ജിദ്ദ.അറഫാ സംഗമം ജൂണ്‍ 27 ചൊവ്വാഴ്ച ആയിരിക്കുമെന്ന് സൌദി സുപ്രീം കോടതി പ്രഖ്യാപിച്ചു. സൌദിയില്‍ ഇന്ന് മാസപ്പിറവി കണ്ടതോടെയാണ് പ്രഖ്യാപനം. ജൂണ്‍ 26-നു ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും. ജൂണ്‍ 28-നായിരിക്കും സൌദിയില്‍ ബലിപെരുന്നാള്‍.
സൌദിയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മാസപ്പിറവി കണ്ടതിനാല്‍ നാളെ ഹിജ്റ കലണ്ടര്‍പ്രകാരം ദുല്‍ഹജ്ജ് ഒന്നായിരിക്കുമെന്ന് സൌദി സുപ്രീം കോടതി അറിയിച്ചു. ജൂണ്‍ 26 തിങ്കളാഴ്ച ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കും. ജൂണ്‍ 27 ചൊവ്വാഴ്ചയായിരിക്കും ഹജ്ജിന്റെ പ്രധാന കര്‍മമായ അറഫാ സംഗമം. ജൂണ്‍ 28 ബുധനാഴ്ച ബലിപെരുന്നാള്‍. ജൂലൈ 1 ശനിയാഴ്ച ഹജ്ജ് കര്‍മങ്ങള്‍ അവസാനിക്കും. ഹജ്ജ് കര്‍മങ്ങള്‍ക്കായി 12 ലക്ഷത്തോളം തീര്‍ഥാടകര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൌദിയിലെത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിലും തീര്‍ഥാടകരുടെ ഒഴുക്ക് തുടരും.
തീര്‍ഥാടകരില്‍ കൂടുതലും ഇപ്പോള്‍ മക്കയിലാണ് ഉള്ളത്. ഒന്നര ലക്ഷത്തോളം തീര്‍ഥാടകര്‍ ഇപ്പോള്‍ മദീനയില്‍ ഉണ്ട്. ഹജ്ജിന് മുമ്പായി ഇവര്‍ മക്കയിലെത്തും. ഇന്ത്യയില്‍ നിന്നും ഹജ്ജ് കമ്മിറ്റി വഴിയുള്ള തീര്‍ഥാടകര്‍ക്കായി ഇന്നലെ വരെ 451 വിമാനങ്ങള്‍ സര്‍വീസ് നടത്തി. 1,09,855 തീര്‍ഥാടകരാണ് സൌദിയില്‍ എത്തിയത്. ഇതില്‍ 1,07,675 തീര്‍ഥാടകര്‍ മക്കയിലും 2160 തീര്‍ഥാടകര്‍ മദീനയിലുമാണ് ഉള്ളത്. അതേസമയം മിനായില്‍ ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള ടെന്‍റുകള്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം സന്ദര്‍ശിച്ചു. മക്കയിലെ അസീസിയയില്‍ താമസിക്കുന്ന തീര്‍ഥാടകരുടെ കെട്ടിടങ്ങളിലും അദ്ദേഹം സന്ദര്‍ശനം നടത്തി.