ശാരീരികമായ പ്രത്യേകതകളുമായി കുട്ടികൾ ജനിക്കുന്നത് എല്ലാ ജനസമൂഹത്തിലും സാധാരണമാണ്. ചിലപ്പോൾ വളർച്ചയിലാകും ശാരീരികമായ അംഗവൈകല്യങ്ങൾ കൃത്യമായി മനസിലാകുക.
ഇത്തരത്തിൽ ശാരീരിക പ്രത്യേകതകളോടെ ജനിച്ച ഒരു കുട്ടി പാകിസ്ഥാനിലെ ഡോക്ടർമാരെ അമ്പരപ്പിച്ചിരിക്കുകയാണ്. കുട്ടിക്ക് രണ്ട് ലിംഗങ്ങളാണ് ഉള്ളത്. അതേസമയം മലദ്വാരം ഇല്ല. കുട്ടിക്ക് രണ്ട് ലിംഗങ്ങളും ഉപയോഗിക്കാൻ കഴിയുമെന്ന് ഡോക്ടർമാർ പറയുന്നു. ഡിഫാലിയ എന്ന അപൂർവ രോഗാവസ്ഥയാണ് ഇത്തരത്തിലുള്ള ഒരു ശാരീരിക അവസ്ഥ കുഞ്ഞിന് ഉണ്ടാക്കിയതെന്നാണ് ഡോക്ടർമാർ അനുമാനിക്കുന്നത്.
അപൂർവമായ ഈ അവസ്ഥ ആറുലക്ഷം കുട്ടികൾ ജനിക്കുമ്പോൾ ഒരാളിൽ മാത്രമാണ് കണ്ടുവരുന്നത്. ഇൻറർനാഷണൽ ജേണൽ ഓഫ് സർജറി കേസ് റിപ്പോർട്ടിലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മെഡിക്കൽ സയൻസിൽ ഇതുവരെ ഡിഫാലിയയുടെ 100 കേസുകൾ മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ, ഇത്തരത്തിലുള്ള ആദ്യത്തെ കേസ് രേഖപ്പെടുത്തിയിരിക്കുന്നത് 1609 ലാണ്. കുഞ്ഞിൻറെ ഒരു ലിംഗം മറ്റൊന്നിനേക്കാൾ ഒരു സെൻറീമീറ്റർ നീളം കൂടിയതാണെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്തു.
രണ്ട് ലിംഗങ്ങൾ ഉപയോഗിച്ചും കുഞ്ഞ് മൂത്രമൊഴിച്ചു എന്നാണ് ഡോക്ടർമാർ റിപ്പോർട്ട് ചെയ്തു, പിന്നീട് കുട്ടിക്ക് മലവിസർജ്യത്തിനായി പ്രത്യേക ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ ഒരു മലദ്വാരം സൃഷ്ടിച്ചു. എന്നാൽ രണ്ട് ലിംഗങ്ങളും നിലവിൽ അതേ രീതിയിൽ തന്നെ നിർത്തിയാണ് കുഞ്ഞിനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. കുഞ്ഞിൻറെ ഒരു ലിംഗത്തിന് 1.5 സെൻറീമീറ്ററും രണ്ടാമത്തതിന് 2.5 സെൻറീമീറ്ററുമാണ് നീളം. ഈ രണ്ട് ലിംഗങ്ങളും മൂത്രാശയവുമായി ബന്ധപ്പെട്ട് തന്നെ ഉള്ളതിനാലാണ് രണ്ട് ലിംഗങ്ങളിലൂടെയും മൂത്രമൊഴിക്കാൻ സാധിക്കുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. പാകിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ചിൽഡ്രൻസ് ഹോസ്പിറ്റലിൽ ആണ് കുഞ്ഞിനെ ചികിത്സിച്ചത്. കുഞ്ഞിൻറെ കുടുംബത്തിൽ മറ്റാരും ഇത്തരത്തിൽ ഒരു ശാരീരികാവസ്ഥയോട് കൂടി ജനിച്ചിട്ടില്ലെന്ന് കുടുംബം അവകാശപ്പെട്ടു.