ഭൂമിക്കടിയിലേക്ക് 10 കിലോമീറ്റർ കുഴിച്ച് തുടങ്ങി ചൈന, കണ്ടത്തേണ്ടത് ഇക്കാര്യങ്ങൾ

Advertisement

ബീജിങ്: ഭൂമിക്കടിയിലേക്ക് 32,802 അടി (10000 മീറ്റർ) കുഴിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ച് ചൈന. കഴിഞ്ഞ ദിവസമാണ് പര്യവേക്ഷണത്തിന്റെ ഭാ​ഗമായി ചൈനീസ് ശാസ്ത്രജ്ഞർ കുഴിയ്ക്കൽ പദ്ധതി തുടങ്ങി‌യത്. ചൊവ്വാഴ്ച രാജ്യത്തെ എണ്ണ സമ്പന്നമായ സിൻജിയാങ് മേഖലയിലാണ് പര്യവേക്ഷണം ആരംഭിച്ചതെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവ റിപ്പോർട്ട് ചെയ്തു. അന്നുതന്നെയാണ് ചൈന ഗോബി മരുഭൂമിയിൽ നിന്ന് ആദ്യത്തെ സിവിലിയൻ ബഹിരാകാശയാത്രികനെ അയച്ചതും.

10-ലധികം ഭൂഖണ്ഡാന്തര പാളികളിലെ പാറയുടെ പാളികളിലേക്ക് തുളച്ചുകയറുകയും ഭൂമിയുടെ പുറംതോടിലെ ക്രിറ്റേഷ്യസ് സിസ്റ്റത്തിൽ എത്തുകയും ചെയ്യുമെന്നും ഏകദേശം 145 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള പാറയിലേക്കാണ് കുഴിക്കുകയെന്നും ശാസ്ത്രജ്ഞർ പറഞ്ഞു. രണ്ട് നേർത്ത സ്റ്റീൽ കേബിളുകളിലൂടെ വലിയ ട്രക്ക് ഓടിക്കുന്നതിന് തുല്യമാണ് പദ്ധതിയെന്നും ചൈനീസ് അക്കാദമി ഓഫ് എഞ്ചിനീയറിംഗിലെ ശാസ്ത്രജ്ഞനായ സൺ ജിൻഷെംഗ് സിൻഹുവയോട് പറഞ്ഞു.

ആഴത്തിലുള്ള ഭൂമി പര്യവേക്ഷണത്തിൽ കൂടുതൽ പുരോഗതി കൈവരിക്കണമെന്ന് പ്രസിഡന്റ് ഷി ജിൻപിങ് 2021-ൽ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ആഹ്വാനം ചെയ്തിരുന്നു. ധാതു, ഊർജ്ജ വിഭവങ്ങൾ തിരിച്ചറിയാനും ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനങ്ങൾ തുടങ്ങിയ പാരിസ്ഥിതിക ദുരന്തങ്ങളുടെ അപകടസാധ്യതകൾ വിലയിരുത്താനും കഴിയുമെന്നാണ് നി​ഗമനം. റഷ്യയിലെ കോല സൂപ്പർഡീപ് ബോർഹോളാണ് ഭൂമിയിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമിത ഭൂ​ഗർഭ ദ്വാരം. 20 വർഷമെടുത്ത് ഡ്രിൽ ചെയ്താണ് 1989 ൽ 12,262 മീറ്റർ (40,230 അടി) ആഴത്തിൽ എത്തിയത്.

Advertisement