കംപാല. പടിഞ്ഞാറന്‍ ഉഗാണ്ടയിലെ സ്‌കൂളിന് നേരെ സായുധ സംഘത്തിന്റെ ആക്രമണം. ഐഎസ് ഭീകരവാദികളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സംഘമാണ് ആക്രമണം നടത്തിയത്. സ്‌കൂളിന് നേരെ ബോംബെറിഞ്ഞും ശേഷം കണ്ണില്‍കണ്ടവരെയെല്ലാം വെട്ടിയും വെടിവച്ചും കൊല്ലുകയായിരുന്നു. പത്ത് വര്‍ഷത്തിടെ ഉഗാണ്ടയില്‍ നടക്കുന്ന വലിയ ആക്രമണമാണിതെന്ന് പോലീസ് പറഞ്ഞു.
അലൈഡ് ഡോമോക്രാറ്റിക് ഫോഴ്സസ് (എഡിഎഫ്) എന്ന സംഘമാണ് ആക്രമണം നടത്തിയത്. പൂണ്ട്വെയിലെ സെക്കണ്ടറി സ്‌കൂളിന് നേരെയാണ് ആക്രമണം നടന്നത്. കോംഗോയുമായി അതിര്‍ത്തി പങ്കിടുന്ന ഉഗാണ്ടയിലെ പ്രദേശമാണിത്. നേരത്തെ ഈ സംഘത്തെ ഉഗാണ്ടന്‍ സൈന്യം തുരത്തിയിരുന്നു എങ്കിലും ഇവര്‍ ശക്തരായി തിരിച്ചെത്തി ആക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നു.
40 മൃതദേഹങ്ങള്‍ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആറ് പേരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. കോംഗോ അതിര്‍ത്തിയിലേക്കാണ് ആറുപേരെയും കൊണ്ടുപോയതെന്ന് സൈന്യം സംശയിക്കുന്നു. കൊല്ലപ്പെട്ടവരില്‍ 25 പേര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളാണെന്ന് സൈന്യം സ്ഥിരീകരിച്ചു. കോംഗോ അതിര്‍ത്തിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം അകലെയാണ് ഈ സ്‌കൂള്‍. വലിയ ആക്രമണത്തിന് സാധ്യതയുണ്ട് എന്ന് നേരത്തെ ഉഗാണ്ടന്‍ അധികൃതര്‍ക്ക് സൈന്യം മുന്നറിയിപ്പ് നല്‍കിയിരുന്നുവത്രെ. തുടര്‍ന്ന് തന്ത്രപ്രധാന മേഖലകളില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. എന്നാല്‍ വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് സ്‌കൂള്‍ ആക്രമിക്കപ്പെട്ടത്. ആണ്‍കുട്ടികള്‍ താമസിക്കുന്ന സ്ഥലം പുറത്തുനിന്ന് പൂട്ടിയ ശേഷം തീവയ്ക്കുകയായിരുന്നുവത്രെ. പെണ്‍കുട്ടികള്‍ താമസിക്കുന്ന ഭാഗം പൂട്ടിയിരുന്നില്ല. ഓടിരക്ഷപ്പെട്ട പെണ്‍കുട്ടികളെയാണ് വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയത്. ശക്തമായ തിരിച്ചടി നല്‍കാനാണ് ഉഗാണ്ടന്‍ സൈന്യത്തിന്റെ തീരുമാനം. അതിര്‍ത്തി മേഖലയിലേക്ക് കൂടുതല്‍ സേനയെ അയച്ചിട്ടുണ്ട്. യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുകയും ചെയ്തു.