കിം കര്‍ദാഷിയനാകാന്‍ പ്ലാസ്റ്റിക്ക് സര്‍ജറി നടത്തി; തൊട്ടുപിന്നാലെ മരണം

Advertisement

പ്രശസ്ത മോഡലും റിയാലിറ്റി ഷോ താരവുമായ കിം കര്‍ദാഷിയന്റെ അപര ക്രിസ്റ്റീന ആഷ്ടെന്‍ ഗോര്‍കാനി അന്തരിച്ചു. 34 വയസ്സായിരുന്നു. പ്ലാസ്റ്റിക്ക് സര്‍ജറിയെ തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണ കാരണം. ആഷ്ടെന്‍ ജി എന്ന പേരിലാണ് ഇവര്‍ സോഷ്യല്‍ മീഡിയയില്‍ അറിയപ്പെട്ടിരുന്നത്. ആറു ലക്ഷത്തിലധികം ഫോളോവേഴ്‌സാണ് ക്രിസ്റ്റീനയ്ക്ക് ഇന്‍സ്റ്റഗ്രാമിലുള്ളത്.
ഏപ്രില്‍ 20 നാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. മരണവിവരം ഇന്‍സ്റ്റഗ്രാമിലൂടെയും ‘ഗോഫണ്ട്മി’ പേജിലൂടെയുമാണ് കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചത്. ക്രിസ്റ്റീനയുടെ സംസ്‌കാരച്ചടങ്ങിനായി പണം സമാഹരിക്കുന്നതിനാണ് ‘ഗോഫണ്ട്മി’യില്‍ കുടുംബാംഗങ്ങള്‍ പേജ് തുടങ്ങിയത്. മേയ് നാലിനാണ് ക്രിസ്റ്റീനയുടെ സംസ്‌കാരം നിശ്ചയിച്ചിരിക്കുന്നത്. ക്രിസ്റ്റീനയുടെ പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ടാണ് മരണം സംഭവിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇഷ്ടതാരങ്ങളുമായുളള രൂപസാദൃശ്യം വര്‍ധിപ്പിക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിയും മറ്റും നടത്തി മരണത്തിനു കീഴടങ്ങുന്നതില്‍ സമാനമായ ഒരു സംഭവമുണ്ടായി ഒരാഴ്ച പിന്നിടുന്നതിനിടെയാണ് ക്രിസ്റ്റീനയുടെ മരണം. കനേഡിയന്‍ നടന്‍ സെയിന്റ് വോണ്‍ കൊലുസിയാണ് കഴിഞ്ഞ ആഴ്ച ഇത്തരത്തില്‍ ഒരു സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്കു ശേഷമുണ്ടായ ഇന്‍ഫെക്ഷനെത്തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്.