ന്യൂയോർക്ക്: ലോകത്ത് ഇന്ന് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ നിയന്ത്രണം നേരിടുന്ന ഒരു രാജ്യം ഏതെന്ന് ചോദിച്ചാല്‍ അതിന് ഒറ്റയുത്തരമേ ഉണ്ടാവുകയൊള്ളൂ, അഫ്ഗാനിസ്ഥാന്‍. സ്ത്രീകള്‍ വീടിന് പുറത്ത് ഇറങ്ങണമെങ്കില്‍ ബന്ധുവായ പുരുഷന്‍ ഒപ്പം വേണമെന്നാണ് അഫ്ഗാന്‍ ഭരിക്കുന്ന താലിബാന്‍റെ ഉത്തരവ്. ഉത്തരവ് ലംഘിച്ചാല്‍ ചാട്ടവാറടി അടക്കമുള്ള കനത്ത ശിക്ഷയാണ് ലഭിക്കുക.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം ആറാം ക്ലാസുവരെ മാത്രമാക്കി, തുടങ്ങി സ്ത്രീകളെ ഏങ്ങനെ വീട്ടിനുള്ളില്‍ തന്നെ തളച്ചിടാമെന്ന അന്വേഷണത്തിലാണെന്ന് തോന്നും അഫ്ഗാനിലെ സ്ത്രീകള്‍ക്ക് നേരയുള്ള താലിബാന്‍റെ നിയമങ്ങള്‍ കണ്ടാല്‍. ഇതിനാല്‍ തന്നെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും പുറത്ത് കടക്കാന്‍ നേരിയ സാധ്യതയുണ്ടെങ്കില്‍ അത് ഉപയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതിനും ലോകത്തിലെ ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സൃഷ്ടിക്കുന്ന രാജ്യമായി അഫ്ഗാന്‍ മാറാനും കാരണം.
അഫ്ഗാനില്‍ നിന്നും രക്ഷപ്പെട്ട് യുഎസില്‍ അഭയം നേടിയ ഒരു യുവതി കഴിഞ്ഞ ദിവസം തനിക്ക് ന്യൂയോര്‍ക്ക് നഗരത്തില്‍ വച്ച് അര്‍ദ്ധരാത്രിയിലുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തി. പിന്നാലെ യുവതിയുടെ ട്വിറ്റര്‍ കുറിപ്പ് വൈറലായി. കുറിപ്പ് ഇതിനകം രണ്ടര ലക്ഷത്തോളം പേര്‍ കണ്ട് കഴിഞ്ഞു. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയില്‍ ഗ്ലോബൽ അഫയേഴ്‌സിൽ മാസ്റ്റേഴ്‌സിന് പഠിക്കുകയാണ് അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഷ്കുല സദ്രാൻ. ന്യൂയോര്‍ക്ക് നഗരത്തില്‍ വച്ച് തെറ്റായ ബസില്‍ കയറിയപ്പോള്‍, ഒരു അപരിചിതന്‍ തന്നെ ലക്ഷ്യസ്ഥാനത്ത് എത്താന്‍ സഹായിച്ചത് ഏങ്ങനെയായിരുന്നു എന്നതായിരുന്നു കുറിപ്പ്.
ബസില്‍ കയറി കുറച്ച് കഴിഞ്ഞപ്പോഴാണ് താന്‍ തെറ്റായ ദിശയിലാണ് പോകുന്നതെന്ന് ഷ്കുലയ്ക്ക് മനസിലായത്. സമയം അര്‍ദ്ധരാത്രി. ഫോണിലെ ചാര്‍ജ്ജ് തീര്‍ന്നു. കൈയിലാണെങ്കില്‍ പണമോ, കാര്‍ഡുകളോ ഇല്ല. ഈ സമയം തനിക്ക് ശക്തമായ മാനസീക സമ്മര്‍ദ്ദം അനുഭവപ്പെട്ടെന്നും ഷ്കുല എഴുതുന്നു. എന്നാല്‍, ഷ്കുലയെ ഞെട്ടിച്ച് കൊണ്ട് ആ ബസിന്‍റെ ഡ്രൈവര്‍ നോയൽ അവളെ യഥാസ്ഥാനത്ത് എത്തിക്കുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ ശേഷം ഷ്കുല ഡ്രൈവറുമായി ബന്ധപ്പെട്ട് തന്‍റെ നന്ദി അറിയിച്ചു. കൂടാതെ അദ്ദേഹത്തിന് ചെലവായ പണം നല്‍കാനും അവള്‍ ശ്രമിച്ചു. എന്നാല്‍, ഷ്കുലയെ വീണ്ടും അത്ഭുതപ്പെടുത്തിയ ഡ്രൈവര്‍ നോയൽ പണം വാങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഷ്കുല തന്‍റെ ട്വീറ്റര്‍ അക്കൗണ്ടില്‍, നോയല്‍ ജോലി ചെയ്തിരുന്ന എന്‍ജെ ട്രാന്‍സിറ്റി എന്ന വാഹനക്കമ്പനിയെ ടാഗ് ചെയ്യുകയും നിങ്ങള്‍ക്ക് ഒരു മാന്യനെ ലഭിച്ചിട്ടുണ്ടെന്നും നോയല്‍ എന്നാണ് അദ്ദേഹത്തിന്‍റെ പേരെന്നും കുറിച്ചു. കൂടാതെ അദ്ദേഹം റിട്ടയറാകാന്‍ കുറിച്ച് നാളുകളെയുള്ളൂവെന്നും അദ്ദേഹത്തിന്‍റെ സേവനത്തെ നിങ്ങള്‍ വലിമതിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എഴുതി. കുറിപ്പിനോടൊപ്പം താന്‍ പണം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നോയലിനെഴുതിയ കുറിപ്പും അതിന് നോയിന്‍റെ മറുപടിയും ഷ്കുല പങ്കുവച്ചു. മനുഷ്യര്‍ ചിലപ്പോഴൊക്കെ പരസ്പരം സഹായിക്കാറുണ്ടെന്നും അതിന് തനിക്ക് പണം വേണ്ടെന്നുമായിരുന്നു അദ്ദേഹം മറുപടി പറഞ്ഞത്.
കുറിപ്പ് പങ്കുവച്ചതിന് ശേഷം ഷ്കുല സദ്രാൻ, ഇങ്ങനെ എഴുതി, ‘കുറച്ച് യാത്രക്കാര്‍ ഒരു കാരണവും ഇല്ലാതെ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തെ പുറത്താക്കിയതിന് ശേഷവും ദയ കാണിക്കാനും എന്നെ സഹായിക്കാനും അദ്ദേഹം തീരുമാനിച്ചു. പൊതുസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ബഹുമാനവും അഭിനന്ദനവും അര്‍ഹിക്കുന്നു. നമ്മുടെ യാത്രകള്‍ക്ക് ശേഷം നമ്മുക്ക് ലളിതമായി ‘നന്ദി’ പറയാം.’ ഷ്കുല സദ്രാന്‍റെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേരാണ് മറുപടിയുമായി എത്തിയത്.