‘മോഖ’ കര തൊട്ടു, 210 കി.മീ വേഗം; ബംഗ്ലദേശിലും മ്യാൻമറിലും കനത്തമഴ

Advertisement

ധാക്ക: ബംഗാൾ ഉൾക്കടലിൽ രൂപമെടുത്ത അതിതീവ്രചുഴലിക്കാറ്റ് ‘മോഖ’ കരതൊട്ടു. മണിക്കൂറിൽ 210 കിലോമീറ്റർ വേഗത്തിലെത്തുന്ന മോഖ ബംഗ്ലാദേശ്, മ്യാൻമർ തീരങ്ങളിൽ കനത്തനാശം വിതയ്ക്കുമെന്നാണു വിലയിരുത്തൽ. തീരത്തുടനീളം കനത്ത മഴ തുടങ്ങി. ബംഗ്ലാദേശിലെ സെൻറ് മാർട്ടിൻസ് ദ്വീപ് വെള്ളത്തിനടിയിലാകുമെന്ന് മുന്നറിയിപ്പുണ്ട്.

മ്യാൻമറും ബംഗ്ലദേശും പതിനായിരത്തിലധികം ആളുകളെ ഒഴിപ്പിച്ചു കഴിഞ്ഞു. ബംഗ്ലാദേശിൽ മാത്രം അഞ്ച് ലക്ഷത്തോളം പേരെ ഒഴിപ്പിക്കേണ്ടിവരുമെന്നാണു കണക്കുകൂട്ടൽ. നാലായിരത്തിൽ അധികം സുരക്ഷാ ക്യാംപുകളും സജ്ജീകരിച്ചു. രോഹിൻഗ്യൻ അഭയാർഥികളുടെ ക്യാംപ് സ്ഥിതി ചെയ്യുന്ന കോക്സ് ബസാർ ജില്ലയിൽ ഉൾപ്പെടെ അതീവജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ലോകാരോഗ്യസംഘടനയുടെ പ്രത്യേക സംഘം തന്നെ പ്രദേശത്ത് നിലയുറപ്പിച്ചു.

ഇന്ത്യയിൽ ബംഗാളിൻറെ തീരപ്രദേശങ്ങളിലും ചുഴലിക്കാറ്റ് ഭീഷണിയുണ്ട്. ഇവിടെനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. ദുരന്തനിവാരണ സേനയെയും രക്ഷാപ്രവർത്തകരെയും സജ്ജമാക്കി. ആൻഡമാൻ നിക്കോബർ ദ്വീപുകളിലും മഴ ശക്തമാകും. കേരളത്തിൽ ചില സ്ഥലങ്ങളിൽ മേയ് 15 മുതൽ മേയ് 18 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement