന എല്ലാം മെച്ചപ്പെടുത്തും. മനുഷ്യനും യന്ത്രങ്ങളും സഹവർത്തിത്തത്തോടെ കഴിയുന്ന ഒരു ഭാവിയെക്കുറിച്ചാണ് റേ സംസാരിക്കുന്നത്. നാനോയന്ത്രങ്ങളെ മനുഷ്യശരീരത്തിൽ പ്രവേശിപ്പിക്കുക എന്ന ആശയം ശാസ്ത്ര കഥകളിൽ പതിറ്റാണ്ടുകളായി കണ്ടുവരുന്ന ആശയമാണ്.
അതേസമയം, ചില കാര്യങ്ങളെക്കുറിച്ച് റേക്ക് നല്ല അറിവുണ്ട്. എന്നാൽ, പ്രായമാകൽ അദ്ദേഹത്തിന് മനസ്സിലാകാത്ത കാര്യമാണെന്ന് ചിലർ അഭിപ്രായപ്പെടുന്നു. കോശങ്ങളുടെ രോഗം മാത്രമല്ല പ്രായമാകൽ. അത് മൊത്തം ശരീരവ്യവസ്ഥയ്ക്കും വരുന്ന പ്രശ്‌നങ്ങളാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പ്രായമാകൽ എന്നു പറഞ്ഞാൽ അത് മൊത്തം ശരീരവ്യവസ്ഥയുടെ പ്രശ്‌നമാണെങ്കിൽ പോലും അത് 2035ൽ ഒക്കെ ഫലപ്രദമായി തടയാമെന്നാണ് പ്രായമാകലിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ബയോമെഡിക്കൽ ജെറന്റോളജിസ്റ്റ് ആയ ഒബ്രി ഡി ഗ്രേയെ (Aubrey de Grey) പോലെയുള്ളവർ വിശ്വസിക്കുന്നതെന്നും വാദമുണ്ട്.
റേയുടെ വാദത്തിന് കടുത്ത വിമർശനങ്ങളും ഉണ്ട്. എങ്കിലും സാങ്കേതികവിദ്യാപരമായമായി അതിദ്രുത മാറ്റമാണ് ഇന്നു കണ്ടുകൊണ്ടിരിക്കുന്നത് എന്നതിനാൽ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നത് എന്നതിനെപ്പറ്റി വ്യക്തമായി പറയാനാവില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും 2030ന് അപ്പുറത്തേക്കുള്ള കാലഘട്ടത്തിൽ വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന തരത്തിലുളള അഭിപ്രായങ്ങൾക്ക് ഇപ്പോൾ കൂടുതൽ സ്വീകാര്യത കൈവന്നു തുടങ്ങി. നേരത്തേ, 2050ൽ മുതൽ ഒക്കെയായിരുന്നു ഇന്നത്തെ രീതിയിലുളള ജീവിതത്തിന് കാതലായ മാറ്റങ്ങൾ വരുമെന്നു കരുതിവന്നത്.