പ്രഭാസ് നായകനായ ആദിപുരുഷില്‍ സീത ഇന്ത്യയുടെ മകള്‍ എന്ന പരാമര്‍ശത്തിന്റെ പേരില്‍ എല്ലാ ഇന്ത്യന്‍ സിനിമകളും നിരോധിച്ച് കാഠ്മണ്ഡു മേയര്‍. ഇന്ത്യയില്‍ നിര്‍മ്മിച്ച ഒരു സിനിമയും തിയേറ്റര്‍ പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നേപ്പാള്‍ തലസ്ഥാനത്ത് പോലീസിന് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ആദിപുരുഷിലെ ‘ജാനകി ഇന്ത്യയുടെ മകളാണ്’ എന്ന പരാമര്‍ശത്തില്‍ നിരാശ പ്രകടിപ്പിച്ച കാഠ്മണ്ഡു മേയര്‍, സീത ജനിച്ചത് നേപ്പാളില്‍ ആണെന്ന് അവകാശപ്പെട്ടതിന് പിന്നാലെയാണ് പുതിയ നീക്കം.
ആദിപുരുഷിലൂടെ നേപ്പാളില്‍ ‘സാംസ്‌കാരിക കടന്നുകയറ്റം’ നടത്തിയെന്നാണ് കാഠ്മണ്ഡു മേയര്‍ തന്റെ ട്വീറ്റില്‍ ആരോപിച്ചത്. സിനിമ അതേപടി കാണിച്ചാല്‍, നേപ്പാളിന്റെ ദേശീയതയ്ക്കും സാംസ്‌കാരിക ഐക്യത്തിനും ദേശീയ സ്വത്വത്തിനും സാരമായ തകരാര്‍ സംഭവിക്കുമെന്നും പരിഹരിക്കാനാകാത്ത നാശം സംഭവിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.