ചത്ത കുറുക്കനെ പൊക്കിയെടുത്ത് പറക്കുന്ന സ്വർണ്ണപ്പരുന്ത്; വൈറൽ വീഡിയോ

Advertisement

ആനറാഞ്ചി പക്ഷികളെക്കുറിച്ച് മുത്തശ്ശിക്കഥകളിലെങ്കിലും നമ്മൾ കേട്ടിട്ടുണ്ടാകും. വീട്ടുമുറ്റത്തെ കോഴിക്കുഞ്ഞിനെ റാഞ്ചുന്ന പരുന്തുകളെയും നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ, കുറുക്കനെയും പൊക്കിയെടുത്ത് പറക്കുന്ന പരുന്തിനെ കണ്ടിട്ടുണ്ടോ. ഇല്ലെങ്കിൽ അത്തരമൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചെറിയൊരു വ്യത്യാസമുണ്ട്. വീഡിയോയിൽ ഉള്ള കുറുക്കന് ജീവനില്ല. ചത്ത കുറുക്കനാണെന്ന് മാത്രം.

ഇവിയെങ്ങുമല്ല, അങ്ങ് വടക്കേ അമേരിക്കയിലാണ് സംഭവം. വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന ഏറ്റവും വലുതും വേഗതയേറിയതുമായ പക്ഷികളിൽ ഒന്നാണ് ഗോൾഡൻ ഈഗിൾസ്. ഇവയുടെ ചിറകുകൾക്ക് സാധാരണയായി ആറ് അടിക്ക് മേലെ നീളമുണ്ട്. @TerrifyingNatur ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചത്. രണ്ട് വലിയ മലകളിൽ ഒന്നിൻറെ മുകളിൽ ഇരിക്കുന്ന ഒരു പരുന്തിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. അതിശക്തമായ കാറ്റ് വീശിയടിക്കുന്ന സ്ഥലമാണെന്ന് വീഡിയോയിൽ നിന്നും വ്യക്തം.

കാറ്റിനെതിരെ തൻറെ ശക്തവും വലിതുമായ ചിറകുകൾ വീശി മറുപുറമുള്ള മലയിലേക്ക് പരുന്ത് പറന്നുയരുമ്പോൾ അതിൻറെ കാലുകളിൽ ഒരു കുറുക്കൻറെ ശവശരീരം കാണാം. കുറുക്കൻറെ ശരീരവുമായി പരുന്ത് ഉയരങ്ങളിലേക്ക് പറന്നു പോകുന്നു. വീഡിയോ ഇതിനകം 34 ലക്ഷം പേരാണ് കണ്ടത്. നിരവധി പേർ കുറിപ്പുമായെത്തി. ‘പ്രകൃതിക്ക് ക്ഷമിക്കാനും ഭയപ്പെടുത്താനും കഴിയും. മൃഗങ്ങൾ ഭക്ഷണത്തിനായി മത്സരിക്കുകയും ആവശ്യപ്പെടുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടുകയും വേണം.’ ഒരു കാഴ്ചക്കാരൻ കുറിച്ചു.

സ്വർണ്ണപരുന്തുകൾ പൊതുവേ കുടുംബ സ്നേഹമുള്ളവരാണ്. കൂട് സംരക്ഷിക്കുന്നതിലും മുട്ടകൾ അടയിരുന്ന് വിരിയിക്കുന്നതിലും ഇര തേടുന്നതിലും കുട്ടികളെ വളർത്തുന്നതിലും അച്ഛനും അമ്മയും ഒരു പോലെ ഇടപെടുന്നു. ലോകത്തിലെ ഏറ്റവും വലിയ കൂടുകൾ നിർമ്മിക്കുന്നതിന് പേരുകേട്ട പരുന്തുകളാണ് സ്വർണ്ണപരുന്തുകൾ. ഇത്തരം കൂടുകൾക്ക് അഞ്ച് മുതൽ ആറ് അടിവരെ വീതിയും രണ്ട് അടി ഉയരവും കുറഞ്ഞത് ഉണ്ടായിരിക്കും. അതേ സമയം 20 അടി ഉയരവും 8.5 അടി വീതിയുമുള്ള പഴക്കം ചെന്ന കൂടുകളും കണ്ടെത്തിയിട്ടുണ്ട്. ഇവയ്ക്ക് മണിക്കൂറിൽ 120 മൈൽ (193 കിലോമീറ്റർ) വേഗതയിൽ പറക്കാൻ കഴിയും. ഇവയുടെ കാഴ്ച ശക്തിയും ഏറെ പ്രശസ്തമാണ്. എത്ര ദൂരെ നിന്ന് പോലും ഭൂമിയിലെ ഇരയുടെ ചലനങ്ങൾ പിടിച്ചെടുക്കാൻ ഇവയ്ക്ക് കഴിയുന്നു.

Advertisement