ഗൾഫിൽ ചൂടേറുന്നു; വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റി

Advertisement

മസ്കത്ത്: അന്തരീക്ഷ താപനില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിഷപ്പാമ്പുകളുടെ സാന്നിദ്ധ്യം ശ്രദ്ധിക്കണമെന്ന് മസ്‍കത്ത് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ചൂടു കൂടുന്ന സാഹചര്യങ്ങളിൽ അതിൽ നിന്ന് രക്ഷപ്പെടാനായി പാമ്പുകൾ താരതമ്യേന തണുത്ത സ്ഥലങ്ങൾ തേടും. അതുകൊണ്ടുതന്നെ ജനവാസ മേഖലകളിൽ അവ എത്തിപ്പെടാനുള്ള സാധ്യത ഏറെയാണെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ജനവാസ മേഖലകളിൽ നിന്ന് പാമ്പുകളെ അകറ്റാൻ ചില മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇതിനായി പ്രത്യേക സ്‍നേക് റിപ്പലന്റുകളും ഗ്ലൂ ട്രാപ്പുകളും പലയിടങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ പാമ്പുകളുടെ ഭീഷണി ഇല്ലാതാക്കാൻ പ്രത്യേക നടപടികളും സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ പാമ്പുകളെ കാണുന്നതുമായി ബന്ധപ്പെട്ട് ലഭിക്കുന്ന എല്ലാ റിപ്പോർട്ടുകളിന്മേലും നടപടികൾ സ്വീകരിക്കുന്നുണ്ട്. പാമ്പുകളെ പിടിച്ച് അവയ്ക്ക് പര്യാപ്തമായ പ്രകൃതിദത്ത ആവാസവ്യവസ്ഥയിൽ അവയെ തുറന്നുവിടുകയാണ് ചെയ്യുന്നത്.

പാമ്പുകളെ കണ്ടാൽ അവയിൽ നിന്ന് അകലം പാലിക്കുകയും കുട്ടികളും വളർത്തുമ‍ൃഗങ്ങളും അവയിൽ നിന്ന് അകലെയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. പ്രകൃതിയിലെ ആവാസ വ്യവസ്ഥകളുടെ സന്തുലനം ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നതിനാൽ പാമ്പുകളെ പരമാവധി കൊല്ലാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങൾ പാമ്പുകളെ കണ്ടാൽ മുനിസിപ്പാലിറ്റിയുടെ ടോൾ ഫ്രീ നമ്പറായ 1111 ൽ വിളിച്ച് അറിയിക്കുകയാണ് വേണ്ടത്. പാമ്പുകളുടെ കടിയേറ്റാൽ പരിഭ്രമിക്കാതെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കണം. കടിയേറ്റ മുറിവിൽ മർദം പ്രയോഗിക്കരുതെന്നും അറിയിപ്പിലുണ്ട്.

Advertisement