പിഎച്ച്ഡി തിസീസുകൾ ചവറ്റ് കൊട്ടയിൽ; പ്രതിഷേധവുമായി നെറ്റിസൺസ്

Advertisement

ആയിരത്തിതൊള്ളായിരങ്ങളിൽ സ്ഥിരമായി മലയാള പത്രങ്ങളിൽ വന്നിരുന്ന വാർത്തകളിലൊന്ന് ‘കാലിക്കറ്റ് യൂണിവേഴ്സിറ്റി പരീക്ഷാ പേപ്പറുകൾ പശു തിന്ന നിലയിൽ’, ‘മാലിന്യത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ’ എന്നിങ്ങനെയുള്ളവയായിരുന്നു. പ്രത്യേകിച്ച് ഡിഗ്രി പരീക്ഷ കഴിഞ്ഞ്, റിസൾട്ട് വരുന്നതിന് മുമ്പായാണ് ഇത്തരം വാർത്തകൾ പത്രങ്ങളുടെ ഒന്നാം പേജുകളിൽ വരെ ഇടം പിടിച്ചിരുന്നത്. അടുത്തകാലത്തായി പരീക്ഷാ നടത്തിപ്പ് കുറേകൂടി കാര്യക്ഷമമായതിനാലാകാം ഇത്തരം വാർത്തകൾ ഇപ്പോൾ പഴയത് പോലെ മലയാളി കാണാറില്ല. എന്നാൽ കഴിഞ്ഞ ദിവസം സമാനമായൊരു വാർത്ത നെറ്റിസൺസിനിടെയിൽ വ്യാപകമായി പ്രചരിച്ചു. അത് പിഎച്ച്ഡി തിസീസുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നതായിരുന്നു.

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷനായ ചിന്താ ജെറാമിൻറെ പിഎച്ച്ഡി തിസീസുമായി ബന്ധപ്പെട്ട കോപ്പിയടി ആരോപണങ്ങളെ തുടർന്ന് ‘പിഎച്ച്ഡി പ്രബന്ധങ്ങളെ കൊണ്ട് എന്തുണ്ട് കാര്യം’ എന്ന വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ചർച്ചകൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കാനഡയിലെ എഡ്മണ്ടനിലുള്ള ആൽബെർട്ട സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധങ്ങൾ ചവറ്റുകൊട്ടിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. @Jeffs_behaviour എന്ന ട്വിറ്റർ ഹാൻറിലിൽ നിന്നാണ് ഇത് സംബന്ധിച്ച ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവയ്ക്കപ്പെട്ടത്. ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് caffienated_pigeon ഇങ്ങനെ എഴുതി.’ ഇന്ന് രാത്രി എൻറെ ലക്ചർ കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ, കാര്യകാരണ സഹിതം ബന്ധിപ്പിച്ച് അവതരിപ്പിച്ച, എല്ലാ ബൈൻറിംഗും കഴിഞ്ഞ പിഎച്ച്ഡി പ്രബന്ധങ്ങൾ @UAIberta വിദ്യാഭ്യാസ കേന്ദ്രത്തിന് പുറകിലെ കുപ്പത്തൊട്ടിയിൽ കിടക്കുന്നത് കണ്ടു. ഇവ റീസൈക്കിൾ ചെയ്യപ്പെടുക പോലുമില്ല, നേരെ മാലിന്യനിക്ഷേപത്തിലേക്കാകും പോകുക. ഇത് ഒരു ആധുനിക വിദ്യാഭ്യാസത്തിൻറെ അവസ്ഥയെ വിചിത്രമായി സംഗ്രഹിക്കുന്നതായി തോന്നാതിരിക്കാനാവില്ല.’

ചിത്രങ്ങൾ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേർ വിദ്യാഭ്യാസ സമ്പ്രദായത്തെയും മൂല്യനിർണ്ണയത്തെയും സംബന്ധിച്ച തങ്ങളുടെ കാഴ്ചപ്പാടുകളെ കുറിച്ച് എഴുതി. ചിത്രങ്ങളും കുറിപ്പും ഇതിനകം നാൽപ്പത്തെട്ട് ലക്ഷത്തിലധികം പേര് കണ്ടുകഴിഞ്ഞു. “വേദനാജനകം! അവ അച്ചടിക്കുന്നതിന് എത്ര ചെലവേറിയതാണെന്ന് ഓർക്കുന്നു. എൻറെ സൂപ്പർവൈസർ ആഴ്ചകൾക്ക് മുമ്പ് ബന്ധപ്പെട്ടു, അദ്ദേഹത്തിന് എൻറെ തീസിസ് കണ്ടെത്താൻ കഴിഞ്ഞില്ല. സാഹിത്യം കണ്ടെത്തുന്നതിന് അനുബന്ധം ആവശ്യമായിരുന്നു. 2016 മുതൽ എൻറെ പഴയ ലിനക്സ് ലാപ്‌ടോപ്പിൽ ഞാൻ ഒരു PDF ഉം odt ഉം സൂക്ഷിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റിക്ക് അത് നഷ്‌ടപ്പെട്ടതായി തോന്നുന്നു,” ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി. ചിലർ, പേടിക്കേണ്ടതില്ല. തിസീസുകൾ ഡിജിറ്റലൈസ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആശ്വസിപ്പിച്ചു. ചിലർ ഇപ്പോഴും അതവിടെ ഉണ്ടെങ്കിൽ എടുത്ത് സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി. ഇനിയും ചിലർ പിഎച്ച്ഡി പ്രബന്ധങ്ങൾക്ക് പുറകിലുള്ള അധ്വാനത്തെ കുറിച്ച് വേവലാതിപ്പെട്ടു.

Advertisement