ബൊഗോട്ട്. ആമസോണ്‍ കാട്ടില്‍ അകപ്പെട്ട നാല് കുട്ടികളെ കണ്ടെത്തി. നാല്പത് ദിവസത്തിന് ശേഷമാണ് കുട്ടികളെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഒരുവയസ്സുള്ള കുട്ടിയെ അടക്കമാണ് കൊളംബിയന്‍ സൈന്യം ഉള്‍പ്പെടുന്ന പ്രത്യേക സംഘം നടത്തിയ രക്ഷാ ദൗത്യത്തില്‍ കണ്ടെത്തിയത്. കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം ഔദ്യോഗികമായി പുറം ലോകത്തെ അറിയിച്ചത്..
‘രാജ്യത്തിനാകെ സന്തോഷം നല്‍കുന്ന കാര്യം! നാല്പത് ദിവസം മുമ്പ് കാണാതായ നാല് കുട്ടികളെ ജീവനോടെ കണ്ടെത്തിയിരിക്കുന്നു’ – പെട്രോ ട്വീറ്റ് ചെയ്തു. രക്ഷാപ്രവര്‍ത്തകരും കുട്ടികളുമായി നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചു. 40ദിവസം ലോകത്തിന്റെ നെഞ്ചിലെ വലിയ വിങ്ങലാണ് മാറിയത്.
ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്‌ന-206 ചെറുവിമാനം മേയ് ഒന്നിനാണ് ആമസോണ്‍ വനാന്തരഭാഗത്ത് തകര്‍ന്നുവീണത്. കുട്ടികളുടെ അമ്മയും പൈലറ്റുമുള്‍പ്പെടെ മൂന്നു
മൂന്നുപേര്‍ കൊല്ലപ്പെട്ടു.
വിമാനവും മരിച്ചവരുടെ അവശിഷ്ടവും കണ്ടെത്തിയവര്‍ കുട്ടികള്‍ക്കായി അന്വേഷണം തുടങ്ങി. കുട്ടികള്‍ വന്യമൃഗങ്ങളാല്‍ കൊല്ലപ്പെടാനുള്ള സാധ്യതയായിരുന്നു ഏറെ. പരിശോധകര്‍ കുട്ടികള്‍ ഭക്ഷിച്ച വസ്തുക്കളും താമസിച്ച സ്ഥലങ്ങളും കണ്ടെത്തിയതോടെ പ്രതീക്ഷയായി. എന്നാല്‍ അതിസങ്കീര്‍ണമായ ആമസോണ്‍ കാടുകളില്‍ നാലുകുഞ്ഞുങ്ങള്‍ എങ്ങനെ അതിജീവിക്കുമെന്ന ആശങ്കയായിരുന്നു അന്വേഷകര്‍ക്ക്.
ഹ്യൂട്ടോട്ടോ വാസികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെട്ട 13, ഒമ്പത്, നാല് വയസ്സുള്ള കുട്ടികളാണ് 11 മാസം പ്രായമുള്ള കുഞ്ഞിനെയുമെടുത്ത് കാട്ടിലൂടെ സഞ്ചരിച്ചത്. 11 മാസം പ്രായമുള്ള ക്രിസ്റ്റിന്‍ എന്ന പിഞ്ചു കുഞ്ഞ് ലെസ്‌ലി (13), സൊളേമി (9), ടിന്‍ നൊറില്‍ (4) എന്നിവരേയാണ് സംഘം നാല്‍പത് ദിവസത്തിന് ശേഷം കണ്ടെത്തിയത്..