ലണ്ടൻ: നിയമപരമായി അനുവദനീയമായ സമയപരിധിക്ക് ശേഷം ഗർഭഛിദ്രത്തിനുള്ള ഗുളിക കഴിച്ച് ഗർഭം അലസിപ്പിച്ച സ്‍ത്രീക്ക് യുകെയിൽ രണ്ട് വർഷം ജയിൽ ശിക്ഷ. കൊവിഡ് സമയത്ത് നടപ്പാക്കിയ ‘പിൽസ് ബൈ പോസ്റ്റ്’ എന്ന സംവിധാനം ദുരുപയോഗം ചെയ്‍താണ് ഇവർ ഗുളിക വാങ്ങിയതെന്നും അധികൃതർ കണ്ടെത്തി. മൂന്ന് കുട്ടികളുടെ അമ്മയായ 44 വയസുകാരിയാണ് കേസിൽ ശിക്ഷിക്കപ്പെട്ടത്.
പത്ത് ആഴ്ച വരെ പ്രായമുള്ള അലസിപ്പിക്കാനാണ് കൊവിഡ് മഹാമാരിക്കാലത്ത് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നത്. ഇതിലൂടെ ഓൺലൈനായി ഡോക്ടറുമായി സംസാരിച്ച ശേഷം ഗർഭഛിദ്രത്തിനുള്ള ഗുളിക ലഭ്യമാക്കിയിരുന്നു. എന്നാൽ 28 ആഴ്ച ഗർഭിണി ആയിരുന്ന യുവതി, ബ്രിട്ടീഷ് പ്രെഗ്‍നൻസി അഡ്വൈസറി സർവീസിനെ തെറ്റിദ്ധരിപ്പിച്ചാണ് ഗർഭഛിദ്രം നടത്തിയത്. ഗർഭഛിദ്രം നടത്തിയ സമയത്ത് ഗർഭസ്ഥ ശിശുവിന് 32 മുതൽ 34 ആഴ്ച വരെ (ഏഴ് മാസത്തിനും എട്ട് മാസത്തിനും ഇടയിൽ) പ്രായമുണ്ടെന്ന് പിന്നീട് നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു.
ഇംഗ്ലണ്ടിലും സ്കോട്ലന്റിലും വെയിൽസിലും 24 ആഴ്ച വരെ ഗർഭഛിദ്രം അനുവദനീയമാണെങ്കിലും പത്ത് ആഴ്ചയ്ക്ക് മേൽ ഗർഭസ്ഥ ശിശുവിന് വളർച്ചയുണ്ടെങ്കിൽ ആശുപത്രിയിലോ ക്ലിനിക്കിലോ വെച്ചേ ഗർഭഛിദ്രം നടത്താവൂ എന്നാണ് നിയമം. 2019 ഡിസംബറിൽ തന്നെ താൻ ഗർഭിണി ആണന്ന് തിരിച്ചറിഞ്ഞ യുവതി 2020 മേയ് മാസത്തിലാണ് ഗർഭഛിദ്രത്തിന് ഓൺലൈൻ കൺസൾട്ടേഷൻ എടുത്തതെന്ന് കേസ് രേഖകൾ പറയുന്നു.
തെറ്റായ വിവരങ്ങൾ നൽകി തെറ്റിദ്ധരിപ്പിച്ച് ഗർഭഛിദ്രത്തിനുള്ള ഗുളിക വാങ്ങിയ ഇവർ വീട്ടിൽ വെച്ച് ഗുളിക കഴിച്ചെങ്കിലും പിന്നീട് ശാരീരികാവസ്ഥ മോശമായതോടെ എമർജൻസി സർവീസസുമായി ബന്ധപ്പെടുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. ആശുപത്രി അധികൃതരമാണ് വിവരം പൊലീസിനെ അറിയിച്ചത്. ഗുളിക ലഭിക്കാൻ വേണ്ടി താൻ നുണ പറഞ്ഞതാണെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
24 ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം നടത്തുന്നതിനെക്കുറിച്ചും അങ്ങനെ ചെയ്‍താലുള്ള നിയമ നടപടികളെക്കുറിച്ചും യുവതി ഇന്റർനെറ്റിൽ പരതിയിരുന്നതായും കണ്ടെത്തി. അതേസമയം യുവതിയെ ശിക്ഷിക്കാൻ ഉപയോഗിച്ച 1861ലെ നിയമം കാലഹരണപ്പെട്ടതാണെന്നും ഗർഭഛിദ്രം സംബന്ധിച്ച നിയമങ്ങൾ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഒരുവിഭാഗം സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.