നഖം മുറിക്കാൻ ശ്രമിക്കുന്നതിനിടെ ബോധം പോകുന്ന നായ; അഭിനയത്തിന് ഓസ്കാർ കൊടുക്കണമെന്ന് നെറ്റിസൺസ്

Advertisement

മൃഗങ്ങളുടെ പ്രത്യേകിച്ചും വളർത്തു മൃഗങ്ങളായ നായകളുടെ മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള സിനിമകൾ നമ്മൾ കണ്ടിട്ടുണ്ട്. ‘ചാർളി 777’ എന്ന കന്നട സിനിമ അത്തരത്തിൽ ഒരു നായയുടെ നിരവധി അഭിനയമൂഹൂർത്തങ്ങൾ നിറ‍ഞ്ഞ ഒരു സിനിമയാണ്. പലപ്പോഴും നമ്മുടെ വീടിൽ വളർത്തുന്ന നായകളും നമ്മളോട് ഇത്തരത്തിൽ വൈകാരികമായി പലപ്പോഴും ഇടപെട്ട മുഹൂർത്തങ്ങളും ചിലരുടെയെങ്കിലും ഓർമ്മകളിൽ കാണും. കഴിഞ്ഞ ദിവസം അത്തരത്തിലുള്ള ഒരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. വീഡിയോ കണ്ടവരിൽമിക്കവരും വൈകാരികമായി തന്നെ പ്രതികരിച്ചു.

നായയുടെ നഖം അതിൻറെ ഉടമ മുറിക്കുന്നതിനിടെ നായ നടത്തിയ നാടകീയമായ ചില പ്രതികരണങ്ങളാണ് കാഴ്ചക്കാരുടെ ഹൃദയം കവർന്നത്. സാമൂഹികമാധ്യമമായെ റെഡ്ഡിറ്റിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. ഒരു സോഫയിൽ തൻറെ നായയോടൊപ്പം ഇരിക്കുന്ന യുവതി, അതിൻറെ നഖം മുറിക്കുന്നതിനായി ഓരോ തവണ കാലിൽ പിടിക്കുമ്പോഴും നായ കുഴഞ്ഞു വീഴുന്നത് പോലെ സോഫയിലേക്ക് വീഴും. യുവതി കാലിൽ നിന്നും പിടി വിടുമ്പോൾ വീണ്ടും എഴുനേറ്റ് സോഫയിലിരിക്കും. വീണ്ടും കാലിൽ പിടിക്കുമ്പോൾ നായ കുഴഞ്ഞ് വീഴും. ഇത് വീണ്ടും വീണ്ടും ആവർത്തിക്കും.

നാലഞ്ച് തവണയോളം നായ ഇത് ആവർത്തിക്കുന്നു. നായയുടെ അഭിനയം കണ്ട് യുവതി ചിരിക്കുന്നതും വീഡിയോയിൽ കാണാം. സമീപത്തായി ഇതെല്ലാം കണ്ടുകൊണ്ട് ഒരു പൂച്ചകുട്ടിയും ഇരിപ്പുണ്ട്. എന്നാൽ നായയുടെ ഭാവാഭിനയത്തെ തെല്ലും വകവയ്ക്കാതെ തീർത്തും അശ്രദ്ധമായാണ് പുച്ചകുട്ടി ഇരിക്കുന്നത്. morganmonroe81 എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോൾ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും ഷെയർ ചെയ്തിരിക്കുന്നത്. നായയുടെ ഭാവാഭിനയത്തിന് ഓസ്കാർ കൊടുത്ത് ആദരിക്കണം എന്നതുൾപ്പടെ നിരവധി രസകരമായ കമൻറുകളാണ് വീഡിയോ കണ്ടവർ എഴുതിയത്. കൂടാതെ ഇതെല്ലാം കണ്ടിട്ടും കണ്ടില്ലന്ന മട്ടിലുള്ള പൂച്ചകുട്ടിയുടെ ഇരിപ്പും നെറ്റിസൺസിൻറെ ശ്രദ്ധ പിടിച്ചുപറ്റി.

https://packaged-media.redd.it/oia8qji07e3b1/pb/m2-res_720p.mp4?m=DASHPlaylist.mpd&v=1&e=1685781212&s=165a3a72d2b79dbfabf8a0f83598647b8e714cb6#t=0