ന്യൂയോര്‍ക്ക്: അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ടെസ്ല മേധാവി ഇലോൺ മസ്കുമായി കൂടിക്കാഴ്ച നടത്തി. മോദിയുടെ ആരാധകനാണ് താനെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം മസ്‌ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടന്നത് വിശിഷ്ടമായ കൂടിക്കാഴ്ചയാമെന്നും മസ്‌ക് പറഞ്ഞു. നരേന്ദ്ര മോദിയെ തനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം മുന്‍പ് തന്റെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നു. നേരത്തെ അറിയുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മസ്ക് കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
അടുത്തവര്‍ഷം വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുന്ന കാര്യം തന്റെ പരിഗണനയിലുണ്ടെന്നും ഇലോണ്‍ മസ്ക് പറഞ്ഞു. ടെസ്‌ല ഇന്ത്യയില്‍ എത്തും, ഈ കാര്യത്തില്‍ തനിക്ക് ആത്മവിശ്വാസമുണ്ടെന്നും മസ്ക് പറയുന്നു. വേറെ ഏത് വലിയ രാജ്യങ്ങളെക്കാളും സാധ്യതകള്‍ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവിയക്കുറിച്ച് ആലോചിക്കുമ്പോള്‍ താന്‍ ആവേശഭരിതനാകുകയാണ്. ഇന്ത്യയിലേക്ക് നിക്ഷേപങ്ങളെത്തിക്കാന്‍ പ്രധാനമന്ത്രി മോദി വലിയ പരിശ്രമമാണ് നടത്തുന്നത്. കമ്പനികളെ പിന്തുണയ്ക്കണം എന്ന മനോഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇന്ത്യയ്ക്ക് ഏറെ പ്രയോജനം ചെയ്യുന്നതാണ് അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട്. ഇന്ത്യയിൽ കാര്യമായ നിക്ഷേപം ഉണ്ടാകാൻ സാധ്യതയുണ്ട്. ഭാവിയിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്നും മസ്ക് മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞു.
ടെസ്ല മേധാവി ഇലോൺ മസ്കുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ കൂടിക്കാഴ്ച ഇന്ത്യൻ വ്യവസായ രംഗം ഏറെ ആകാക്ഷയോടെയാണ് നോക്കിക്കാണുന്നത്. അമേരിക്കയ്ക്ക് പുറത്തുള്ള ഇലക്ട്രിക് കാർ നിർമാണ കേന്ദ്രമായി ടെസ്‌ല ഇന്ത്യയെ തെരഞ്ഞെടുക്കുമോ എന്നതാണ് ആകാംക്ഷക്ക് കാരണം. എട്ട് വർഷം മുമ്പ് കാലിഫോർണിയയിൽ പ്രധാനമന്ത്രി ടെസ്‌ല ഫാക്ടറി സന്ദർശിക്കുകയും മസ്കിനെ നേരിട്ട് കാണുകയും ചെയ്തിരുന്നു. ട്വിറ്റർ ഏറ്റെടുത്ത ശേഷം ആദ്യമായാണ് നരേന്ദ്ര മോദി മസ്കിനെ കാണുന്നത്. ഇന്ത്യയിൽ ടെസ്‌ല പ്രാദേശികമായി ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കണമെന്നാണ് ഇന്ത്യൻ സർക്കാറിന്റെ ആവശ്യം.