ശാസ്ത്ര ലോകത്തെ ഒന്നടങ്കം ഞെട്ടിക്കുന്ന ഒരു കൂട്ടം പരീക്ഷണങ്ങൾക്ക് പിന്നാലെ പോകുന്ന രാജ്യമാണ് ചൈന. കൃത്രിമ ചന്ദ്രനും നക്ഷത്രങ്ങളും, ചൊവ്വയിലേക്കും ചന്ദ്രനിലേക്കും യാത്ര തുടങ്ങി നിരവധി ദൗത്യങ്ങൾക്ക് വേണ്ടുവോളം പണം ചെലവിടുന്നവരാണ് ചൈന.
ഇപ്പോഴിതാ കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾക്ക് പിന്നാലെയാണ് ചൈനീസ് ഗവേഷകർ. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി ചൂടുള്ള കൃത്രിമ സൂര്യന്റെ പരീക്ഷണങ്ങൾ തകൃതിയായി നടക്കുന്നുണ്ട്. ദിവസങ്ങൾക്ക് മുൻപ് കൃത്രിമ സൂര്യനെ ഉപയോഗിച്ച് ചൈന മറ്റൊരു റെക്കോർഡ് നേട്ടവും കൈവരിച്ചു.
ഏപ്രിൽ 12 ന് രാത്രി ഏഴ് മിനിറ്റ് നേരത്തേക്ക് അത്യധികം ചൂടുള്ള പ്ലാസ്മ സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞതിനാൽ ചൈനയുടെ ‘കൃത്രിമ സൂര്യൻ’ എല്ലാ റെക്കോർഡുകളും തകർത്തു എന്നാണ് റിപ്പോർട്ട്. കൃത്രിമ സൂര്യൻ പദ്ധതി ന്യൂക്ലിയർ ഫ്യൂഷൻ അടിസ്ഥാനമാക്കിയുള്ളതാണ്. മാലിന്യങ്ങൾ സൃഷ്ടിക്കാതെ ചൈനയ്ക്ക് പരിധിയില്ലാത്ത ഊർജ സ്രോതസ്സ് നൽകാൻ ശേഷിയുള്ളതാണ് പുതിയ പദ്ധതി.
നിലവിലുള്ള ന്യൂക്ലിയർ പവർ പ്ലാന്റുകളെ ശക്തിപ്പെടുത്തുന്ന വിഘടനപ്രവർത്തനങ്ങളിലെന്ന പോലെ, ആറ്റോമിക് ന്യൂക്ലിയസുകളെ വേർപെടുത്തുന്നതിനുപകരം അവയെ ഒന്നിച്ചുനിർത്തി ഊർജം പുറത്തുവിടാമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ന്യൂക്ലിയർ ഫ്യൂഷൻ. കിഴക്കൻ ചൈനീസ് നഗരമായ ഹെഫീയിലെ എക്സ്പിരിമെന്റൽ അഡ്വാൻസ്ഡ് സൂപ്പർകണ്ടക്റ്റിങ് ടോകാമാക് എന്ന പേരിലുള്ള കൃത്രിമ സൂര്യന് തുടർച്ചയായി 403 സെക്കൻഡ് പ്ലാസ്മ ഉൽപ്പാദിപ്പിക്കാനും നിലനിർത്താനും സാധിച്ചു. 2017 ൽ സ്ഥാപിച്ച 101 സെക്കൻഡിന്റെ സ്വന്തം റെക്കോർഡാണ് ഇപ്പോൾ മറികടന്നതെന്നും സിജിടിഎൻ റിപ്പോർട്ട് ചെയ്തു.
ചൈനയുടെ ‘കൃത്രിമ സൂര്യൻ’ന്റെ മറ്റൊരു രീതിയിലുള്ള പരീക്ഷണത്തിൽ 70 ദശലക്ഷം ഡിഗ്രിയിൽ 17.36 മിനിറ്റും ജ്വലിച്ചിരുന്നു. യഥാർഥ സൂര്യനേക്കാൾ അഞ്ചിരട്ടി ചൂടിലായിരുന്നു 2022 ലെ പരീക്ഷണത്തിൽ കൃത്രിമ സൂര്യൻ പ്രവർത്തിച്ചത്. അണുസംയോജനത്തിന്റെ ശക്തി പ്രയോജനപ്പെടുത്താൻ യന്ത്രം സഹായിക്കുമെന്നാണ് ഈ പരീക്ഷണത്തിലൂടെ ശാസ്ത്രജ്ഞർ പ്രതീക്ഷിക്കുന്നത്. ഇത് സൂര്യനുള്ളിൽ സ്വാഭാവികമായി സംഭവിക്കുന്ന പ്രതിപ്രവർത്തനങ്ങളെ അനുകരിച്ചുകൊണ്ട് ‘പരിധിയില്ലാത്ത ഊർജം’ കൃത്രിമമായി സൃഷ്ടിക്കാൻ മനുഷ്യനെ സഹായിക്കും.
