തലയറുത്ത നിലയില്‍ മുതലയുടെ ജഡം. സോഷ്യല്‍ മീഡിയകളിലുള്‍പ്പെടെ ചര്‍ച്ചയാകുന്നു. ക്വീന്‍സ്ലന്‍ഡിലെ കൗ ബേ ബീച്ച് സന്ദര്‍ശിക്കുന്നതിനിടെ ടോം ഹേസ് എന്ന ഫോട്ടോഗ്രാഫറാണ് തലയറുത്ത നിലയില്‍ മുതലയുടെ ജഡം കണ്ടെത്തിയത്. മുതലയുടെ ചിത്രങ്ങള്‍ എടുക്കുന്നതിനിടെ അസ്വാഭാവികത തോന്നിയ ടോംസ് ഉടന്‍തന്നെ ചിത്രങ്ങള്‍ പകര്‍ത്തി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവയ്ക്കുകയായിരുന്നു.
ആയുധം ഉപയോഗിച്ച് തലഭാഗം മുറിച്ചെടുത്തതാണ് എന്നത് ആദ്യകാഴ്ചയില്‍ തന്നെ വ്യക്തമാണെന്നാണ് ചിത്രത്തിനൊപ്പം ടോം പങ്കുവയ്ക്കുന്ന കുറിപ്പ്. വിനോദത്തിനായി മൃഗങ്ങളെ വേട്ടയാടി അവയുടെ തലയറുത്ത് സൂക്ഷിക്കുന്നതിനായാണ് മുതലയെ കൊലപ്പെടുത്തിയതെന്ന് ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറയുന്നു. മുതലയുടെ ശരീരത്തില്‍ മറ്റൊരു ഭാഗത്തും മുറിവുകളോ ചതവുകളോ കണ്ടെത്താനായിട്ടില്ല. അതിനാല്‍ മറ്റൊരു മുതലയോ മൃഗമോ ആക്രമിച്ചതാകാനുള്ള സാധ്യതയില്ലെന്നും ടോം വിശദീകരിച്ചു.
സംഭവം വാര്‍ത്തയായതോടെ ക്വീന്‍സ്ലന്‍ഡിന്റെ പരിസ്ഥിതികാര്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ച് അന്വേഷണവും നടത്തി. എന്നാല്‍ ജഡം ഏറെ അഴുകിയ നിലയിലായതിനാല്‍ അതില്‍ പരിശോധനകള്‍ നടത്താന്‍ സാധ്യമല്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.