16 വർഷം ഒറ്റയ്ക്ക് കൂട്ടിൽ, പെൺ മുതലയ്ക്ക് കുഞ്ഞ്; ഉത്തരവാദിയെ കണ്ടെത്തി

Advertisement

സാൻ ജോസ്: 16 വർഷത്തോളമായ ആൺ മുതലകളുമായി സമ്പർക്കമില്ലാതെ മൃഗശാലയിൽ കഴിഞ്ഞ പെൺമുതലയ്ക്ക് കുഞ്ഞുണ്ടായി. സംഭവം 2018ലാണ് നടന്നത്.

ഇതെങ്ങനെ സംഭവിച്ചുവെന്ന ശാസ്ത്ര ലോകത്തിൻറെ അന്വേഷണത്തിന് അവസാനമായത് അടുത്തിടെയാണ്. കോസ്റ്റാറിക്കയിലെ പരാഖ് റെപ്റ്റിലാൻഡിയ മൃഗശാലയിലായിരുന്നു കോഖ്വിറ്റ എന്ന പെൺമുതല മുട്ടകളിട്ടത്. സംഭവം അപൂർവ്വമായതിനാൽ മൃഗശാല അധികൃതർ മുട്ടകളെ ഇൻകുബേറ്ററിൽ സൂക്ഷിച്ചു. പിന്നീട് മുട്ടകൾ പരിശോധിച്ച മൃഗശാല അധികൃതർ ഇവയിലൊന്നിൽ പൂർണ വളർച്ചയെത്തിയ മുതലക്കുഞ്ഞിനെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.

ആൺമുതലകളുടെ സാന്നിധ്യമില്ലാതെ മുട്ടയിടുന്നത് തന്നെ അപൂർവ്വമാണ്. അതിലും അപൂർവ്വമാണ് ഈ മുട്ടകളിൽ ജീവൻറെ സാന്നിധ്യമുണ്ടാകുന്നത്. പതിനാറ് വർഷത്തിനടയിൽ ഒരിക്കൽ പോലും ആൺ മുതലകളുമായി സമ്പർക്കമില്ലാത്ത കോഖ്വിറ്റയുടെ ‘ഗർഭ’ത്തിന് ഉത്തരവാദിയെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ അടുത്തിടെയാണ് അവസാനിച്ചത്. ബയോളജി ലെറ്റേഴ്സ് എന്ന ജേണലിലാണ് ദിവ്യഗർഭത്തിനുള്ള ഉത്തരവാദിയാരാണെന്ന് വിശദമാക്കുന്നത്. കോഖ്വിറ്റയുടെ ഗർഭത്തിന് പൂർണമായും ഉത്തരവാദി കോഖ്വിറ്റ തന്നെയാണെന്നാണ് ശാസ്ത്ര ലോകം വിശദമാക്കുന്നത്.

കോഖ്വിറ്റയുടെ മുട്ടകളിൽ നിന്ന് ലഭിച്ച പൂർണ വളർച്ചയെത്തിയ ഭ്രൂണത്തിൻറെ ഡിഎൻഎയുടെ പരിശോധനാ ഫലം അടക്കമുള്ളവയുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. 99.9ശതമാനവും ഈ ഭ്രൂണത്തിന് സാമ്യം ഉണ്ടായിരുന്നത് കോഖ്വിറ്റയുടെ ഡിഎൻഎയോട് തന്നെയായിരുന്നുവെന്നാണ് പരിശോധനഫലങ്ങൾ വ്യക്തമാക്കുന്നത്. കൂടുകളിൽ അടച്ച് വളർത്തുന്ന മുതലകൾ മുട്ടയിടുന്നത് അസാധാരണമാണ്. എന്നാൽ 14 മുട്ടകളാണ് കോഖ്വിറ്റയിട്ടത്. വിർജീനിയ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരായ ഡോ. വാരൻ ബൂത്തിൻറേതാണ് പഠനം. പാർത്തെനൊജെനസിസ്‌ എന്ന പ്രതിഭാസത്തേക്കുറിച്ച് ദശാബ്ദമായി പഠനം നടത്തുന്ന ഗവേഷകനാണ് ഡോ. വാരൻ ബൂത്ത്. ആണും പെണ്ണും ഇണചേർന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന പൊതുവായ പ്രത്യുദ്പാദന രീതി നിലനിൽക്കുമ്പോൾ തന്നെ ചില പ്രത്യേക സാഹചര്യങ്ങളിൽ പെൺ ജീവിക്ക് വേണ്ടി വന്നാൽ സ്വയം പ്രത്യുത്പാദനം നടത്താൻ സാധിക്കുന്ന കഴിവാണ് പാർത്തെനൊജെനസിസ്‌ എന്ന പ്രതിഭാസം.

കോഖ്വിറ്റയുടെ കാര്യത്തിലും ഈ പ്രതിഭാസമാണ് നടന്നതെന്നാണ് കണ്ടെത്തൽ. പാമ്പുകൾ, പ്രാവുകൾ, പല്ലികൾ, ആമകൾ, സ്രാവുകൾ എന്നിങ്ങനെ ചില ജീവികളിൽ ഈ പ്രതിഭാസം നേരത്തെ കണ്ടെത്തിയിട്ടുണ്ട്. ഇതിലേക്ക് മുതലയും കോഖ്വിറ്റയുടെ ദിവ്യ ഗർഭത്തിലൂടെ ചേർത്തിരിക്കുകയാണ്. ഇത്തരത്തിലുണ്ടാകുന്ന കുഞ്ഞുങ്ങളിൽ വലുപ്പക്കുറവ് അടക്കമുള്ള തകരാറുകൾ കാണാറുണ്ട്. പലതും പൂർണ വളർച്ചയെത്താതെ ചത്ത് പോവാറുമുണ്ട്. എന്നാൽ ചിലവ പൂർണമായ അതിജീവനം നടത്താറുമുണ്ടെന്നാണ് ഗവേഷണം വിശദമാക്കുന്നത്. പൂർണ വളർച്ചയെത്തിയ ഇവയ്ക്കും പാർത്തെനൊജെനസിസിലൂടെയും ഇണ ചേർന്നും പ്രത്യുൽപാദനം നടത്തുന്നത് സാധ്യമാണെന്നും ഗവേഷകർ വിശദമാക്കുന്നു.

Advertisement