ഇംഗ്ലണ്ടിലെ ബ്രിഡ്ലിംങ്ടണ്‍ കടല്‍ത്തീരത്ത് കഴിഞ്ഞദിവസം മുപ്പതിനായിരം കിലോഗ്രാം ഭാരമുള്ള ഒരു തിമിംഗലം തീരത്തുവന്നടിഞ്ഞു. ഫിന്‍ വെയില്‍ ഇനത്തില്‍പ്പെട്ട തിമിംഗലത്തിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.
17 മീറ്റര്‍ നീളമാണ് തിമിംഗലത്തിന് ഉണ്ടായിരുന്നത്. തിമിംഗലത്തിന്റെ വലുപ്പം കൊണ്ടുതന്നെ അതിനെ തീരത്തു നിന്നും നീക്കം ചെയ്യാന്‍ അധികൃതര്‍ക്ക് കഠിന പരിശ്രമം തന്നെ വേണ്ടി വന്നു. ഇന്നോളം നടത്തിയതില്‍ വച്ച് ഏറ്റവും ശ്രമകരമായ ദൗത്യമായിരുന്നു ഇതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. അബദ്ധത്തില്‍ തീരത്തു വന്നടിഞ്ഞ ശേഷം തിരികെ കടലിലേക്ക് തിമിംഗലത്തെയെത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു സാധിക്കു മുന്‍പ് തിമിംഗലത്തിന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു.
തിമിംഗലം തീരത്തടിഞ്ഞ വാര്‍ത്ത പരന്നതോടെ അതിനെ കാണുന്നതിന് വേണ്ടി മാത്രമായി ആളുകള്‍ ഇവിടേക്ക് ഒഴുകിയെത്തിയിരുന്നു. തിമിംഗലത്തിന് സമീപം നിന്ന് സെല്‍ഫി എടുക്കാനായിരുന്നു ആളുകളുടെ ശ്രമം. ഒടുവില്‍ ജനങ്ങളെ നിയന്ത്രിക്കാനായി പ്രത്യേക സുരക്ഷാ സംഘത്തെയും ഭരണകൂടത്തിന് നിയോഗിക്കേണ്ടി വന്നു. തിമിംഗലം ചത്തതോടെ ജഡം തീരത്തു നിന്ന് എങ്ങനെ നീക്കംചെയ്യുമെന്നതായിരുന്നു പ്രധാന തലവേദന. ഒരു ഘട്ടത്തില്‍ പല ഭാഗങ്ങളായി ശരീരം മുറിച്ച ശേഷം നീക്കം ചെയ്യേണ്ടി വരുമെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തുകയും ചെയ്തു. എന്നാല്‍ അവസാന വട്ട പരിശ്രമത്തില്‍ തിമിംഗലത്തിനെ അതേ നിലയില്‍ തീരത്തു നിന്ന് മാറ്റാന്‍ അധികൃതര്‍ക്ക് സാധിച്ചു.