കുട്ടിക്ക് ടിക്കറ്റെടുക്കണം; മാതാപിതാക്കള്‍ കുഞ്ഞിനെ എയര്‍പോട്ടില്‍ ഉപേക്ഷിച്ച് കടക്കാന്‍ ശ്രമിച്ചു

Advertisement

ടെൽ അവീവ്: ഇസ്രായേല്‍ ടെൽ അവീവിലെ ബെൻ-ഗുറിയോൺ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം അസാധാരണമായ ഒരു സംഭവമുണ്ടായി. ബെൽജിയൻ പാസ്‌പോർട്ടുള്ള മാതാപിതാക്കള്‍ കൈക്കുഞ്ഞുമായി ബെൻ-ഗുറിയോൺ വിമാനത്താവളത്തിൽ ടെൽ അവീവിൽ നിന്ന് ബ്രസൽസിലേക്കുള്ള റയാൻ എയർ വിമാനത്തിൽ കയറാനായി എത്തിയതായിരുന്നു. എന്നാല്‍, വിമാന അധികൃതര്‍ കുഞ്ഞിനും ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു. മാതാപിതാക്കള്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് ഇത് സംബന്ധിച്ച് മാതാപിതാക്കളും വിമാനാധികൃതരും തമ്മില്‍ സംസാരം നടന്നു. ഒടുവില്‍ വിമാനത്തില്‍ കയറാന്‍ പോകുന്നതിനിടെ മാതാപിതാക്കള്‍ കുഞ്ഞിനെ എയർപോർട്ട് ചെക്ക്-ഇന്നിൽ ഉപേക്ഷിച്ച് വിമാനം കയറാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലാവുകായിരുന്നു.

കുട്ടിയുമായി എത്തിയ ദമ്പതികളുടെ കൈയില്‍ കുട്ടിയെ കാണാതായതോടെ വിമാനത്താവള അധികൃതര്‍ പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ കൺവെയർ ബെൽറ്റിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പോലീസുമായി ബന്ധപ്പെടുകയും അവരെത്തി മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യാനായി കൊണ്ടുപോയി. സംഭവം അറിഞ്ഞ് എല്ലാവരും ഞെട്ടലിലായിരുന്നെന്നും ‘ഇങ്ങനെയൊന്നും ഞങ്ങൾ ഇതുവരെ കണ്ടിട്ടില്ല. ഞങ്ങൾക്ക് കണ്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല.’ ഇസ്രായേൽ എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ചെക്ക്-ഇൻ കൗണ്ടർ അടച്ചതിന് ശേഷം ദമ്പതികൾ ടെർമിനൽ 1-ലേക്ക് വൈകിയെത്തുകയായിരുന്നു. ഈ സമയം ഇവരുടെ കൈയില്‍ കുട്ടിയില്ലായിരുന്നു. മാത്രമല്ല, സുരക്ഷാ പരിശോധന ഒഴിവാക്കാനായി അവര്‍ ശ്രമിച്ചു. നേരത്തെ കുട്ടിയുടെ ടിക്കറ്റിന്‍റെ കാര്യത്തില്‍ സംസാരം നടന്നതിനാല്‍ അധികൃതര്‍ക്ക് സംശയം തോന്നുകയും കുട്ടിയെ കുറിച്ച് അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കുഞ്ഞിനെ ഇവര്‍ കൺവെയർ ബെൽറ്റിൽ ഉപേക്ഷിച്ചതായി കണ്ടെത്തി. തുടര്‍ന്നാണ് വിമാനത്താവള അധികൃതര്‍ പോലീസുമായി ബന്ധപ്പെട്ടതും ദമ്പതികളെ കസ്റ്റഡിയില്‍ എടുത്തതും.

Advertisement