നൃത്തം ചെയ്തതിനു പെൺകുട്ടിക്കു വേദിയിൽവച്ച് അപമാനം; മനസ്സാക്ഷി ഇല്ലേയെന്നു സോഷ്യൽ മീഡിയ

Advertisement

ഹൈസ്കൂൾ ഗ്രാജുവേഷനിടയിൽ നൃത്തംചെയ്തതിന് പെൺകുട്ടിക്ക് ഡിപ്ലോമ നൽകിയില്ല. തന്റെ പേര് വിളിച്ചപ്പോൾ നൃത്തച്ചുവടുകളോടെ ചെന്ന പെൺകുട്ടിക്ക് പ്രിൻസിപ്പൽ സർട്ടിഫിക്കറ്റ് നിരസിക്കുകയായിരുന്നു. തിരികെ പോകാൻ ആവശ്യപ്പെട്ടപ്പോൾ പെൺകുട്ടി ഇത് ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല.

ഫിലാഡെൽഫിയിലെ ഒരു സ്കൂളിൽ നടന്ന ചടങ്ങിലാണ് ഹഫ്സ അബ്ദുറഹ്മാൻ എന്ന പെൺകുട്ടിക്ക് എല്ലാവരുടെയും മുന്നിൽ അപമാനിതയാകേണ്ടി വന്നത്.

തന്റെ ഏറ്റവും നല്ല നിമിഷങ്ങളായിരുന്നു പ്രിൻസിപ്പൽ തട്ടിയെടുത്തതെന്നും. ഇനി ഒരിക്കലും ആ നിമിഷങ്ങൾ മടക്കികിട്ടില്ലെന്നും പെൺകുട്ടി പറയുന്നു. താൻ അപമാനിതയായെന്നും ചടങ്ങിന്റെ ബാക്കി തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ലെന്നും പെൺകുട്ടി പറഞ്ഞു.

സോഷ്യൽ മീഡിയയിൽ വിഡിയോ വൈറലായതോടെ പല തരത്തിലുള്ള അഭിപ്രായങ്ങളാണ് പലരും പങ്കുവയ്ക്കുന്നത്. ഞങ്ങളുടെ ഒരുപാട് കുട്ടികൾ മരിക്കുകയും പഠനം പൂർത്തിയാക്കാനാവാതെയും പോകുന്ന ഈ കാലത്ത് ആഘോഷിക്കേണ്ട വിജയമായിരുന്നു അത്– ഡോ. മലിന്റ സ്മിത്ത് ട്വിറ്ററിൽ എഴുതി.

ക്രൂരവും മനസ്സാക്ഷി ഇല്ലാത്തതുമായ പ്രവൃത്തി ആയിരുന്നുവെന്നും, ആഘോഷിക്കേണ്ട നേട്ടം തന്നെയായിരുന്നു, നൃത്തം കളിച്ചതിൽ തെറ്റില്ല എന്നുമാണ് പലരുടെയും അഭിപ്രായം. പിന്നീട് സർട്ടിഫിക്കറ്റ് നൽകിയെങ്കിലും വേദിയിൽ നടന്നത് വളരെ ക്രൂരമായിപ്പോയി എന്നുതന്നെയാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തത്. എന്നാൽ ആഘോഷങ്ങൾ പുറത്താണ് നടത്തേണ്ടതെന്നും വേദിയിൽ ഒഴിവാക്കണമായിരുന്നു എന്ന അഭിപ്രായവുമുണ്ട്.