കോടീശ്വരൻറെ 18 കാരൻ മകൻ സ്വവർഗ്ഗ വിവാഹം ചെയ്തു; രണ്ട് മണിക്കൂറിന് ശേഷം മരിച്ച നിലയിൽ

Advertisement

ദശലക്ഷക്കണക്കിന് ഡോളർ പാരമ്പര്യമായി ലഭിച്ചതിന് തൊട്ട് പിന്നാലെ തായ്‍വാനീസ് കോടീശ്വരൻറെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. അതും അയാളുടെ സ്വവർഗ്ഗ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്ത് രണ്ട് മണിക്കൂറിന് ശേഷം.

മരണത്തിന് തൊട്ട് മുമ്പ് ഏപ്രിലിൽ മരിച്ച ലായുടെ പിതാവിൻറെ അക്കൗണ്ടിൽ നിന്നും 134 കോടി രൂപ പാരമ്പര്യമായി ലഭിച്ചിരുന്നെന്നും ഇതിന് രണ്ട് മണിക്കൂറ് മുമ്പാണ് 18 കാരനായ ലായ് തൻറെ വിവാഹം രജിസ്റ്റർ ചെയ്തതെന്നും ഇൻഡിപെൻഡൻറ് റിപ്പോർട്ട് ചെയ്തു. ഇദ്ദേഹം വിദ്യാർത്ഥിയായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു.

10 നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിൻറെ താഴത്തെ നിലയിലാണ് ലായിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിൻറെ റിയൽ എസ്റ്റേറ്റ് ഏജൻറ് ഹ്സിയയും ഈ സമയം ഇതേ കെട്ടിടത്തിലുണ്ടായിരുന്നു. 26 കാരനായ ഹ്സിയയുമായുള്ള വിവാഹമാണ് മരണത്തിന് രണ്ട് മണിക്കൂർ മുമ്പ് ലായ് രജിസ്റ്റർ ചെയ്തതെന്നതും ദുരൂഹത വർദ്ധിപ്പിച്ചു. ഹ്സിയയും പിതാവും ലായ്യുടെയും പിതാവിൻറെയും എസ്റ്റേറ്റുകൾ നോക്കിനടത്താൻ സഹായിച്ചിരുന്നവരാണ്. ഇരുവരും വർഷങ്ങളായി ലായുടെ പിതാവിന് വേണ്ടി ജോലി ചെയ്തുവരികയായിരുന്നു.

കഴിഞ്ഞ മെയ് 19 ന് ലായുടെ അമ്മ ചെൻ, അവരുടെ അഭിഭാഷകനൊപ്പം നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയാണ് ലായുടെ മരണം പുറം ലോകമറിഞ്ഞത്. അപ്പോഴേക്കും ലായ് മരിച്ച് 15 ദിവസങ്ങൾ കഴിഞ്ഞിരുന്നു. എപ്രിൽ മരിച്ച പിതാവിൻറെ സ്വത്തിൻറെ വലിയൊരു ഭാഗം തൻറെ മകൻറെ കൈവശമാണെന്നും ഇതിനാൽ മകൻറെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇവർ പത്രസമ്മേളനത്തിനിടെ ആരോപിച്ചു. പണത്തിന് വേണ്ടി മകനെ ആരോ കൊലപ്പെടുത്തിയതാണെന്നും അത് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമങ്ങൾ നടന്നെന്നും ഇവർ ആരോപിച്ചു.

തൻറെ മകൻ ഒരു സ്വവർഗ്ഗാനുരാഗിയല്ലെന്നും മരിക്കുന്നതിന് മുമ്പ് അവൻ രണ്ട് തവണ മാത്രമാണ് ഹ്സിയയെ കണ്ടിട്ടുള്ളതെന്നും അതിൽ തന്നെ പിതാവിൻറെ മരണാനന്തര ചടങ്ങിനാണ് മകൻ ആദ്യമായി ഹ്സിയയെ കണ്ടെതെന്നും അവർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ‘ഒരു പ്രാദേശിക സർവ്വകലാശാലയിൽ തത്വശാസ്ത്രം പഠിക്കുകയായിരുന്ന അനുസരണയുള്ള ആൺകുട്ടിയാണ് അവനെന്നും’ അവർ കൂട്ടിച്ചേർത്തു.

ലായുടെ മൃതദേഹത്തിൽ കെട്ടിടത്തിൻറെ മുകളിൽ നിന്ന് വീണതിൻറെ പാടുകളൊന്നുമുണ്ടായിരുന്നില്ല. ആന്തരീകാവയവങ്ങൾക്കോ വയറിനോ തലയ്ക്കോ ശരീരത്തിൻറെ മറ്റ് ഭാഗങ്ങളിലോ വീഴ്ചയിൽ സംഭവിക്കുന്ന പരിക്കോ ആന്തരീക രക്തസ്രാവമോ ഉണ്ടായിരുന്നില്ല. എന്നാൽ മരണത്തിന് മുമ്പ് ലായുടെ ശരീരത്തിൽ വിഷം ചെന്നിരിക്കാൻ സാധ്യതയുണ്ടെന്ന് ലായിയുടെ മൃതദേഹം പരിശോധിച്ച ഫോറൻസിക് മെഡിക്കൽ വിദഗ്ധൻ കാവോ ടാ-ചെങ് മാധ്യമങ്ങളോട് പറഞ്ഞു. തായ്‍വാനിൽ സ്വവർഗ്ഗ വിവാഹം നിയമപരമായി സാധുതയുള്ള ഒന്നാണ്. തായ്‌വാനിലെ സിവിൽ കോഡിന് കീഴിൽ, സ്വവർഗ വിവാഹത്തിലെ പങ്കാളികൾക്ക്, അനന്തരാവകാശം ഉൾപ്പെടെ, മറ്റ് വിവാഹങ്ങൾക്ക് സമാനമായ എല്ലാ നിയമപരമായ അവകാശങ്ങളുണ്ട്.

Advertisement