അറിയുമോ അച്ഛൻ ദിനത്തിന്റെ ചരിത്രം

Advertisement


ഇന്ന് സാമൂഹ്യ മാധ്യമങ്ങളിലെങ്ങും ഫാദേഴ്സ് ഡേ ആശംസകൾ നിറഞ്ഞിരിക്കുകയാണ്. എന്നാൽ ഈ ദിനം എങ്ങനെ വന്നു എന്ന് നിങ്ങൾക്കറിയുമോ?

ജൂൺ മാസത്തിലെ മൂന്നാം ഞായറാഴ്ചയാണു ഫാദേഴ്സ് ഡേ ആയി ലോകം ആഘോഷിക്കുന്നത്. ജീവിതത്തിൽ കരുത്തും കരുതലുമായി ഒപ്പം നിന്ന അച്ഛനെ വർഷത്തിൽ ഒരു ദിവസം മാത്രമാണോ സ്നേഹിക്കേണ്ടത്, അതുകൊണ്ട് ഇങ്ങനെയൊരു ദിവസത്തിന്റെ ആവശ്യമുണ്ടോ എന്നെല്ലാം ചോദിക്കുന്നവരുണ്ട്. ഇതൊരു പ്രതീകാത്മക ദിവസമാണ്. അവർക്കു വേണ്ടി മാറ്റിവയ്ക്കാനും ജീവിതത്തിൽ തണലായതിന് നന്ദി പറയാനുമൊക്കെ ഒരു അവസരം. വ്യക്തിപരമായ ചുമതല എന്നതിലുപരി സമൂഹത്തിന്റെയും രാജ്യത്തിന്റെയും മാനവരാശിയുടെയുമെല്ലാം വളർച്ചയ്ക്ക് വേണ്ടിയുള്ള ഒരു സേവനം എന്ന നിലയിലാണ് ആധുനിക സമൂഹം പാരന്റിങ്ങിനെ കാണുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ദിവസങ്ങൾക്ക് പ്രാധാന്യമേറയൊണ്.

അമേരിക്കയിലെ വാഷിങ്ടണിൽ 1910 ലാണ് ആദ്യമായി ഫാദേഴ്സ് ദേ ആഘോഷിച്ചത്. ഒരോ വ്യക്തിയുടേയും ജീവിതം പൂർണമാകുന്നതിൽ അച്ഛൻ വഹിക്കുന്ന പ്രാധാന്യം ഓർമപ്പെടുത്തുക എന്നതായിരുന്നു ആ ദിവസം ആഘോഷിക്കാനുള്ള കാരണം. സൊനോറ സ്മാർട്ട് ഡോഡ് ആണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത്. അമ്മയുടെ മരണത്തോടെ അച്ഛൻ വില്യം ജാക്സൺ സ്മാർട്ട് ഒറ്റയ്ക്കാണ് സൊനോറയേയും അഞ്ച് സഹോദരന്മാരെയും വളർത്തിയത്. മുൻ പട്ടാളക്കാരനായിരുന്നു വില്യം. ആറാമത്തെ കുഞ്ഞിന് ജന്മം നൽകിയതിനു പിന്നാലെയായിരുന്നു അമ്മയുടെ മരണം. 16 കാരിയായ സൊനോറ മുതൽ നവജാത ശിശുവുൾപ്പടെ ആറു മക്കൾ. എന്നാൽ വില്യം തളർന്നില്ല. ഒരുപാട് കഷ്ടപ്പെട്ട് അയാൾ തന്റെ ആറു മക്കളേയും പൊന്നു പോലെ നോക്കി. മക്കളുടെ സന്തോഷത്തിനു വേണ്ടി അച്ഛൻ പലതും ത്യജിക്കുന്നുത് സൊനോറയെ വേദനിപ്പിച്ചു കൊണ്ടിരുന്നു.

1909 ലാണ് മദേഴ്സ് ഡേ ആഘോഷിക്കാൻ ആരംഭിച്ചത്. ഒരു പള്ളിയിൽ ഇതിന്റെ ആഘോഷം നടക്കുന്നതറിഞ്ഞപ്പോൾ ഫാദേഴ്സ് ഡേയും വേണമെന്ന് സൊനോറയ്ക്ക് തോന്നി. അച്ഛന്റെ ജന്മദിനമായ ജൂൺ 5ന് ഫാദേഴ്സ് ഡേ ആഘോഷിക്കണമെന്നാണ് സൊനോറ ആഗ്രഹിച്ചു. പാസ്റ്ററോട് തന്റെ ആഗ്രഹം പറയുകയും ചെയ്തു. ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി, സൗകര്യപ്രദമായ ദിവസം പരിഗണിച്ചപ്പോൾ 1910 ജൂൺ 19 ഞായറാഴ്ചയാണ് ആഘോഷം നടന്നത്. ആദ്യമൊന്നും ശ്രദ്ധിക്കപ്പെടാതിരുന്ന ഫാദേഴ്സ് ഡേയ്ക്ക് 1913ലാണ് അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ ഔദ്യോഗിക അനുമതി നൽകിയത്. 1972 ൽ അന്നത്തെ പ്രസിഡന്റ് റിച്ചാഡ് നിക്സൺ ജൂണിലെ മൂന്നാമത്തെ ഞായറാഴ്ച ഫാദേഴ്സ് ഡേ ആയി ഔദ്യോഗിക പ്രഖ്യാപനം നടത്തുകയും ചെയ്തു. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഫാദേഴ്സ് ഡേ എന്ന ആശയം പ്രചരിച്ചു.

അച്ഛന് സർപ്രൈസും സമ്മാനങ്ങളുമൊക്കെ നൽകിയാണ് മക്കൾ ഈ ദിവസം ആഘോഷിക്കുന്നത്. ഒന്നിച്ച് ഭക്ഷണം കഴിച്ചും ഇഷ്ടമുള്ള വിഭവങ്ങൾ തയാറാക്കും ആഗ്രഹങ്ങൾ സാധിച്ചും നൽകിയും അച്ഛന് ഒരു സ്പെഷൽ ഡേ മക്കൾ സമ്മാനിക്കുന്നു.

Advertisement