നായയെ സംരക്ഷിക്കാൻ വീട് വിൽക്കാനൊരുങ്ങി യുവാവ്

Advertisement

പ്രിയപ്പെട്ട വളർത്ത് മൃഗത്തെ സംരക്ഷിക്കാൻ വീട് വിൽക്കാനൊരുങ്ങി ഒരു യുവാവ്. ജാക്സൺ ഫീലിയുടെ വെയ്‌മാരനർ ഇനത്തിൽപ്പെട്ട രണ്ട് വയസുള്ള റാംബോ എന്ന വളർത്ത് നായയ്ക്ക് ഹൈപ്പോവോളമിക് ഷോക്ക് ബാധിച്ചു. രക്തമോ മറ്റ് ദ്രാവകങ്ങളോ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഹൃദയത്തിന് ശരീരത്തിലേക്ക് ആവശ്യമായ രക്തം പമ്പ് ചെയ്യാൻ കഴിയാത്ത അവസ്ഥ. രാത്രി മുഴുവൻ ഏതാണ്ട് 30 ലേറെ തവണ ഛർദ്ദിച്ചതിനെ തുടർന്നായിരുന്നു റാംബോയെ വെറ്ററിനറി ആശുപത്രിയിലാക്കിയത്.

റാംബോ 10 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞു. ഒടുവിൽ ബില്ല് വന്നപ്പോൾ 20,39,219 രൂപ. ഇത്രയും പണം ആശുപത്രി ബില്ലായി അടയ്ക്കാൻ കഴിയാത്തതിനാലും തൻറെ പ്രിയപ്പെട്ട നായ്ക്കളെ ഉപേക്ഷിക്കാനാവാത്തതിനാലും വീട് വിൽക്കാനൊരുങ്ങുകയാണ് ജാക്സൺ ഫീലി. ജയിൽ ഓഫീസറായ ജാക്സണ് ഇത്രയും വലിയ തുക വളർത്തുമൃഗങ്ങളുടെ ചികിത്സയ്ക്കായി വകയിരുത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്ന് അദ്ദേഹം ഒരു സഹായധന പേജ് സാമൂഹിക മാധ്യമങ്ങളിൽ ഉണ്ടാക്കി. 6,63,393 രൂപയുടെ ഇൻഷുറൻസ് പരിരക്ഷ റാംബോയ്ക്കുണ്ട്. ബാക്കി തുക കണ്ടെത്താനായിരുന്നു സഹായധന പേജ് ഉണ്ടാക്കിയത്. 600-ലധികം ആളുകൾ ഇതിനകം ജാക്സണ് സംഭാവന നൽകി, സംഭാവനകൾ മാത്രം 10,20,189 രൂപയായി. പക്ഷേ, ഒരു ദിവസത്തെ ചികിത്സാ ചെലവ് മാത്രം 1,02,012 രൂപയാണ്.

അവൾക്ക് വലിയ ശസ്‌ത്രക്രിയ ആവശ്യമായി വരികയാണെങ്കിൽ ബില്ല് ഇനിയും വർദ്ധിക്കുമെന്നും ജാക്സൺ പറയുന്നു. റാംബോ ഛർദ്ദിച്ചപ്പോൾ ഛർദ്ദി ശ്വാസകോശത്തിലേക്ക് പോവുകയും അണുബാധ ഉണ്ടാവുകയും ചെയ്തതാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്. ഒരാഴ്ചയായി നായ ഭക്ഷണമൊന്നും കഴിക്കുന്നില്ല, ‘റാംബോയുടെ ശ്വാസകോശത്തിൽ ഒരു കുരു രൂപപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. അത് നീക്കം ചെയ്യാൻ വലിയ ശസ്ത്രക്രിയ ആവശ്യമായി വരും. ജാക്സൺ പറയുന്നു. എന്നാൽ, ഏവരെയും അത്ഭുതപ്പെടുത്തി റാംബോ സുഖം പ്രാപിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം അവൾ വീട്ടിലേക്ക് മടങ്ങി. പക്ഷേ ഇപ്പോഴും 24 മണിക്കൂർ നിരീക്ഷണം അവൾക്ക് ആവശ്യമാണ്. എനിക്ക് അവളെ ഒരിക്കലും ഉപേക്ഷിക്കാൻ പറ്റില്ലെന്നും ജാക്സൺ പറയുന്നു. പക്ഷേ ഇതിനകം അവളുടെ ഇതുവരെയുള്ള ചികിത്സയുടെ ബില്ല് വന്നു. അത് 20 ലക്ഷത്തിന് മുകളിലാണ്. നിലവിലെ അവസ്ഥയിൽ ആ പണം കണ്ടെത്താൻ കഴിയാത്തതിനാൽ ജാക്സൺ വീട് വിൽക്കാൻ ഒരുങ്ങുകയാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

Advertisement