പോങ്യാങ്: ഉത്തരകൊറിയയിൽ ആത്മഹത്യ വർധിച്ചതിനെ തുടർന്ന് വിചിത്ര ഉത്തരവിറക്കി ഭരണാധികാരി കിം ജോങ് ഉൻ. രാജ്യത്ത് ആത്മഹത്യ നിരോധിക്കാൻ കിം രഹസ്യ ഉത്തരവ് പുറപ്പെടുവിച്ചതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സോഷ്യലിസത്തിനെതിരായ രാജ്യദ്രോഹം- എന്നാണ് കിം ആത്മഹത്യയെ വിശേഷിപ്പിച്ചത്. ആത്മഹത്യ തടയുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ പ്രാദേശിക സർക്കാരുകളോട് ഉത്തരവിടുകയും ചെയ്തു. ആരെങ്കിലും ആത്മഹത്യ ചെയ്താൽ പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥർ ഉത്തരവാദികളായിരിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ആത്മഹത്യകൾ 40% വർദ്ധിച്ചതായി മെയ് അവസാനം ദക്ഷിണ കൊറിയൻ നാഷണൽ ഇന്റലിജൻസ് സർവീസ് റിപ്പോർട്ട് ചെയ്തു. നിരവധി പ്രതിസന്ധികൾ തരണം ചെയ്യാനാകാതെയാണ് ആളുകൾ ആത്മഹത്യ ചെയ്യുന്നതെന്നും പറയുന്നു. രാജ്യത്തെ കുറ്റകൃത്യങ്ങളും വർധിക്കുന്നുണ്ടെന്നും ഏജൻസി കൂട്ടിച്ചേർത്തു.
ഈ വർഷം ചോങ്‌ജിനിലും സമീപത്തുള്ള ക്യോങ്‌സോങ് കൗണ്ടിയിലും ഈ വർഷം 35 ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തു. മിക്ക കേസുകളിലും മുഴുവൻ കുടുംബങ്ങളും ഒരുമിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നു. രാജ്യത്തെയും സാമൂഹിക വ്യവസ്ഥിതിയെ വിമർശിക്കുന്ന ആത്മഹത്യാ കുറിപ്പുകൾ കണ്ടെത്തിയത് അധികൃതരെ ഞെട്ടിച്ചുവെന്ന് റേഡിയോ ഫ്രീ ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. മിക്ക ആത്മഹത്യകളും കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലമാണ് സംഭവിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.