ഒരേ സമയം ഗർഭിണിയായി നാല് സഹോദരിമാർ; അപൂർവ്വതയിൽ സന്തോഷം പ്രകടിപ്പിച്ച് 22 അംഗ കുടുംബം

Advertisement

ഒരു കുടുംബത്തിലെ ഒന്നിൽ അധികം സഹോദരിമാർ ഒരേ സമയം ഗർഭിണികളാകുകയെന്നത് തന്നെ അപൂർവ്വതയാണ്. അപ്പോൾ ഒരു കുടുംബത്തിലെ നാല് സഹോദരിമാർ ഒരേ സമയം ഗർഭിണികളാണെങ്കിലോ?

അതെ ബ്രിട്ടനിലെ ഗുഡ്‌വില്ലി കുടുംബം ആ അപൂർവ്വതയ്ക്ക് വേണ്ടി തയ്യാറെടുക്കുകയാണ്. ഒന്നും രണ്ടുമല്ല, നാലിരട്ടി സന്തോഷത്തിലാണ് ഗുഡ്‍വില്ലി കുടുംബം. ആദ്യമായി അമ്മയാകുന്ന 29 കാരിയായ കെയ്‌ലീ സ്റ്റുവർട്ടും അവളുടെ മൂത്ത സഹോദരി ജെയ് ഗുഡ്‌വില്ലിയും (35) മെയ് മാസാവസാനം ആൺകുട്ടികളെ സ്വീകരിക്കാനായി തയ്യാറെടുക്കുന്നു. കെയ്‌ലി ആദ്യമായി മാതൃത്വം സ്വീകരിക്കുമ്പോൾ ജെയ്യ്ക്ക് ഇത് രണ്ടാമത്തെ ഗർഭധാരണമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കഴിഞ്ഞ ക്രിസ്മസിന് സഹോദരി ആമി ഗുഡ്‌വില്ലി (24 ) യാണ് താൻ ഗർഭിണിയാണെന്ന് ആദ്യമായി പ്രഖ്യാപിച്ചത്. പിന്നാലെ ഓരോ സഹാദരിമാരും തങ്ങളും ഗർഭിണികളാണെന്ന് കുടുംബത്തെ അറിയിക്കുകയായിരുന്നു. ഏറ്റവും ഒടുവിലായി മാർച്ച് മാസത്തിൽ നാലാമത്തെ സഹോദരിയായ കെറി-ആൻ തോമസ് (41) താനും ഗർഭിണിയാണെന്ന വെളിപ്പെടുത്തൽ നടത്തി. ആമി ഓഗസ്റ്റിലും കെറിയും ഓക്ടോബറിലും പ്രസവിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

നാല് സഹോദരിമാരും ഒരു മിച്ച് ഒരു വീട്ടിലാണ് താമസിക്കുന്നത്. ഇതുവരെ സഹോദരിമാരായ തങ്ങൾ പരസ്പരം തങ്ങളുടെ വസ്ത്രങ്ങൾ മോഷ്ടിച്ച് ഇടാറുണ്ടെന്നും ഇനി അത്തരം കാര്യങ്ങളിൽ മാറ്റമുണ്ടാകുമെന്നും കെയ്‍ലി പറഞ്ഞു. കെറി-ആൻ ആകട്ടെ ജനിക്കാൻ പോകുന്ന കുഞ്ഞുങ്ങളെ കുറിച്ച് ആവേശത്തിലാണ്. “ഇത് കുടുംബത്തിന് ശരിക്കും ആവേശകരമാണ്. നഴ്‌സറിയിലും സ്‌കൂളിലും പോയിക്കഴിഞ്ഞാൽ കുട്ടികളെല്ലാവരും ഒരുമിച്ച് ഒരേ ക്ലാസിലായിരിക്കുമെന്ന കാര്യം എനിക്കിഷ്ടമാണ്. അവർ നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ” അവർ കൂട്ടിച്ചേർത്തു.

ആഘോഷ ദിവസങ്ങളിലും അവധി ദിവസങ്ങളിലും ആ വീട് ശബ്ദമുഖരിതമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. കാരണം ഇപ്പോൾ തന്നെ നവജാത ശിശുക്കൾ ഉൾപ്പടെ 22 പേർ ആ കുടുംബത്തിലുണ്ട്. നാല് സഹോദരിമാർക്കുമായി രണ്ട് സഹോദരിമാർ കൂടിയുണ്ട്. കിം ഗുഡ്‌വിലും (27), ജോഡി ഗുഡ്‌വില്ലിയും (21). ആറ് സഹോദരിമാരുടെ മാതാപിതാക്കളും അവരുടെ ഭർത്താക്കന്മാരും നാല് പേരക്കുട്ടികളും അടക്കമാണ് ഇത്. കുടുംബത്തിലേക്ക് കൂടുതൽ അംഗങ്ങൾ വരുന്നത് ഏറെ സന്തേഷം തരുന്നതായി കുടുംബാഗംങ്ങൾ പറയുന്നു.

Advertisement