ഉത്തരേന്ത്യയില്‍ നിന്നും മകന്‍റെ മരണശേഷം മരുമകളെ വിവാഹം ചെയ്യുന്ന അമ്മായിയപ്പന്മാരുടെ വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അടുത്തകാലത്തായി ഇത്തരം വിവാഹങ്ങളുടെ ചില വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അവ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഡെക്ലാന്‍റെ അനുഭവം അതിലും തീവ്രമായിരുന്നു. ഡെക്ലാന്‍ ഫുള്ളറും (22) സ്റ്റെഫാനിയും (22) ദമ്പതികളായിരുന്നു. ഇരുവര്‍ക്കും രണ്ട് വയസുള്ള വില്ലോയെന്ന ഒരു പെണ്‍കുട്ടിയുമുണ്ട്. എന്നാല്‍, ഇംഗ്ലണ്ടിലെ വെയില്‍സില്‍ നിന്നുള്ള ഡെക്ലാന്‍ ഫുള്ളര്‍ തന്‍റെ അനുഭവം ദി സണിനോട് പറയുമ്പോള്‍ ഗദ്ഗദകണ്ഠനായി. തന്‍റെ പ്രശ്നങ്ങള്‍ തുടങ്ങിയത് 2022 സെപ്തംബറില്‍ തങ്ങളുടെ കൊച്ചു കുടുംബത്തോടൊപ്പം അച്ഛന്‍ താമസിക്കാന്‍ തുടങ്ങിയതിന് ശേഷമാണെന്ന് ഡെക്ലാന്‍ പറയുന്നു.
മുന്‍ ശ്മശാന ജോലിക്കാരനായിരുന്ന ഡെക്ലാന്‍ പറയുന്നത് തന്‍റെ ജീവിതം ഇന്ന് ടിവി സീരിയല്‍ പോലെയായെന്നാണ്. പ്രത്യേകിച്ചും ബ്രിട്ടീഷ് ടെലിവിഷന്‍ സോപ്പ് ഓപ്പറേ പോലെയായെന്ന്. താനില്ലാത്തപ്പോള്‍ അച്ഛനും തന്‍റെ ഭാര്യയും ചേര്‍ന്ന് ടിവിയില്‍ ദി സിംസണ്‍സ് (അമേരിക്കന്‍ കോമിക്ക് സീരിയല്‍) കാണുന്നതിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അയാള്‍ ആരോപിക്കുന്നു. ഉച്ചഭക്ഷണത്തിന് ശേഷം അച്ഛന്‍റെ മുറിയിലേക്ക് പോകാന്‍ ധൃതിപ്പെടുന്ന ഭാര്യയെ താന്‍ ഒരിക്കല്‍ പിടികൂടിയെന്നും അദ്ദേഹം പറയുന്നു.
“ഇത് അസുഖമാണ് – എന്‍റെ അച്ഛന് എന്നോട് ഇത് എങ്ങനെ ചെയ്യാൻ കഴിയും? ഇത് EastEnders-ൽ ( ബ്രിട്ടീഷ് ടെലിവിഷന്‍ സോപ്പ് ഓപ്പറേ) നിന്നുള്ള ഒരു പ്ലോട്ട് പോലെയാണ്. ഇത് സാധാരണമല്ല.” ഡെക്ലാൻ ദി സണിനോട് പറഞ്ഞു. വിവാഹമോചിതനും 44 കാരനുമായ പിതാവ് തങ്ങളോടൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് തനിക്ക് ഭാര്യയുടെ മേല്‍ സംശയങ്ങള്‍ ആരംഭിച്ചതെന്ന് അയാള്‍ പറയുന്നു. സംശയം കടുത്തപ്പോള്‍ അച്ഛന്‍റെ മുറിക്ക് മുന്നില്‍ ഘടിപ്പിച്ചിരുന്ന വെബ്ക്യാം പരിശോധിക്കാന്‍ അയാള്‍ തയ്യാറായി. അങ്ങനെ താന്‍ വീട്ടിലില്ലാത്തപ്പോള്‍ തന്‍റെ ഭാര്യ കൂടുതല്‍ സമയവും അച്ഛന്‍റെ മുറിയില്‍ ചിലവഴിക്കുന്നതായി കണ്ടെത്തിയെന്നും അയാള്‍ പറഞ്ഞു. സംശയം സ്ഥിരീകരിക്കപ്പെട്ടതിന് പിന്നാലെ ഡെക്ലാന്‍ ഫുള്ളര്‍, സ്റ്റെഫാനിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം സ്റ്റെഫാനിയും ഡാരനും തങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോയി. ഇന്ന് അവര്‍ തങ്ങളുടെ ഇരട്ടക്കുട്ടികള്‍ക്കായി കാത്തിരിക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
പക്ഷേ, ഡെക്ലാൻ ആകെ ആശയക്കുഴപ്പത്തിലാണ്. തന്‍റെ മുന്‍ ഭാര്യയായ സ്റ്റെഫാനിക്ക് തന്‍റെ അച്ഛനില്‍ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തന്‍റെ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്‍റെ മകള്‍ വില്ലോയ്ക്കും അവര്‍ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്നെ വില്ലോയ്ക്ക് പുതിയ കുട്ടികളുടെ അച്ഛനും അമ്മയും ഒരേസമയം അമ്മയും മുത്തച്ഛനുമായിരിക്കും. ഈ ബന്ധങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണെന്ന് ഡെക്ലാന്‍ പറയുന്നു. ഇന്ന് താന്‍ വഞ്ചിക്കപ്പെട്ടതായി തോന്നുന്നുവെന്നും എന്നാല്‍ അവരില്ലാത്ത തന്‍റെ ജീവിതം മികച്ചതാണെന്നും ഡെക്ലാന്‍ ദി സണ്ണിനോട് പറഞ്ഞു. എന്നാല്‍, താന്‍ ഡെക്ലാനെ ചതിച്ചിട്ടില്ലെന്നാണ് സ്റ്റെഫാനി അവകാശപ്പെടുന്നതെന്നും റിപ്പോര്‍ട്ട് പറയുന്നു.