മോദിയുടെ അമേരിക്കൻ സന്ദർശനത്തിലെ വമ്പൻ സർപ്രൈസ്, ജിഇ-414 ജെറ്റ് എൻജിൻ കരാർ നടപ്പായേക്കും

Advertisement

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിൽ കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിൽ ഇന്ത്യ- യുഎസ് ഫൈറ്റർ ജെറ്റ് എഞ്ചിൻ കരാറിന്‍റെ ഭാഗമായി രാജ്യത്തിന് തന്ത്രപ്രധാനമായ 11 നിർമ്മാണ സാങ്കേതിക വിദ്യകള്‍ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ജൂൺ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാർ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യൻ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് എയ്‌റോസ്‌പേസ്, ഡിഫൻസ് സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് രൂപകൽപ്പന ചെയ്ത ലൈറ്റ് കോംപാക്റ്റ് എയർക്രാഫ്റ്റിന്‍റെ നൂതന പതിപ്പ് അമേരിക്കയുമായി സഹകരിച്ച് നിർമിക്കുന്നതടക്കമുള്ളവയാണ് കരാർ. അമേരിക്ക 80 ശതമാനം സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറി വിമാന എഞ്ചിനുകൾ ഇന്ത്യയിൽ തന്നെ നിർമിക്കും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഡൽഹിയിലെയും പ്രതിരോധ വ്യവസായങ്ങൾ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തൽ.

യുഎസ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി കാത്‌ലീൻ ഹിക്‌സും ഇന്ത്യൻ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനയും പെന്റഗണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം ആഴത്തിലാക്കുന്നതിലും പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനും ഈ കൂടിക്കാഴ്ചയിൽ ധാരണയായി. 1986-ൽ, തദ്ദേശീയമായി നിർമ്മിച്ച എഞ്ചിൻ ഉപയോഗിച്ച് സ്വന്തം വിമാനം നിർമിക്കാൻ ഇന്ത്യ പരിശ്രമം തുടങ്ങിയിരുന്നു. ഒൻപത് മോഡലുകൾ നിർമ്മിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ൽ ഇന്ത്യൻ വ്യോമസേന ആദ്യത്തെ തദ്ദേശീയ യുദ്ധവിമാനമായ തേജസിൽ ഇറക്കുമതി ചെയ്ത GE F404 എഞ്ചിൻ ഘടിപ്പിച്ച് വിജയം വരിച്ചിരുന്നു. ഇതിന് ചുവട് പിടിച്ചാണ് അമേരിക്കയുമായി പുതിയ ധാരണയിലെത്തുന്നത്. വിമാന എഞ്ചിൻ നിർമ്മാണത്തിലെ സാങ്കേതിക വിദ്യ യുഎസ് മറ്റൊരു രാജ്യത്തിന് കൈമാറുന്നത് ഇത് ആദ്യമായാണെന്നാണ് റിപ്പോർട്ടുകള്‍.