കൊളംബോ: ശ്രീലങ്കയിലെ സൈനിക ആശുപത്രിയിൽ അടുത്തിടെ നടന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് ലോകത്തിൽ ഇതുവരെ കണ്ടെത്തിയതിലെ ഏറ്റവും വലിയ മൂത്രക്കല്ല്. ചെറിയ മധുരനാരങ്ങയുടെ വലുപ്പമുള്ള മൂത്രത്തിലെ കല്ലാണ് ജൂൺ 1 ന് നടന്ന ശസ്ത്രക്രിയയിലൂടെ നീക്കിയത്.
13.372 സെൻറിമീറ്റർ നീളവും 801 ഗ്രാം ഭാരവുമാണ് ഈ മൂത്രത്തിലെ കല്ലിനുള്ളത്. 62കാരനായ വിരമിച്ച സൈനികനിൽ നിന്നാണ് ഈ മൂത്രത്തിലെ കല്ല് നീക്കിയത്. സാധാരണ പുരുഷൻറെ കിഡ്നിയുടെ അഞ്ചിരട്ടി വലിപ്പമാണ് ഈ കല്ലിനുള്ളത്. 2020 മുതൽ കടുത്ത വയറുവേദന നേരിട്ടിരുന്ന കാനിസ്റ്റസ് എന്ന മുൻ സൈനികനെ അടുത്തിടെയാണ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.
2004ൽ ഇന്ത്യയിൽ 13 സെൻറിമീറ്റർ നീളമുള്ള മൂത്രത്തിലെ കല്ല് നീക്കം ചെയ്തിരുന്നു. 2008ൽ 620 ഗ്രാം ഭാരമുള്ള മൂത്രത്തിലെ കല്ല് പാകിസ്താനിൽ നീക്കിയിരുന്നു. ഈ റെക്കോർഡുകളാണ് കൊളംബോയിൽ നടന്ന ശസ്ത്രക്രിയയിൽ ഗിന്നസ് ലോക റെക്കോർഡിൽ നിന്ന് പുറത്തായത്. ഖര പദാർത്ഥങ്ങൾ കല്ലുകൾ പൊലെ വൃക്കയിൽ അടിയുന്നതിനാണ് മൂത്രത്തിലെ കല്ലെന്ന് പറയുന്നത്. മൂത്രാശയത്തിലും മൂത്ര സഞ്ചിയിലും ഇവ രൂപപ്പെടാറുണ്ട്. ഇവയുടെ രൂപപ്പെടലിൽ ജനിതക ഘടകങ്ങൾ വരെ കാരണമാകാറുണ്ട്. ശരീരത്തിൽ ആവശ്യത്തിലധികം സോഡിയെ എത്തുന്നതും വെള്ളം കുടിക്കുന്നതിലെ കുറവും മൂത്രത്തിലെ കല്ലിന് കാരണമാകാറുണ്ട്.
ദിവസേനെ 2.8 ലിറ്റർ വരെ വെള്ളം കുടിക്കുന്നത് മൂത്രത്തിലെ കല്ലിനുള്ള സാധ്യത കുറയ്ക്കുമെന്നാണ് മയോ ക്ലിനിക് നടത്തുന്ന നിരീക്ഷണം. മൂന്ന്മില്ലിമീറ്ററിലധികം വലുപ്പമുള്ള മൂത്രത്തിലെ കല്ല് നീക്കം ചെയ്യുന്നത് പലപ്പോഴും സങ്കീർണമാ പ്രക്രിയയിലൂടെയാണ്. ചെറിയ ശസ്ത്രക്രിയയിലൂടെയും ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് കല്ല് പൊടിക്കുന്നതുമായ മാർഗങ്ങളും ഇതിനായി ഉപയോഗിച്ച് വരാറുണ്ട്. 2018ൽ അമേരിക്കയിൽ നടന്ന പഠനത്തെ അടിസ്ഥാനമാക്കിയാൽ സ്ത്രീകളിലും പുരുഷന്മാരിലും മൂത്രത്തിലെ കല്ല് വർധിച്ചു വരുന്നുവെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.