ലോകമെമ്പാടുമായി 550-ലധികം കുട്ടികളുടെ അച്ഛനായ ബീജം ദാനാവിന് വിലക്കേർപ്പെടുത്തി ഡച്ച് കോടതി ഉത്തരവിട്ടു. ഒരു അഭിഭാഷക സംഘവും ബീജ ദാതാവിൽ നിന്ന് ബീജം സ്വീകരിച്ച ഒരു സ്ത്രീയുമാണ് ഇയാൾക്കെതിരെ കേസ് കൊടുത്തത്.
ഒരു ദാതാവ് 12 കുടുംബങ്ങളിലായി 25 കുട്ടികളിൽ കൂടുതൽ പേരുടെ പിതാവാകരുതെന്ന് ഡച്ച് ക്ലിനിക്കൽ മാർഗ്ഗ നിർദ്ദേശങ്ങൾ പറയുന്നു. 2017 ലും സമാനമായ ഒരു കേസ് ഉണ്ടായിരുന്നു. 41 വയസുള്ള ജോനാഥൻ എന്നയാൾ നെതർലാൻറിൽ ബീജദാനത്തിലൂടെ 100 അധികം കുട്ടികളുടെ അച്ഛനായതിനെ തുടർന്നായിരുന്നു അന്ന് വിലക്ക് ഏർപ്പെടുത്തിയത്. ഇയാൾക്കെതിരെയാണ് ഇപ്പോഴത്തെ കേസും.
നെതർലാൻറിൽ വിലക്ക് നേരിട്ടതോടെ ജോനാഥൻ ഓൺലൈനിലൂടെ വിദേശത്തേക്ക് ബീജദാനം നൽകുന്നത് തുടർന്നു. ബീജദാതാക്കൾക്കായി സെൻട്രൽ രജിസ്റ്റർ ഇല്ലാത്തതിനാൽ രാജ്യത്തെ നിയമങ്ങൾ മറികടക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2007 -ൽ ബീജദാനം ചെയ്യാൻ തുടങ്ങിയത് മുതൽ ജോനാഥൻ 550-നും 600-നും ഇടയിൽ കുട്ടികളുടെ അച്ഛാനായെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭാവന ചെയ്ത ബീജങ്ങളുടെ എണ്ണത്തെക്കുറിച്ചും ഗർഭധാരണം നടന്ന കുട്ടികളുടെ എണ്ണത്തെക്കുറിച്ചും ജോനാഥൻ “മനപ്പൂർവ്വം” മറ്റ് മാതാപിതാക്കളിൽ നിന്നും മറച്ച് വച്ചതായും കോടതി കണ്ടെത്തി.
“നൂറുകണക്കിന് അർദ്ധസഹോദരന്മാരും അർദ്ധസഹോദരിന്മാരുമുള്ള ഈ ബന്ധുത്വ ശൃംഖല വളരെ വലുതാണ് എന്നതാണ് കാര്യം. അവരുടെ കുടുംബത്തിലെ കുട്ടികൾ നൂറുകണക്കിന് അർദ്ധസഹോദരങ്ങളുള്ള ഒരു വലിയ ബന്ധുത്വ ശൃംഖലയുടെ ഭാഗമാണെന്ന വസ്തുതയാണ് ഈ മാതാപിതാക്കളെല്ലാം ഇപ്പോൾ അഭിമുഖീകരിക്കുന്നത്, എന്നാൽ അത് അവരുടെ തെരഞ്ഞെടുപ്പായിരുന്നില്ല. ” കോടതി ചൂണ്ടിക്കാട്ടി. ‘ അത് സംഭവിക്കാം അല്ലെങ്കിൽ സാധ്യമായേക്കാം. എന്നാൽ കുട്ടികളെ സംബന്ധിച്ച് അത് നെഗറ്റീവ് മാനസിക – സാമൂഹിക പ്രത്യാഘാതങ്ങൾക്ക് കാരണമാകുന്നു. അതിനാൽ ഈ അതിവിപുലമായ ബന്ധുത്വ ശൃംഖല ഇനിയും വിപുലമാക്കാതിരിക്കുക എന്നത് അവരുടെ താത്പര്യമാണ്.’ കോടതി പറഞ്ഞു. ജോനാഥനോട് ഇതുവരെ ചെയ്ത ബീജ ദാനങ്ങളുടെ എല്ലാ ക്ലിനിക്കൽ ലിസ്റ്റും കോടതിയെ ഏൽപ്പിക്കാനും ക്ലിനിക്കുകളിൽ സൂക്ഷിച്ചിരിക്കുന്ന ജോനാഥൻറെ ബീജങ്ങൾ നശിപ്പിക്കുവാനും ഹേഗിലെ കോടതി ജോനാഥനോട് ആവശ്യപ്പെട്ടു. വീണ്ടും ബീജ ദാനത്തിന് ശ്രമിച്ചാൽ 1,00,000 യൂറോയിൽ കൂടുതൽ (ഏതാണ്ട് 90.95 ലക്ഷം രൂപ ) പിഴ നൽകേണ്ടിവരുമെന്നും കോടതി അറിയിച്ചു.