കുടുംബ വിസയ്ക്ക് കർശന നിയന്ത്രണം; യു.കെ സ്വപ്‍നങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

Advertisement

ലണ്ടൻ: വിദ്യാർത്ഥി വിസയിൽ യുകെയിൽ എത്തുന്നവർ തങ്ങളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരുന്നതിന് കർശന നിയന്ത്രണം. യു.കെ ഹോം ഓഫീസ് പുറത്തിറക്കിയ പുതിയ ഇമിഗ്രേഷൻ നിയമത്തിലാണ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകൾ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും ഇനി മുതൽ തങ്ങളുടെ കുടുംബാംഗങ്ങളെയും യുകെയിലേക്ക് കൊണ്ടുവരാനുള്ള അനുമതി ഉണ്ടാവുക.

കഴിഞ്ഞ ദിവസം യു.കെ ഹോം സെക്രട്ടറി സുവല്ല ബ്രവർമൻ പുതിയ എമിഗ്രേഷൻ നിയമങ്ങൾ സംബന്ധിച്ച നിർണായക പ്രഖ്യാപനം നടത്തിയിരുന്നു. ഗവേഷണാധിഷ്‍ഠിതമായ ബിരുദാനന്തര കോഴ്‍സുകൾ പഠിക്കുന്നവർ ഒഴികെയുള്ള വിദ്യാർത്ഥികൾക്ക് ആശ്രിത വിസയിൽ കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരാൻ അനുമതി ഉണ്ടാവില്ലെന്ന് പ്രഖ്യാപനത്തിൽ പറയുന്നു. റിസർച്ച് പ്രോഗ്രാമുകളായ നിലവിൽ നിജപ്പെടുത്തിയിട്ടുള്ള കോഴ്‍സുകൾ പഠിക്കുന്നവർക്ക് മാത്രമായി ആശ്രിത വിസാ അനുമതി പരിമിതപ്പെടുന്നതോടെ സാധാരണ ഡിഗ്രി കോഴ്‍സുകൾക്കോ അല്ലെങ്കിൽ സർവകലാശാലകൾ നടത്തുന്ന ഹ്രസ്വ കോഴ്‍സുകൾക്കോ പഠിക്കാനായി യു.കെയിൽ എത്തുന്നവർക്ക് കുടുംബാംഗങ്ങളെ കൊണ്ടുവരാൻ കഴിയില്ല.

യുകെയിലേക്ക് കുടിയേറിയിട്ടുള്ള പതിനായിരക്കണക്കിന് മലയാളികൾ ഉൾപ്പെടെയുള്ളവർ ബിരുദ കോഴ്‍സുകൾക്കോ അല്ലെങ്കിൽ മറ്റ് ചെറിയ കോഴ്‍സുകൾക്കോ ചേർന്നാണ് കുടുംബാംഗങ്ങളോടൊപ്പം ഇവിടെ താമസിക്കുന്നത്. കുടിയേറ്റം നിയന്ത്രിക്കുന്നതിന് കർശനമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

വിദേശ വിദ്യാർത്ഥികൾക്ക് പഠനം പൂർത്തിയാക്കിയ ശേഷം ജോലി കണ്ടെത്തുന്നതിനായി രണ്ട് വർഷം താമസിക്കാനുള്ള വിസ നൽകുന്ന നടപടി 2019ൽ ആരംഭിച്ച ശേഷം യുകെയിലക്കുള്ള പഠന വിസയ്ക്ക് അപേക്ഷിക്കുന്നവരുടെ എണ്ണം കുതിച്ചുയർന്നിരുന്നു. കുടുംബാംഗങ്ങൾക്കുള്ള ആശ്രിത വിസകൾക്കുള്ള അപേക്ഷകളുടെ എണ്ണം മുമ്പെങ്ങുമില്ലാത്ത വിധത്തിൽ വർദ്ധിച്ചതായും ഹോം സെക്രട്ടറി പറഞ്ഞു. രണ്ട് വർഷത്തെ പോസ്റ്റ് സ്റ്റഡി വിസ അനുവദിക്കുന്ന കാര്യത്തിലും സർക്കാർ നിയന്ത്രണം കൊണ്ടുവരുമെന്ന് സൂചനകളുണ്ട്.

നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള വിസാ നിയന്ത്രണങ്ങൾ അടുത്ത വർഷം ജനുവരി മുതലാണ് പ്രാബല്യത്തിൽ വരികയെന്നതിനാൽ നിലവിൽ യുകെയിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ബാധിക്കില്ല. എന്നാൽ പുതിയ കുടിയേറ്റ നിയമ ഭേദഗതികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇനിയുള്ള അപേക്ഷകളിൽ നിയന്ത്രണം വരുമെന്നും റിപ്പോർട്ടുകളുണ്ട്.

2022-2023 വർഷത്തിൽ യു.കെയിലേക്കുള്ള കുടിയേറ്റം ഏഴ് ലക്ഷം കടന്നതായാണ് അനൗദ്യോഗിക കണക്കുകൾ. ഇത് സംബന്ധിച്ച ഔദ്യോഗിക റിപ്പോർട്ട് ദിവസങ്ങൾക്കകം പുറത്തുവരും. ഇതേ കാലയളവിൽ വിദേശ വിദ്യാർത്ഥികളുടെ ആശ്രിതർക്കായി 1,35,788 വിസകൾ നൽകിയിട്ടുണ്ട്. 2019ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏതാണ്ട് ഒൻപത് ഇരട്ടിയാണിത്. ആശ്രിതരെ കൊണ്ടുവരുന്നതിനുള്ള നിയന്ത്രണത്തിന് പുറമെ വിദ്യാർത്ഥി വിസയിലെത്തുന്നവർ പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തൊഴിൽ വിസയിലേക്ക് മാറുന്നതിനുള്ള നിയന്ത്രണവും മലയാളികളെ ബാധിക്കും.

പഠനം പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ തൊഴിൽ വിസയിലേക്ക് മാറാമെന്ന പ്രതീക്ഷയോടെ നിലവിൽ യുകെയിലെത്തി പഠനം തുടരുന്നവർ വിസ പുതുക്കാൻ ശ്രമിക്കുമ്പോൾ തടസങ്ങൾ നേരിട്ടേക്കും. യുകെയിലേക്കുള്ള കുടിയേറ്റത്തിന് തടയിടുകയെന്ന സർക്കാർ നയം പ്രായോഗിക വത്കരിക്കാനുള്ള കൂടുതൽ തീരുമാനങ്ങൾ തുടർന്നും ഉണ്ടാവുമെന്ന റിപ്പോർട്ടുകളുമുണ്ട്.