വിമാനാപകടത്തില്‍ ആമസോണ്‍ കാട്ടില്‍ അകപ്പെട്ട നാല് കുരുന്നുകളെ തിരികെ കിട്ടിയതിന്റെ സന്തോഷത്തിലാണ് ലോകം. പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ 40 ദിവസത്തെ തെരച്ചിലിന് ശേഷമാണ് ദൗത്യസംഘം കുട്ടികളെ കണ്ടെത്തിയത്.
എന്നാല്‍ ആദ്യത്തെ സന്തോഷത്തിനും സമാധാനത്തിനും ശേഷം, കൊളംബിയക്കാരുടെ ഉറക്കം നഷ്ടപ്പെടുന്ന മറ്റൊരു കാണാതാകല്‍ കൂടി സംഭവിച്ചിരിക്കുന്നു. കുട്ടികളെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഓപ്പറേഷന്‍ ഹോപ്പ് ദൗത്യസംഘത്തില്‍ കൊളംബിയന്‍ സൈന്യത്തിലെ നായയെ കാണാതായതിന്റെ ആവലാതിയിലാണ് ജനങ്ങള്‍. ബെല്‍ജിയം ഷെപ്പേഡ് ഇനത്തില്‍പ്പെട്ട വില്‍സണ്‍ എന്ന നായയ്ക്ക് വേണ്ടിയാണ് ഇപ്പോള്‍ തെരച്ചില്‍ തുടരുന്നത്. കാട്ടില്‍ സൈന്യം തെരച്ചില്‍ തുടരുമ്പോള്‍, നാട്ടില്‍ ജനങ്ങള്‍ അവന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ്.
കാണാതായ കുട്ടികളില്‍ കൈക്കുഞ്ഞിന്റെ ബോട്ടിലും, ഉപയോഗിച്ച ഡയപ്പറും കണ്ടെത്തിയത് വില്‍സണായിരുന്നു. നായ തങ്ങള്‍ക്കൊപ്പം നാലുദിവസം ഉണ്ടായിരുന്നതായി കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. മൂന്നു ദിവസം മുന്‍പ് ദൗത്യസംഘം നായയെ കണ്ടെത്തിയെങ്കിലും സംഘത്തിന് അരികിലേക്ക് വരാന്‍ വില്‍സണ്‍ തയ്യാറായില്ല. ഒന്നര വര്‍ഷമായി സൈന്യത്തിന് ഒപ്പമുള്ള പരിശീലനം ലഭിച്ച നായ എന്താണ് ഇങ്ങനെ പെരുമാറിയത് എന്ന് മനസ്സിലാകുന്നില്ലെന്ന് കൊളംബിയന്‍ സൈന്യവും വ്യക്തമാക്കുന്നു. കാട്ടിലെ അന്തരീക്ഷവും മൃഗങ്ങളെയും കണ്ട് ഭയന്നതാകാം കാരണമെന്നാണ് ഒരു നിഗമനം.
ഈ നായയുടെ കാല്‍പാടുകളാണ് കുട്ടികളുടെ അടുത്തേക്ക് ദൗത്യസംഘത്തെ എത്തിച്ചത്. തങ്ങളുടെ കമാന്‍ഡോ വില്‍സണ് വേണ്ടി തെരച്ചില്‍ തുടരുകയാണെന്ന് കൊളംബിയന്‍ സൈന്യം ട്വീറ്റ് ചെയ്തിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പരിശീലിപ്പിച്ച നായയല്ല വില്‍സണ്‍. അറ്റാക് ഡോഗ് ആയിട്ടാണ് കമാന്‍ഡോകള്‍ നായയ്ക്ക് പരിശീലനം നല്‍കിയിട്ടുള്ളതെന്നും ചൂണ്ടിക്കാട്ടി വില്‍സന്‍ കുഞ്ഞായിരുന്നപ്പോള്‍ ഉള്ള ചിത്രവും കൊളംബിയന്‍ സേന പങ്കുവച്ചിട്ടുണ്ട്.
അതിജീവനത്തിന്റെ അത്ഭുതമാണ് ആമസോണ്‍ കാടുകളില്‍ കണ്ടെത്തിയ കുട്ടികളുടെ സംഭവ കഥ. കുട്ടികളെ കണ്ടത്താന്‍ സൈന്യം കാട്ടിലെത്തിച്ച വില്‍സണ്‍ എന്ന ബല്‍ജിയന്‍ ഷെപ്പേര്‍ഡ് നായയേയും കണ്ടുകിട്ടുമെന്ന പ്രതീക്ഷയിലാണ് ലോകം.
Home News International ആമസോണില്‍ കൊളംബിയക്കാരുടെ ഉറക്കം നഷ്ടപ്പെടുന്ന മറ്റൊരു കാണാതാകല്‍ കൂടി സംഭവിച്ചിരിക്കുന്നു….