കോടതിക്കു പുറത്തുവച്ച് ഇമ്രാൻ ഖാൻ അറസ്റ്റിൽ; പിടികൂടിയത് തോഷഖാന കേസിൽ

Advertisement

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പിടിഐ നേതാവുമായ ഇമ്രാൻ ഖാൻ അറസ്റ്റിൽ. ഇസ്‌‌ലാമാബാദ് ഹൈക്കോടതിക്കു പുറത്തുവച്ച് അർധസൈനിക വിഭാഗം ഇമ്രാനെ അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ട്.

അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. പാക്ക് പ്രാദേശിക മാധ്യമങ്ങളാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്. പ്രധാനമന്ത്രിയായിരിക്കെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ സമ്മാനങ്ങൾ കൂടിയ വിലയ്ക്കു വിറ്റെന്നും ഇതിന്റെ കണക്കുകൾ മറച്ചുവച്ച് നികുതി വെട്ടിച്ചെന്നതുമായി ബന്ധപ്പെട്ട തോഷഖാന കേസിലാണ് അറസ്റ്റെന്നാണ് വിവരം.

തോഷഖാന അഴിമതിക്കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റ് ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും എല്ലാം വിഫലമായിരുന്നു. അനുയായികളുടെ സഹായത്തോടെയാണ് ഇമ്രാൻ പിടികൊടുക്കാതെ പിടിച്ചുനിന്നത്. ഇതേത്തുടർന്ന് പൊലീസും ഇമ്രാന്റെ അനുയായികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു.

വിദേശത്തുനിന്നു ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വകുപ്പായ തോഷഖാനയിൽനിന്നു വിലയേറിയ സമ്മാനങ്ങൾ കുറഞ്ഞവിലയ്ക്കു സ്വന്തമാക്കി മറിച്ചുവിറ്റു എന്നതാണ് തോഷഖാന കേസ്. ഇക്കഴിഞ്ഞ മാർച്ചിൽ ഈ കേസുമായി ബന്ധപ്പെട്ട് ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ വീട് യുദ്ധക്കളമായിരുന്നു. തുടർന്ന് മാർച്ച് ഏഴിന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. വാറന്റ് റദ്ദാക്കണമെന്ന് ഹർജി നൽകിയെങ്കിലും 13ന് മുൻപ് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടു. എന്നാൽ ജീവന് ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഇമ്രാൻ കോടതിയിലെത്തിയില്ല. ഇതോടെ ജാമ്യമില്ലാ വാറന്റ് അയച്ചിരുന്നു.

Advertisement