ന്യൂയോർക്ക്: ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സ് സ്റ്റാർഷിപ്പിന്റെ വിക്ഷേപണം മാറ്റിവച്ചു. ബൂസ്റ്റർ പ്രഷറൈസേഷൻ സിസ്റ്റത്തിലെ വാൽവിലെ തകരാറിനെ തുടർന്നാണു വിക്ഷേപണം ഒഴിവാക്കിയത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിനും ഏഴിനുമിടയ്ക്കു യുഎസിലെ ടെക്സസിൽനിന്ന് വിക്ഷേപിക്കുമെന്നായിരുന്നു അറിയിപ്പ്.
അവസാനവട്ട ഒരുക്കങ്ങൾ നടക്കവെയാണു തകരാർ കണ്ടെത്തിയതും വിക്ഷേപണം മാറ്റിവച്ചതും. എൻജിനിലേക്കു തീ പകരുന്നതിന് 10 സെക്കൻഡ് മുൻപായാണു പ്രവർത്തനം നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്നാണു റിപ്പോർട്ട്. തകരാർ പരിഹരിച്ച് ഏതാനും ദിവസങ്ങൾക്കകം വിക്ഷേപണത്തിനായി വീണ്ടും ശ്രമിക്കുമെന്നു സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.
സ്റ്റാർഷിപ് പേടകവും സൂപ്പർഹെവി എന്ന റോക്കറ്റും അടങ്ങുന്നതാണു സ്റ്റാർഷിപ് സംവിധാനം. പൂർണമായി സ്റ്റെയിൻലെസ് സ്റ്റീലിലാണു നിർമിച്ചത്. നൂറു പേരെ വഹിക്കാവുന്ന പേടകത്തിന്റെ വാഹകശേഷി 150 മെട്രിക് ടൺ. ഉപഗ്രഹങ്ങളും ബഹിരാകാശ ടെലിസ്കോപ്പുകളും ബഹിരാകാശത്തെത്തിക്കാനും ചന്ദ്രനിൽ കോളനിയുണ്ടാക്കാൻ ആളുകളെയും സാമഗ്രികളെയുമൊക്കെ എത്തിക്കാനും ശേഷിയുണ്ട്. ഭൂമിയിലെ യാത്രയ്ക്കും ഉപയോഗിക്കാം. ലോകത്തെവിടെയും ഒരു മണിക്കൂറിനുള്ളിൽ സഞ്ചരിച്ചെത്താം.
മീഥെയ്നാണ് റോക്കറ്റിന്റെ പ്രധാന ഇന്ധനം. ചൊവ്വയിലും മറ്റും കാണപ്പെടുന്ന മീഥെയ്നും ഭാവിയിൽ ഉപയോഗിക്കാമെന്നാണു കണക്കുകൂട്ടൽ. റാപ്റ്ററുകൾ എന്നു പേരുള്ള കരുത്തുറ്റ എൻജിനുകളാണ് സ്റ്റാർഷിപ്പിന് ഊർജം നൽകുന്നത്. ഇത്തരം 33 എൻജിനുകൾ റോക്കറ്റിലുണ്ട്. പേടകത്തിൽ 3 റാപ്റ്റർ എൻജിനുകളും 3 റാപ്റ്റർ വാക്വം എൻജിനുകളുമുണ്ട്.