റിയാദ്: ഉംറ തീർത്ഥാടനത്തിനായി വിദേശത്തു നിന്നെത്തിയ യുവതിക്ക് മക്കയിലെ മസ്‍ജിദുൽ ഹറമിൽ വെച്ച് സുഖപ്രസവം. സിംഗപ്പൂരിൽ നിന്നെത്തിയ മുപ്പത് വയസുകാരിയാണ് ഹറം പള്ളിയിലെ എമർജൻസി സെന്ററിൽ കുഞ്ഞിന് ജന്മം നൽകിയത്. ഒൻപത് മാസം ഗർഭിണിയായിരുന്ന യുവതിക്ക് മസ്‍ജിദുൽ ഹറമിൽ വെച്ച് പ്രസവ വേദന ആരംഭിക്കുകയായിരുന്നു.
ഉടൻ തന്നെ ഹറം എമർജൻസി സെന്ററിലെ മെഡിക്കൽ സംഘം ഇവർക്ക് ആവശ്യമായ പരിചരണമൊരുക്കി. അധികം വൈകാതെ തന്നെ സാധാരണ പ്രസവത്തിൽ യുവതി കുഞ്ഞിന് ജന്മം നൽകുകയും ചെയ്‍തു. പിന്നീട് തുടർ പരിചരണത്തിനായി അമ്മയെയും കുഞ്ഞിനെയും മെറ്റേണിറ്റി ആന്റ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. അമ്മയ്ക്കും കുഞ്ഞിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.