ദുബായ്: ദുബായിലെ റിയൽ എസ്റ്റേറ്റ് മേഖലയിൽ മുമ്പെങ്ങുമില്ലാത്ത തിരക്കാണിപ്പോൾ. പുതിയ റെസിഡൻഷ്യൽ പ്രൊജക്ടുകൾ പ്രഖ്യാപിക്കുന്നതെല്ലാം റെക്കോർഡ് വേഗത്തിലാണ് വിറ്റുതീരുന്നത്. ഇതിനിടെയാണ് ‘ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ കെട്ടിടം’ എന്ന വിശേഷണത്തോടെ അവതരിപ്പിച്ച അൽ ഹബ്‍തൂർ ടവറിന്റെ വിൽപന കഴിഞ്ഞ ദിവസം തുടങ്ങിയത്.
ലോകമെമ്പാടുമുള്ള നിക്ഷേപകരിൽ നിന്ന് വലിയ പ്രതികരണമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് അൽ ഹബ്‍തൂർ സിഇഒയും വൈസ് ചെയർമാനുമായ മുഹമ്മദ് ഖലാഫ് അൽ ഹബ്‍തൂർ പറഞ്ഞു. ശൈഖ് സായിദ് റോഡിലെ ഈ 82 നില കെട്ടിടത്തിലെ ഒരോ നിലകൾ വീതം മൊത്തത്തിൽ വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ചെത്തിയവർ വരെയുണ്ടെന്ന് കമ്പനി പറയുന്നു.
82 നിലകളുണ്ടാവുമെങ്കിലും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ കെട്ടിടം എന്ന് അവകാശപ്പെടുന്ന അൽ ഹബ്‍തൂർ ടവറിന്റെ ഉയരം എത്രയാണെന്ന് കൃത്യമായി കമ്പനി വെളിപ്പെടുത്തുന്നില്ല. ഇന്ത്യക്കാരും അൽ ഹബ്‍തൂർ ടവറിൽ വീട് സ്വന്തമാക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് രംഗത്തെത്തിയവരിലുണ്ടത്രെ. ചൈന, യുകെ, അമേരിക്ക, മറ്റ് ഗൾഫ് രാജ്യങ്ങിൾ എന്നിവിടങ്ങളിൽ നിന്നെല്ലാം നിക്ഷേപകർ സമീപിക്കുന്നതായി കമ്പനി അവകാശപ്പെടുന്നു.
ആകെ 1619 അപ്പാർട്ട്മെന്റുകളും 22 സ്കൈ വില്ലകളുമാണ് അൽ ഹബ്തൂർ ടവറിലുണ്ടാവുന്നത്. ഒരു ബെഡ്റൂം അപ്പാർട്ട്മെന്റിന് 21 ലക്ഷം ദിർഹം (4.9 കോടിയിലധികം ഇന്ത്യൻ രൂപ) മുതലാണ് വില. രണ്ട് ബെഡ് റൂം അപ്പാർട്ട്മെന്റിന് 35 ലക്ഷം ദിർഹവും (7.82 കോടിയിലധികം ഇന്ത്യൻ രൂപ) മൂന്ന് ബെഡ് റൂം അപ്പാർട്ട്മെന്റിന് 47 ലക്ഷം ദിർഹവും (10 കോടിയിലധികം ഇന്ത്യൻ രൂപ) ആണ് വില. വൻ ഡിമാന്റ് കണ്ട് 370 കോടി ദിർഹത്തിന്റെ പ്രൊജക്ട് മൊത്തത്തിൽ ഏറ്റെടുക്കാൻ തയ്യാറായും ചില ഗ്രൂപ്പുകൾ മുന്നോട്ടുവന്നതായി അൽ ഹബ്തൂർ ഗ്രൂപ്പ് പറഞ്ഞു. എന്നാൽ അത് നിരസിക്കുകയായിരുന്നു.
നിരവധി റീട്ടെയിൽ, ഡൈനിങ് സെന്ററുകളും പല നിലകളിലായി നിരവധി സ്വിമ്മിങ് പൂളുകളും സ്‍പാകൾ, കുട്ടികളുടെ കളിസ്ഥലങ്ങൾ, ലൈബ്രറികൾ, നെറ്റ്‍വർക്ക് റൂമുകൾ, ക്വയറ്റ് സ്‍പേസുകൾ എന്നിങ്ങനെ സൗകര്യങ്ങളുടെ നീണ്ടനിര തന്നെയുണ്ടാവും ഇവിടെയെന്നും കമ്പനി അവകാശപ്പെടുന്നു.