ബ്രീട്ടീഷ് രാജാവ് ചാൾസിനെ “ദൈവപുത്രൻ” ആയി ആരാധിച്ച് ഗോത്രജനത

Advertisement

ലണ്ടൻ: ലണ്ടനിൽ പുതിയ രാജാവിൻറെ സ്ഥാനാരോഹണ ചടങ്ങ് നടക്കവേ അങ്ങ് ന്യൂസിലാൻറിൽ നിന്നും 500 കിലോമീറ്റർ അകലെയുള്ള ദക്ഷിണ പസഫിക് രാജ്യമായ വാനുവാട്ടുവിലെ ഒരു വിദൂര ഗോത്രത്തിൽ മറ്റൊരു സ്ഥാനാരോഹണത്തിനുള്ള തയ്യാറെടുപ്പ് നടക്കുകയായിരുന്നു. ബ്രിട്ടനിൽ ചാൾസിന് രാജാവായി സ്ഥാനാരോഹണമായിരുന്നുവെങ്കിൽ വാനുനാട്ടുവിൽ ഗോത്രവിഭാഗങ്ങൾ ചാൾസിനെ ‘ദൈവപുത്രൻ’ ആയി വാഴിക്കുകയായിരുന്നു.

വാനുവാട്ടുവിലെ ടന്ന ദ്വീപിലെ ഇയോഹ്നാനെൻ, യാക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗ്രാമവാസികൾ ചടങ്ങിൻറെ ഭാഗമായി ആചാരപരമായ നൃത്തങ്ങൾ അവതരിപ്പിക്കുകയും പരമ്പരാഗത പാനീയമായ കാവ കുടിക്കുകയും പന്നികളെ അറുക്കുകയും ചെയ്തെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചാൾസിൻറെ പിതാവ്, അന്തരിച്ച ഫിലിപ്പ് രാജാവ് തങ്ങളുടെ ദൈവത്തിൻറെ പുത്രനാണെന്നാണ് ഈ ഗോത്രവർഗ്ഗക്കാരുടെ വിശ്വാസം. ഫിലിപ്പ് ജനിച്ചത് തങ്ങളുടെ കൂട്ടത്തിലാണെന്നും എന്നാൽ ലോകം ചുറ്റിക്കാണാനും ലോകത്തിലെ ഏറ്റവും ശക്തയായ സ്ത്രീയെ, എലിസബത്ത് രാജ്ഞിയെ വിവാഹം കഴിക്കാനുമായി അദ്ദേഹം ഗ്രാമം വിട്ടതാണെന്നും ഇവർ വിശ്വസിക്കുന്നു.

1974 – ൽ ഫിലിപ്പും ഭാര്യ എലിസബത്ത് രാജ്ഞിയും ആദ്യമായി ദ്വീപ് സന്ദർശിച്ചപ്പോൾ, ഗോത്രവാസികൾ അദ്ദേഹത്തോടുള്ള സ്നേഹം കൂടുതൽ ശക്തിപ്പെടുത്തുകയും രാജകുടുംബത്തോട് അഗാധമായ ബഹുമാനം പുലർത്തുകയും ചെയ്തു. 2021 -ൽ ഫിലിപ്പിൻറെ മരണം ഗ്രാമവാസികൾക്കിടയിൽ വലിയ ദുഃഖമാണ് ഉണ്ടാക്കിയത്. പതിറ്റാണ്ടുകളായി ഫിലിപ്പ് സമ്മാനമായി ഗ്രാമത്തിലേക്ക് അയച്ച രാജകുടുംബത്തിൻറെ ഫോട്ടോകൾ അന്ന് ഗ്രാമത്തിൽ പ്രദർശിപ്പിച്ചാണ് ഗോത്രക്കാർ ബ്രീട്ടീഷ് രാജകുടുംബത്തോടുള്ള തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചത്. എലിസബത്തിൻറെ മരണത്തോടെ ചാൾസ് ബ്രിട്ടൻറെ പുതിയ രാജാവായി അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ ബ്രിട്ടനിലെ ആക്ടിംഗ് ഹൈക്കമ്മീഷണർ മൈക്കൽ വാട്ടേഴ്‌സ്, ചാൾസിൻറെ ഛായാ ചിത്രം ഗ്രാമവാസികൾക്ക് അയച്ച് കൊടുത്തതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു.

Advertisement