പ്രവർത്തനം നിലച്ച സാറ്റലൈറ്റ് നാളെ ഭൂമിയിൽ പതിക്കും, ആശങ്കയില്ലെന്ന് നാസ

Advertisement

ന്യൂയോർക്ക്: വിക്ഷേപിച്ച് ഏകദേശം 21 വർഷത്തിന് ശേഷം പ്രവർത്തനം നിലച്ച സാറ്റലൈറ്റ് ബുധനാഴ്ച ഭൂമിയിൽ പതിക്കുമെന്ന് നാസ അറിയിച്ചു. നാസയുടെ റൂവൻ റമാട്ടി ഹൈ എനർജി സോളാർ സ്പെക്ട്രോസ്കോപ്പിക് ഇമേജർ (RHESSI) ആണ് ബുധനാഴ്ച ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. എന്നാൽ ഇത് മനുഷ്യർക്ക് ഭീഷണിയാകില്ലെന്നും യുഎസ് ബഹിരാകാശ ഏജൻസി ഉറപ്പുനൽകി.

2002 ൽ വിക്ഷേപിച്ച ആർഎച്ച്ഇഎസ്എസ്ഐ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ നിന്ന് സോളർ ജ്വാലകളും കൊറോണൽ മാസ് എജക്ഷനുകളും നിരീക്ഷിക്കാനാണ് നാസ ഉപയോഗിച്ചിരുന്നത്. എന്നാൽ ആശയവിനിമയത്തിലെ പ്രശ്നങ്ങൾ കാരണം 16 വർഷത്തിന് ശേഷം 2018 ൽ നാസ ഇത് ഡീകമ്മീഷൻ ചെയ്യുകയായിരുന്നു.

660 പൗണ്ട് (ഏകദേശം 272 കിലോഗ്രാം) ഭാരമുള്ള പേടകം ഏകദേശം പ്രാദേശിക സമയം 9.30 ന് വീണ്ടും അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചു. എന്നാൽ ഈ സമയം വ്യത്യാസപ്പെടാനും സാധ്യതയുണ്ട്. അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ സാറ്റലൈറ്റിന്റെ ഭൂരിഭാഗവും കത്തിത്തീരുമെന്ന് നാസ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ചില ഭാഗങ്ങൾ ഭൂമിയിൽ പതിക്കാനും സാധ്യതകളുണ്ട്.

എന്നാൽ, ഈ സാറ്റലൈറ്റ് തിരിച്ചെത്തുന്നത് കാരണം ഭൂമിയിലുള്ളവർക്ക് ഭീഷണിയാകാനുള്ള സാധ്യത കുറവാണെന്നും നാസ പ്രസ്താവനയിൽ പറഞ്ഞു. ഓർബിറ്റൽ സയൻസസ് കോർപ്പറേഷൻ പെഗാസസ് എക്സ്എൽ റോക്കറ്റിലാണ് ഈ സാറ്റലൈറ്റ് വിക്ഷേപിച്ചിരുന്നത്.