അഞ്ചര ദശലക്ഷം വര്‍ഷം പഴക്കമുള്ള ആന ശ്മശാനം വടക്കന്‍ ഫ്‌ലോറിഡയില്‍ കണ്ടെത്തി. വംശനാശം സംഭവിച്ച ഇന്നത്തെ ആനകളുടെ പൂര്‍വികരെന്ന് പറയപ്പെടുന്ന ഗോംഫോതെറുകളുടെ ഫോസില്‍ രൂപത്തിലുള്ള അവശിഷ്ടങ്ങളാണ് ഫ്‌ലോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകര്‍ കണ്ടെത്തിയത്. വടക്കന്‍ ഫ്‌ലോറിഡയില്‍ മുന്‍പുണ്ടായിരുന്ന നദിയുടെ സമീപപ്രദേശത്ത് നിന്നാണ് ഇവ കണ്ടെത്തിയത്.
2022 ന്റെ തുടക്കത്തില്‍ മോണ്ട്ബ്രൂക്ക് മേഖലയില്‍ പരിശോധനകള്‍ നടത്തുന്നതിനിടെ ഇവയുടെ അസ്ഥികൂടത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അതില്‍ എന്തെങ്കിലും സവിശേഷതയുള്ളതായി അന്ന് ഗവേഷകര്‍ കരുതിയിരുന്നില്ല. പരിശോധനകള്‍ പുരോഗമിക്കുന്നതിനിടെ ഒരു ഗോംഫോതെറിന്റെ അസ്ഥികൂടം മുഴുവനായും കണ്ടെത്തിയതാണ് നാഴികക്കല്ലായത്. ഫ്‌ലോറിഡയില്‍ നിന്നും കണ്ടെത്തുന്ന ഏറ്റവും വലിയ ഗോംഫോതെര്‍ മാതൃകയും ഇതാണെന്ന് ഫ്‌ലോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ക്യുറേറ്ററായ ജൊനാതന്‍ ബ്ലോക് അറിയിച്ചു.