യഥാർഥ സൂര്യനിൽനിന്ന് ലഭിക്കുന്നതിനേക്കാൾ എട്ടിരട്ടി ഊഷ്മാവ് സൃഷ്ടിക്കാൻ കൃത്രിമ സൂര്യനു കഴിയുമെന്ന് നേരത്തേ തന്നെ തെളിയിച്ചിരുന്നു. ഇത് പത്തിരട്ടിയായി ഉയർത്താൻ സാധിക്കുമെന്നാണ് ഗവേഷകർ ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഹരിത ഇന്ധനങ്ങളിലൂടെ ഊർജം കൂടുതലായി ഉത്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തിനു കൂടുതൽ വേഗം പകരുന്നതാണ് ചൈനയുടെ പുതിയ ‘കൃത്രിമ സൂര്യൻ’. യഥാർഥ സൂര്യനേക്കാൾ പത്തിരട്ടി വരെ ഊഷ്മാവ് പുറത്തുവിടാൻ ശേഷിയുണ്ട് ന്യൂക്ലിയർ ഫ്യൂഷൻ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചൈനയുടെ സ്വന്തം സൂര്യന്. എച്ച്എൽ 2എം ടോകമാക് എന്ന് പേരിട്ടിരിക്കുന്ന ഈ ചൈനീസ് സൂര്യനിൽ നിന്നും 150 ദശലക്ഷം ഡിഗ്രി സെൽഷ്യസ് വരെ ചൂട് പുറത്തേക്ക് വരുത്താൻ സാധിക്കുന്നതാണ്.
ചൈനീസ് നാഷണൽ ന്യൂക്ലിയർ കോർപറേഷനാണ് (സിഎൻഎൻസി) ഈ കൃത്രിമ സൂര്യനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ഹൈഡ്രജനും ഡ്യൂട്ടീരിയവും ഉപയോഗിച്ച് സൂര്യനിൽ എങ്ങനെയാണോ ചൂട് ഉണ്ടാവുന്നത് അതിന് സമാനമായ പ്രവർത്തനമാണ് ഈ ചൈനീസ് സൂര്യനിലും നടക്കുന്നത്. എന്നാൽ യഥാർഥ സൂര്യന്റെ ഊഷ്മാവ് 15 ദശലക്ഷം ഡിഗ്രി സെൽഷ്യസ് മാത്രമാണ്.
ചൈനയ്ക്ക് മാത്രമല്ല സ്വന്തമായി ഇത്തരം കൃത്രിമ സൂര്യന്മാരുള്ളത്. നിയന്ത്രിതമായ അളവിൽ നൂക്ലിയർ ഫ്യൂഷൻ ഉപയോഗിച്ച് ഹരിത ഊർജം നിർമിക്കുകയെന്ന ലക്ഷ്യത്തിലാണ് പല രാജ്യങ്ങളും സമാനമായ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോവുന്നത്. തെക്കൻ ഫ്രാൻസിൽ നിർമിച്ചിട്ടുള്ള ഇന്റർനാഷണൽ തെർമോന്യൂക്ലിയർ എക്സ്പിരിമെന്റൽ റിയാക്ടർ (ഐടിഇആർ) പദ്ധതിയുടെ ഭാഗമായും ഇത്തരമൊരു പരീക്ഷണ ശാല നിർമിച്ചിട്ടുണ്ട്. ഇവിടെയും 150 ദശലക്ഷം ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവ് ഉയർത്താനാകും.
ഐടിഇആറിൽ അമേരിക്ക, ഇന്ത്യ, ജപ്പാൻ, റഷ്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങൾക്കൊപ്പം ചൈനയും സഹകരിക്കുന്നുണ്ട്. ചൈനയുടെ എച്ച്എൽ-2എം ഐടിഇആറിനെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നേരത്തേ തന്നെ ചൈനീസ് ശാസ്ത്രജ്ഞർ വ്യക്തമാക്കിയിരുന്നു. ന്യൂക്ലിയർ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഊർജ്ജം ഉത്പാദിപ്പിക്കുന്ന ആദ്യ പരീക്ഷണ റിയാക്ടറിന്റെ നിർമാണം തുടങ്ങാനാണ് ചൈനയുടെ പദ്ധതി. ഇതിന്റെ വ്യാവസായികാടിസ്ഥാനത്തിലുള്ള ആദ്യ പതിപ്പ് 2035ലും വലിയ തോതിലുള്ള ഊർജ്ജോത്പാദനം 2050ലും ആരംഭിക്കാൻ സാധിക്കുമെന്നും ചൈന പ്രതീക്ഷിക്കുന്നു. നിർമിത ബുദ്ധി, ബഹിരാകാശ ശാസ്ത്രം, ആഴക്കടൽ- ഭൂമി തുരന്നുള്ള പര്യവേഷണങ്ങൾ തുടങ്ങി ഭാവിയിൽ ശ്രദ്ധിക്കേണ്ട പ്രധാന മേഖലയിലൊന്നായാണ് ന്യൂക്ലിയർ ഫ്യൂഷൻ വഴിയുള്ള ഊർജോത്പാദനത്തേയും ചൈന കാണുന്നത്.
കൃത്രിമ സൂര്യനെ നിർമിക്കാനായി 1998 ലാണ് ചൈനീസ് സർക്കാർ ആദ്യമായി അനുമതി നൽകുന്നത്. എന്നാൽ അന്നത്തെ പദ്ധതിയിൽ കൃത്രിമ സൂര്യന്റെ വലുപ്പവും ചൂടിന്റെ അളവും കുറവായിരുന്നു. കേവലം 60 സെക്കൻഡ് മാത്രമാണ് അന്ന് പ്രവർത്തിക്കാൻ ശേഷിയുണ്ടായിരുന്നത്. എന്നാൽ ഇപ്പോഴത്തെ കൃത്രിമ സൂര്യന് 11 മീറ്റർ ഉയരമുണ്ട്. 360 ടൺ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 120 ദശലക്ഷം സെൽഷ്യസാണ്. ഒരു ലക്ഷം സെക്കൻഡ് സമയമെങ്കിലും ഈ ചൂട് നിലനിർത്താൻ സാധിക്കുമെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ വാദം.