ചൈനയിൽ പടർന്ന് പുതിയ കോവിഡ് വകഭേദം; ആഴ്ചയിൽ 65 ലക്ഷം ആളുകൾ രോഗബാധിതരായേക്കാം

Advertisement

ബെയ്ജിങ്: ചൈനയിൽ പടർന്ന് കോവിഡിന്റെ പുതിയ വകഭേദം. ഒമിക്രോണിന്റെ എക്സ്ബിബി എന്ന വകഭേദമാണ് വ്യാപിക്കുന്നത്.

ജൂൺ ആദ്യത്തോടെ വ്യാപനം തീവ്രമാകാമെന്നാണ് വിലയിരുത്തൽ. ആഴ്‍ചയിൽ 65 ലക്ഷം പേരോളം വീതം രോഗബാധിതരായേക്കാമെന്നാണ് കരുതുന്നത്. നിലവിലുള്ള പ്രതിരോധശേഷിയെ മറികടക്കാൻ കഴിയുന്നതാണ് പുതിയ വകഭേദമെന്നാണ് സൂചന. ഇതു പടർന്നാൽ ജനസംഖ്യയുടെ 85 ശതമാനവും ഒരേസമയം രോഗബാധിതരാകും. പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ യുഎസിലും പനി ബാധിതർ വർധിച്ചിരുന്നു. ഇത് മറ്റൊരു തരംഗത്തിന് ഇടയാക്കുമെന്ന ആശങ്കയും അധികൃതർക്കുണ്ട്.

എക്സ്ബിബിയെ പ്രതിരോധിക്കാൻ പുതിയ വാക്സീൻ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ചൈന. ഈ വകഭേദത്തിനെതിരെയുള്ള രണ്ടു വാക്സീനുകൾ ചൈനീസ് വൈദ്യശാസ്ത്ര ഗവേഷകൻ സോങ് നാന്ഷാങ് വികസിപ്പിച്ചെന്നു വാഷിങ്ടൻ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇവ അനുമതികൾക്കായി നൽകിയിരിക്കുകയാണ്.

അതേസമയം, പുതിയ തരംഗം ചെറിയ തോതിൽ മാത്രമേ വ്യാപിക്കുകയുള്ളുവെന്നാണ് ചൈനീസ് അധികൃതരുടെ വാദം. എന്നാൽ വയോധികരെ ബാധിക്കുന്നത് ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

പക്ഷേ പുതിയ തരംഗത്തിന്റെ വ്യാപനം ചെറിയ തോതിലായാലും അത് സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ വളരെ വലുതാകാമെന്ന് ഹോങ്കോങ് സർവകലശാല സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഒരു ഗവേഷകൻ പറഞ്ഞു. ചൈനയിൽ കഴിഞ്ഞ രണ്ടാഴ്ചയായി പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. പക്ഷേ അതു ചെറിയ തോതിലായതിനാൽ ആശുപത്രികൾ നിറയുന്ന സാഹചര്യമുണ്ടാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.

Advertisement