വാഷിങ്ടൺ: ലോകത്തെ ഏറ്റവും ദുരിതപൂർണ രാജ്യമായി ആഫ്രിക്കൻ രാജ്യമായ സിംബാബ്‌വെ. സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി രാജ്യങ്ങളെ വിലയിരുത്തുന്ന പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കെയുടെ വാർഷിക ദുരിത സൂചിക (HAMI)യിലാണ് സിംബാബ്‌വെ ഏറ്റവും ദുരിതം നിറഞ്ഞ രാജ്യമാണെന്ന് പറയുന്നത്.
യുദ്ധം നേരിടുന്ന യുക്രൈൻ, സിറിയ, സുഡാൻ തുടങ്ങിയ രാജ്യങ്ങളേക്കാൾ സ്ഥിതി മോശമാണ് സിംബാബ്‌വെയുടെ അവസ്ഥയെന്ന് സൂചിക വ്യക്തമാക്കുന്നു. രാജ്യത്തെ പണപ്പെരുപ്പം കഴിഞ്ഞ വർഷം 243.8 ശതമാനത്തിലെത്തി. മൊത്തം 157 രാജ്യങ്ങളെ റാങ്കിങ്ങിനായി തെരഞ്ഞെടുത്തു. അസാധാരണമായ പണപ്പെരുപ്പം, ഉയർന്ന തൊഴിലില്ലായ്മ, ഉയർന്ന വായ്പാ നിരക്കുകൾ, വിളർച്ച, യഥാർഥ ജിഡിപി വളർച്ച എന്നിവയാണ് പ്രധാന മാനദണ്ഡങ്ങളായി സ്വീകരിച്ചത്.
രാജ്യം ഭരിക്കുന്ന പാർട്ടിയായ ZANU-PFനെയും അവരുടെ നയങ്ങളെയുമാണ് ഹാങ്കെ കുറ്റപ്പെടുത്തുന്നത്. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, ഉക്രെയ്ൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അംഗോള, ടോംഗ, ഘാന എന്നിവയാണ് ഏറ്റവും ദുരിതമനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലെ ആദ്യ 15 രാജ്യങ്ങൾ. സ്വിറ്റ്‌സർലൻഡാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. സ്വിറ്റ്സർലൻഡിലെ പൗരന്മാർ ഏറ്റവും സന്തുഷ്ടരാണെന്നും അതിനുള്ള പ്രധാന കാരണം രാജ്യത്തിന്റെ പൊതുകടം-ജിഡിപി അനുപാതം കുറവായതിനാലാണെന്നും ഹാങ്കെ ട്വീറ്റ് ചെയ്തു.
ഏറ്റവും സന്തുഷ്ടരായ രാജ്യങ്ങളുടെ പട്ടികയിൽ കുവൈറ്റ്, അയർലൻഡ്, ജപ്പാൻ, മലേഷ്യ, തായ്‌വാൻ, നൈജർ, തായ്‌ലൻഡ്, ടോഗോ, മാൾട്ട എന്നിവയാണ് സ്വിറ്റ്സർലൻഡിന് പിന്നിൽ. പട്ടികയിൽ 103-ാം സ്ഥാനത്താണ് ഇന്ത്യ. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ പ്രശ്നത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. പട്ടികയിൽ 134-ാം സ്ഥാനത്താണ് അമേരിക്ക. തൊഴിലില്ലായ്മയാണ് അമേരിക്കയിലെയും പ്രധാന പ്രശ്നം. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് പ്രകാരം തുടർച്ചയായി ഒന്നാമതെത്തുന്ന ഫിൻലൻഡ് സൂചികയിൽ 109-ാം സ്ഥാനത്താണ്.